സീമാ ഖന്നയെ രാജിവെപ്പിക്കാൻ ബിജെപി നീക്കം? ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ മുഖം രക്ഷിക്കൽ തന്ത്രം!
പ്രതിപക്ഷ പ്രതിഷേധവും തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകളും ശക്തമായതോടെ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനും രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനും സീമാ ഖന്നയെ മാറ്റിനിർത്താനുള്ള നീക്കത്തിലാണ് ബിജെപിയെന്ന സൂചനകൾ പുറത്തുവരുന്നു.
അവസാനം സീമാ ഖന്നയെ രാജിവെപ്പിച്ച് മുഖം രക്ഷിക്കാൻ ബിജെപി പാടുപെടുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ ഭരണം തന്നെയുണ്ടാവില്ലെന്ന് ബിജെപി ദേശീയ നേതൃത്വം ചർച്ച ചെയ്തു കഴിഞ്ഞു. പ്രതിപക്ഷ സമരം അത്രയ്ക്കും ശക്തിയാർജിച്ചു കഴിഞ്ഞു. രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങളുടെ മുഴുവൻ പിന്തുണയും നേടിക്കൊണ്ടിരിക്കുന്നു. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നു എന്ന തിരിച്ചറിവിൽ ചെറിയ തോതിലെങ്കിലും പ്രത്യാക്രമണത്തിന് വട്ടംകൂട്ടുകയാണ് ബിജെപിയും കേന്ദ്രസർക്കാരും. ഇതിനു തുടക്കമിട്ടുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ വെല്ലുവിളിച്ചുകൊണ്ട് രംഗത്ത് വന്നത്. നമുക്കറിയാം, അമിത് ഷാ പരാജയപ്പെട്ടു നിൽക്കുന്നത് മാസങ്ങളായാണ്. കേന്ദ്രമന്ത്രിമാർ, പ്രത്യേകിച്ച് ആഭ്യന്തരമന്ത്രിയെപ്പോലെയുള്ളവർ, ആദ്യം എത്തേണ്ടത് പാർലമെന്റിലേക്കാണ്. എന്നാൽ പ്രതിപക്ഷ പ്രതിഷേധം ഭയന്ന്, ചോദ്യങ്ങളെ ഭയന്ന്, പാർലമെന്റിന്റെ വർഷകാല സമ്മേളനം മുതൽ ഓടിയൊളിക്കുകയാണ് അമിത് ഷാ. എന്നാൽ കഴിഞ്ഞദിവസം വന്ന് 2029-ൽ നടക്കേണ്ട അടുത്ത പൊതുതിരഞ്ഞെടുപ്പിലും വൻ തോൽവിക്ക് തയ്യാറായിക്കൊള്ളാൻ കോൺഗ്രസിനെ വെല്ലുവിളിച്ചുകൊണ്ടാണ് രംഗപ്രവേശം ചെയ്തത്. എന്നാൽ വെറും 3 ചോദ്യങ്ങൾ കൊണ്ട് കോൺഗ്രസ് അമിത് ഷായെ വന്ന വഴിക്കുതന്നെ തിരിച്ചയച്ചു. പക്ഷേ, ഇനിയും മാളത്തിൽ ഒളിച്ചാൽ തകർന്നു തരിപ്പണമാകും എന്ന തിരിച്ചറിവ് ബിജെപിയെ ചില നീക്കങ്ങൾക്ക് പ്രേരിപ്പിക്കുകയാണ്. പ്രത്യാക്രമണമല്ല ബിജെപിയുടേത്. അതിനുള്ള ശക്തിയും ഇല്ല. പ്രതിരോധമാണ് ഉദ്ദേശിക്കുന്നത്. അതിൽത്തന്നെ രണ്ടുതരത്തിലുള്ള പ്രതിരോധത്തിനാണ് ബിജെപി ഇപ്പോൾ ആലോചിക്കുന്നത്. ഒന്ന്, പ്രതിപക്ഷ നിരയിലെ അഭിപ്രായഭിന്നത മുതലെടുക്കാൻ നോക്കുന്നത്. നമുക്കറിയാം, മണ്ഡല പുനഃസംഘടനയ്ക്കുള്ള വിവാദ ഭരണഘടനാ ഭേദഗതി മുൻനിർത്തി ഇന്ത്യാ സഖ്യത്തിലെ ഉൾപ്പെടെ ചില പാർട്ടികളെ മയപ്പെടുത്തിയും ഒപ്പം കൂട്ടിയും ഇന്ത്യാ മുന്നണിയെ നിർജീവമാക്കാൻ തുടങ്ങിയതായിരുന്നു ബിജെപി. എന്നാൽ, ചോദ്യച്ചോർച്ചാ പ്രക്ഷോഭവും ധർമ്മേന്ദ്ര പ്രധാന്റെ രാജിയും ഗ്യാനേഷ് കുമാർ വിരുദ്ധ പ്രക്ഷോഭവും വന്നതോടെ ബിജെപി വട്ടപ്പൂജ്യമായി മാറി. ഇപ്പോൾ അതുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ ഡിഎംകെ, ആം ആദ്മി പാർട്ടി, അതുപോലെ ശരദ് പവാറിന്റെ പാർട്ടി എന്നിവയെ പിന്തിരിപ്പിക്കാൻ നീക്കം. അതിൽ ഡിഎംകെയും പവാറിന്റെ പാർട്ടിയും ബിജെപിക്കൊപ്പം കൂടാൻ തയ്യാറായില്ല. എന്നാൽ നട്ടെല്ലില്ലാത്ത എഎപി എന്ത് ചെയ്യും എന്നറിയില്ല. അതൊന്നും ഇന്ത്യാ മുന്നണിക്ക് ഒരു ക്ഷീണമാകില്ല. അതിനായിട്ടാണ് ഇപ്പോൾ അമിത് ഷാ ഇറങ്ങിയിരിക്കുന്നത്.
