മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് കെ. സുധാകരന്
ഗവര്‍ണറെ പോലും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഭരിക്കുന്നത്. ക്രിമിനല്‍ സംഘങ്ങളാണ് ഇപ്പോള്‍ ഭരണം നിയന്ത്രിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു.
മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വകലാശാല നിയമനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നു ഗവര്‍ണര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ചട്ടവിരുദ്ധ നിയമനങ്ങളില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചരിത്രകോണ്‍ഗ്രസ് പരിപാടിക്കിടെ തനിക്കെതിരെയുണ്ടായ അക്രമം ഗവര്‍ണര്‍ തുറന്ന് പറഞ്ഞിട്ടും പോലീസ് കേസെടുത്ത് അന്വേഷണം നടത്താന്‍ തയാറാകാതിരുന്നത് ഗൗരവതരമായ കുറ്റമാണ്. ഭരണത്തലവനായ ഗവര്‍ണറുടെ ജീവന് പോലും ഭീഷണിയുള്ള സംസ്ഥാനത്ത് എന്തു ക്രമസമാധാന പരിപാലനമാണുള്ളത്.
വിയോജിക്കുന്നവരെ നിശബ്ദമാക്കുകയാണ് സിപിഎം ചെയ്യുന്നത്. കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഗവര്‍ണറുടെ തുറന്ന് പറച്ചില്. മുഖ്യമന്ത്രി പലപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലാണ് പെരുമാറുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു