അടുത്ത ലക്ഷ്യം എസ്.പി, പ്രതിപക്ഷമുക്ത ഭാരതമോ?

അടുത്ത ലക്ഷ്യം എസ്.പി,  പ്രതിപക്ഷമുക്ത ഭാരതമോ?

തൃണമൂല്‍ കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും പിന്നാലെ ശിവസേനയിലും വന്‍ പിളര്‍പ്പ് സൃഷ്ടിക്കുന്നതില്‍ ബി.ജെ.പി വിജയിച്ചതോടെ പ്രതിപക്ഷ നിരയില്‍ ആശങ്ക പടരുന്നു. അധികാരവും പ്രലോഭനങ്ങളും ഭീഷണിയുമുപയോഗിച്ച് ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടാക്കാനും ഭരണഘടനയില്‍ ആഗ്രഹിക്കുന്ന ഭേദഗതികള്‍ വരുത്താനുമാണ് ബി.ജെ.പി പദ്ധതി. അടുത്ത ലക്ഷ്യം സമാജ് വാദി പാര്‍ട്ടിയാണ്. 26 എം.പിമാര്‍ കൂറുമാറാന്‍ തയാറായിട്ടുണ്ടെന്നാണ് ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ പ്രഖ്യാപിച്ചത്. 
രണ്ടു മാസം മണ്ഡല പുനര്‍നിര്‍ണയ ബില്‍ ലോക്‌സഭയില്‍ പാസാക്കിയെടുക്കാന്‍ എന്‍.ഡി.എ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ആ നീക്കം പരാജയപ്പെടുത്തി. ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് എം.പിമാരെ റാഞ്ചി ആവശ്യമായ ഭൂരിപക്ഷം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഡി.എം.കെ ഇന്‍ഡ്യാ മുന്നണി വിട്ടതും എന്‍.ഡി.എയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. 
പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തൃണമൂലിലെ 28 എംപിമാരില്‍ 20 പേരും കൂറുമാറി. അതുവരെ ലോക്‌സഭയിലെ നാലാമത്തെ വലിയ പാര്‍ട്ടിയായിരുന്നു തൃണമൂല്‍. 
മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ പിന്തുണ കിട്ടാതിരുന്നത് 54 വോട്ടുകളുടെ വ്യത്യാസത്തിലാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 362 എംപിമാരുടെ പിന്തുണ വേണം. എന്‍.ഡി.എയുടെ ശക്തി 293 അംഗങ്ങളാണ്. തൃണമൂല്‍, ശിവസേനാ വിമത എം.പിമാര്‍ പിന്തുണച്ചാല്‍ അത് 320 ആയി ഉയര്‍ന്നേക്കും. അപ്പോഴും 42 എം.പിമാരുടെ കുറവുണ്ട്. ഡി.എം.കെ കോണ്‍ഗ്രസുമായി ഇടഞ്ഞത് ബി.ജെ.പിക്ക് അപ്രതീക്ഷിതമായ സമ്മാനമായി. ഡി.എം.കെക്ക് 22 സീറ്റുണ്ട്. 20 എം.പിമാരെ കൂടി കിട്ടിയാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം റെഡി. ഈ സാഹചര്യത്തിലാണ് സമാജ് വാദി പാര്‍ട്ടിയില്‍ പിളര്‍പ്പിന് ബി.ജെ.പി കേന്ദ്ര നേതൃത്വം പദ്ധതി തയാറാക്കുന്നത്. അത് സാധ്യമായാല്‍ മൂന്നില്‍ രണ്ടിലും കൂടുതലാവും അംഗസംഖ്യ. 
രാജ്യസഭയില്‍ അവര്‍ ഏതാണ്ട് ഭൂരിപക്ഷം ഉറപ്പാക്കിയിട്ടുണ്ട്. തൃണമൂലിലെയും എ.എ.പിയിലെയും അംഗങ്ങള്‍ കൂറുമാറിയിട്ടുണ്ട്. ബി.ജെ.പിക്കു മാത്രം രാജ്യസഭയില്‍ 114 അംഗങ്ങളുണ്ട്. എന്‍.ഡി.എയുടെ ശക്തി 152 ആയി ഉയരും. അതോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് എട്ട് പേരുടെ പിന്തുണ കൂടി മാത്രം മതിയാവും. പശ്ചിമ ബംഗാളില്‍ മൂന്ന് സീറ്റ് ഒഴിവ് വന്നിട്ടുണ്ട്. അതേസമയം ഡി.എം.കെ മുന്നണി വിടുകയും പാര്‍ട്ടികളില്‍ പിളര്‍പ്പുണ്ടാവുകയും ചെയ്തതോടെ ഇന്‍ഡ്യാ മുന്നണിയുടെ അംഗസംഖ്യ 63 ആയി കുറഞ്ഞു.