രണ്ടാമത്തെ പ്രതിരോധ നീക്കമാണ് പ്രധാനം. അതായത്, തിരഞ്ഞെടുപ്പ് കമ്മീഷനിൽ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റമാണ്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ കാര്യങ്ങൾ ഭദ്രമാണെന്ന് താൽക്കാലികമായെങ്കിലും വരുത്തിത്തീർക്കാനും ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ നിരയിൽ ഭിന്നിപ്പുണ്ടാക്കാനുമാണ് ശ്രമം. കമ്മീഷനിലെ അനൈക്യം മാധ്യമസൃഷ്ടിയാണെന്ന് വരുത്തിത്തീർക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് രണ്ടു കമ്മീഷണർമാരെയും ഒന്നിച്ച് അണിനിരത്താനുമാണ് തീവ്രമായ ശ്രമം നടക്കുന്നത്. അതിന് രണ്ടു കമ്മീഷണർമാർ തയ്യാറാകാൻ സാധ്യതയില്ല. പക്ഷേ, കേന്ദ്രത്തിന്റെ എല്ലാ ശക്തിയും ഉപയോഗിക്കുകയും ഒരുപക്ഷേ, കാലുപിടിച്ചാൽത്തന്നെ രണ്ടു കമ്മീഷണർമാർ സമ്മതിക്കണമെങ്കിൽ കമ്മീഷനിലെ ഐ.ടി. വിഭാഗം മേധാവി സീമാ ഖന്നയെ മാറ്റിനിർത്തേണ്ടി വരും. ഇവർ പുറത്തുപോകുന്നതോടെ മറ്റു രണ്ട് കമ്മീഷണർമാരുടെ പരാതികൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്ന് ഭരണവൃത്തങ്ങൾ കരുതുന്നു. അതുകൊണ്ടുതന്നെ ഭരണനേതൃത്വം ഏറെക്കുറെ കൈവിട്ടുകഴിഞ്ഞതായാണ് സൂചന ലഭിക്കുന്നത്. അതായത്, വോട്ടർപട്ടിക സോഫ്റ്റ്വെയറായ 'ഇ.ആർ.ഒ.നെറ്റ്' നിയന്ത്രണവുമായി ബന്ധപ്പെട്ട് കമ്മീഷനുള്ളിൽ വലിയ അഭിപ്രായഭിന്നതകളുണ്ടായെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചത് സീമാ ഖന്നയാണെന്നും വളരെ വ്യക്തമായി തെളിഞ്ഞുവന്നതാണ്. ഡെറാഡൂണിൽ ക്യാമ്പ് ചെയ്യുന്ന അവരെക്കുറിച്ചാണ് രാഹുൽ ഗാന്ധി പരാമർശിച്ചത്.
അവരെ മാറ്റിയാൽ മറ്റു തിരഞ്ഞെടുപ്പ് കമ്മീഷണർമാർ മയപ്പെടുമോ എന്നുള്ളതാണ് ബിജെപി എടുക്കാൻ പോകുന്ന തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നത് ഭരണഘടന പ്രകാരം സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഒരു സംവിധാനമാണ്. അതുകൊണ്ട് ഔദ്യോഗിക പദവിയിലുള്ള ഉദ്യോഗസ്ഥരെ പുറത്താക്കാൻ ബിജെപിക്ക് നേരിട്ട് സാധിക്കില്ല. എങ്കിലും മുഖം രക്ഷിക്കാൻ ഏക വഴി എന്ന നിലയിൽ സീമാ ഖന്നയോട് പാർട്ടി നേതാക്കൾ ഇടപെട്ട് സ്വയം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടും എന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. അപ്പോഴും തെറ്റ് സമ്മതിക്കുകയാണ്. വോട്ടർപട്ടികയിലെ ക്രമക്കേട് സീമാ ഖന്നയും ചേർന്ന് ഉണ്ടാക്കിയതാണെന്നും അത് അംഗീകരിക്കാൻ ആകില്ലെന്നും ഉറച്ച നിലപാടെടുത്ത രണ്ടു കമ്മീഷണർമാർ മയപ്പെടണമെങ്കിൽ സീമാ ഖന്ന രാജിവെക്കണം എന്നുള്ളത് വന്നാൽ അവിടെ തെറ്റ് സമ്മതിക്കുന്നതിനു തുല്യമാണ്. എങ്കിലും ഗ്യാനേഷ് കുമാർ എന്ന വൻമരത്തെ രക്ഷിച്ച് താൽക്കാലികമായി ചെറിയ മരത്തെ വെട്ടിമാറ്റുന്നതിനായിരിക്കും ബിജെപിയുടെ മുന്നിലുള്ള ഏക പോംവഴി. വരും ദിവസങ്ങളിൽ ആ പരാജയവും കാണേണ്ടി വരും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)