T 20യിൽ രോഹിത് ശർമയ്ക്ക് അപൂർവ നേട്ടം; തുടർച്ചയായ 13 വിജയം നയിച്ച ക്യാപ്റ്റൻ
ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ ചരിത്രത്തിൽ തുടർച്ചയായ 13ാമത്തെ വിജയം നേടുന്ന ക്യാപ്റ്റനെന്ന പദവി രോഹിത് ശർമയ്ക്ക്. ഇന്നലെ സതാംപ്ടണിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരത്തിൽ വിജയം നേടിയതാണ് ഇന്ത്യൻ ക്യാപ്റ്റനെ പുതിയ ഉയരത്തിലെത്തിച്ചത്. ഇന്ത്യ ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 148 റൺസിനു എല്ലാവരും പുറത്തായി. 50 റൺസിൻറെ വിജയത്തോടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. അർദ്ധസെഞ്ചുറിയും 4 വിക്കറ്റ് പ്രകടനവുമായി ഹാർദ്ദിക്ക് പാണ്ട്യാണ് തിളങ്ങിയത്. രണ്ടാം മത്സരം ജൂലൈ 9 ന് നടക്കും.
വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനു വളരെ മോശം തുടക്കമാണ് ലഭിച്ചത്. പവർപ്ലേയിൽ ഇന്ത്യൻ ബോളർമാർ ബാറ്റർമാരെ വെള്ളം കുടിപ്പിച്ചപ്പോൾ സ്കോർ 6.1 ഓവറിൽ 33 ന് 4 എന്ന നിലയിലായി. ജോസ് ബട്ട്ലർ (0) മലാൻ (21) ലിവിങ്ങ്സ്റ്റൺ (0) ജേസൺ റോയി (4) എന്നിവരാണ് ആദ്യം പുറത്തായത്. ഭുവനേശ്വർ കുമാർ ജോസ് ബട്ട്ലറെ പുറത്താക്കിയപ്പോൾ ബാക്കി 3 വിക്കറ്റും ഹാർദ്ദിക്ക് പാണ്ട്യാണ് നേടിയത്.