സെയ്‌വ് ചെയ്ത പെനാല്‍ട്ടി, കെയ്‌നിന് ഭാഗ്യമായതെന്ത്?

സെയ്‌വ് ചെയ്ത പെനാല്‍ട്ടി, കെയ്‌നിന് ഭാഗ്യമായതെന്ത്?

ക്രൊയേഷ്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഹാരി കെയ്്‌നിന്റെ ഇരട്ട ഗോളാണ് ഇംഗ്ലണ്ടിനെ 4-2 ജയത്തിലേക്ക് നയിച്ചത്. അതിലൊന്ന് പെനാല്‍ട്ടി ഗോളായിരുന്നു. കെയ്ന്‍ എടുത്ത പെനാല്‍ട്ടി ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക് ലിവാകോവിച് തട്ടിത്തെറിപ്പിച്ചതായിരുന്നു. ക്രൊയേഷ്യന്‍ കളിക്കാര്‍ അതില്‍ ആഹ്ലാദം പ്രകടിപ്പിച്ചതുമാണ്. എന്നാല്‍ വീഡിയൊ റഫറി ഇടപെടുകയും പെനാല്‍ട്ടി വീണ്ടുമെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇത്തവണ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ക്ക് പിഴച്ചില്ല. 
നിര്‍ത്തി നിര്‍ത്തി ഓടിയാണ് കെയ്ന്‍ പെനാല്‍ട്ടി എടുത്തത്. ഇത് ക്രൊയേഷ്യന്‍ ഗോളിയെ പരിഭ്രാന്തനാക്കി. കെയ്ന്‍ പന്ത് തൊടുംമുമ്പ് ഗോളി ഗോള്‍ലൈന്‍ വിട്ടു. ഇതാണ് പെനാല്‍ട്ടി വീണ്ടും എടുക്കാന്‍ കാരണം.
ലിവാകോവിച് പെനാല്‍ട്ടി നേരിടുന്ന രീതി താന്‍ നിരീക്ഷിച്ചിരുന്നുവെന്നും ഷോട്ടെടുക്കും മുമ്പെ ഗോള്‍ലൈന്‍ വിടുന്ന പതിവുണ്ടെന്ന് മനസ്സിലാക്കിയെന്നും കെയ്ന്‍ വെളിപ്പെടുത്തി. അതിനാലാണ് നിര്‍ത്തി നിര്‍ത്തി ചുവടു വെച്ചത്. രണ്ടാമത് പെനാല്‍ട്ടി എടുത്തപ്പോള്‍ തന്ത്രം മാറ്റുകയും ചെയ്തു. ഇതാണ് ഗോള്‍കീപ്പര്‍മാരെ നിരീക്ഷിക്കുന്നതിന്റെ ഗുണം -ഇംഗ്ലണ്ടതാരം പറഞ്ഞു. 
പെനാല്‍ട്ടി എടുക്കുന്ന കളിക്കാരന്‍ പന്തില്‍ സ്പര്‍ശിക്കുമ്പോള്‍ ഗോളിയുടെ ഒരു കാലെങ്കിലും ഗോള്‍വരയില്‍ ഉണ്ടാവണം. പക്ഷെ ഒരു മിന്നല്‍ സെക്കന്റ് മുമ്പ് ലിവാകോവിച്ച് ഗോള്‍ലൈന്‍ വിട്ടതായി റീപ്ലേകള്‍ തെളിയിച്ചു. 
ഗോളിക്ക് തെറ്റ് പറ്റിയില്ലെങ്കില്‍ പോലും ആ പെനാല്‍ട്ടി വീണ്ടും എടുക്കാന്‍ നിര്‍ദേശം ലഭിച്ചേനേ എന്നതാണ് കൗതുകം. കാരണം ഗോളി തട്ടിത്തെറിപ്പിച്ച പന്ത് ക്രൊയേഷ്യന്‍ ഡിഫന്റര്‍ ജോസ്‌കൊ ഗാര്‍ദിയോള്‍ ചാടി വീണ് അടിച്ചകറ്റിയിരുന്നു. ഗാര്‍ദിയോളും നിയമവിരുദ്ധമായാണ് ഓടിക്കയറിയത്. കെയ്ന്‍ പന്ത് തൊടും മുമ്പ് ഗാര്‍ദിയോള്‍ പെനാല്‍ട്ടി ഏരിയയിലെത്തിയിരുന്നു. ഇത് സ്വമേധയാ പെനാല്‍ട്ടി വീണ്ടും എടുക്കുന്നതിന് കാരണമാവില്ല. എന്നാല്‍ റീബൗണ്ട് ഒരു ഇംഗ്ലണ്ട് താരത്തിന് കിട്ടുന്നത് തടയുന്ന രീതിയില്‍ അതിവേഗത്തില്‍ പെനാല്‍ട്ടി ഏരിയയിലേക്ക് ക്രൊയേഷ്യന്‍ താരം ഓടിക്കയറുന്നത് നിയമവിരുദ്ധമാണ്.