എംഎൽസി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം; കോൺഗ്രസിന് ആശ്വാസമായി നാഗ്പൂർ വിജയം
നാല് സംസ്ഥാനങ്ങളിലെ എംഎൽസി തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം നടത്തിയപ്പോൾ കോൺഗ്രസിന് തിരിച്ചടിയേറ്റെങ്കിലും നാഗ്പൂരിലെ വിജയം പാർട്ടിക്ക് ആശ്വാസമായി.
കഴിഞ്ഞദിവസം പുറത്തുവന്ന നാല് സംസ്ഥാനങ്ങളിലെ എംഎൽസി തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനെ സംബന്ധിച്ച് ആശങ്കയുണർത്തുന്നതാണ്. പാർട്ടി ഭരണത്തിലിരിക്കുന്ന കർണാടകയിൽ പോലും സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടിരിക്കുന്നു. എംഎൽസി തെരഞ്ഞെടുപ്പിൽ ബിജെപിയുടെയും എൻഡിഎയുടെയും മുന്നേറ്റമാണ് കാണാൻ കഴിഞ്ഞത്. ഉത്തർപ്രദേശ്, കർണാടക, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 28 എംഎൽസി സീറ്റുകളിലേക്ക് കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്നലെ പുറത്തുവന്നത്. ഇതിൽ 13 എണ്ണം ബിജെപി സ്വന്തമാക്കി. കോൺഗ്രസിന് ഒറ്റസീറ്റാണ് ലഭിച്ചത്. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി ഉണ്ടാക്കിയ മുന്നേറ്റം ഇന്ത്യാ സഖ്യത്തിന് ആശ്വാസം നൽകുന്നുണ്ട്.കോൺഗ്രസിനുണ്ടായിരിക്കുന്ന പരാജയത്തെ കാര്യമായി തന്നെ ആഘോഷിക്കുകയാണ് ബിജെപി. പ്രധാനമന്ത്രി മോദി ഉൾപ്പെടെ വിഷയത്തിൽ പ്രതികരിച്ചു എന്നതിൽ നിന്ന് തന്നെ ബിജെപി ഇതിന് എത്രത്തോളം പ്രാധാന്യം കൊടുക്കുന്നു എന്ന് കാണാം. ഫലപ്രഖ്യാപനത്തിന്റെ അവസാന നിമിഷത്തിലാണ് കോൺഗ്രസിന് ആശ്വാസം പകർന്ന് ഒരു സീറ്റിലെ വിജയവാർത്ത വന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് കോൺഗ്രസിന്റെ ഏക സീറ്റെന്നത് വിജയത്തിന് ഇരട്ടി മധുരം നൽകുന്നു. നാഗ്പൂർ ഡിവിഷൻ ഗ്രാജ്വേറ്റ്‌സ് മണ്ഡലം നിലനിർത്തി അഭിജിത് വഞ്ചാരിയാണ് കോൺഗ്രസിന്റെ അഭിമാനം കാത്തത്.
തീപാറിയ പോരാട്ടത്തിനൊടുവിലായിരുന്നു ബിജെപി സ്ഥാനാർത്ഥി സുധാകർ കോലെയ്‌ക്കെതിരായ വഞ്ചാരിയുടെ വിജയമെന്ന് വോട്ടെണ്ണൽ കാണിച്ചുതരുന്നുണ്ട്. ഒന്നാം മുൻഗണനാ വോട്ടുകൾ എണ്ണിയപ്പോൾ രണ്ട് പേർക്കും വിജയത്തിലേക്കെത്താനായില്ല. തുടർന്ന് രണ്ടാം മുൻഗണനാ വോട്ടുകളുടെ പിൻബലത്തിലാണ് വഞ്ചാരി 3271 വോട്ടുകൾക്ക് വിജയിച്ചത്.ആർഎസ്എസ് ആസ്ഥാനമാണ് നാഗ്പൂർ. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും കോട്ടയാണ് നാഗ്പൂർ. അവിടെയാണ് കോൺഗ്രസ് ബിജെപിക്ക് മേൽ വിജയം സ്വന്തമാക്കിയിരിക്കുന്നത് എന്നത് സംഘപരിവാറിന് ഒന്നാകെ വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ഒരു വിജയം കൊണ്ട് കോൺഗ്രസ് ദേശീയതലത്തിൽ തന്നെ വലിയ പ്രകമ്പനം തീർത്തപ്പോൾ ബിജെപിക്ക് അതേ വ്യാപ്തിയിൽ കനത്ത നാണക്കേടുമായി. അവസാന നിമിഷം വരെ ഒരു സീറ്റും വിജയിക്കാനാകാതെ നിന്ന കോൺഗ്രസിനെ ബിജെപിയുടെ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ സോഷ്യൽ മീഡിയകളിലൂടെ പരിഹസിക്കുന്നതാണ് കണ്ടത്. കോൺഗ്രസ് സംപൂജ്യരായി എന്ന് പറഞ്ഞായിരുന്നു പരിഹാസം. എന്നാൽ നാഗ്പൂരിലെ ഫലം പുറത്തുവന്നതോടെ ബിജെപി നേതാക്കളെല്ലാം പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാളത്തിലൊളിച്ചു.
മഹാരാഷ്ട്രയിൽ അഞ്ച് എംഎൽസി സീറ്റുകളിൽ മൂന്നും വിജയിച്ച് പ്രതിപക്ഷമായ മഹാവികാസ് അഘാഡി തങ്ങളുടെ ശക്തി പ്രകടമാക്കുകയും ചെയ്തു. ഇത് ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. മുന്നണിയിലെ ചേരിപ്പോരാണ് തോൽവിക്ക് കാരണമെന്നാണ് വിലയിരുത്തൽ.ഉത്തർപ്രദേശിലെ 11 സീറ്റിൽ ബിജെപി ആറ് സീറ്റ് നിലനിർത്തിയപ്പോൾ എസ്പി തങ്ങളുടെ അംഗബലം മൂന്നിൽ നിന്ന് അഞ്ചാക്കി ഉയർത്തി. അഞ്ച് മാസത്തിനപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയിൽ എസ്പി ഉണ്ടാക്കിയിരിക്കുന്ന മുന്നേറ്റം രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. യുപിയിലെ ഫലം ഒരുതരത്തിൽ ഇന്ത്യാ സഖ്യത്തിന് ആശ്വാസം നൽകുമ്പോൾ പക്ഷേ കോൺഗ്രസിന് അത്ര സുഖകരമല്ല കാര്യങ്ങൾ.കാരണം കർണാടകയിലെയും ബിഹാറിലെയും സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടു. ബിഹാറിൽ കോൺഗ്രസിനെ തോൽപ്പിച്ച് ജൻസുരാജ് പാർട്ടിയാണ് സീറ്റ് പിടിച്ചെടുത്തിരിക്കുന്നത്. ബാലറ്റ് പേപ്പറിലാണ് എംഎൽസി തെരഞ്ഞെടുപ്പ് നടന്നത്. അവിടെയും തോറ്റതോടെ കോൺഗ്രസ് ഇനി എന്ത് ന്യായം പറയുമെന്ന് ബിജെപി പരിഹസിക്കുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)