ഝാര്‍ഖണ്ഡ് രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടതെങ്ങിനെ?
ഝാര്‍ഖണ്ഡിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് കൈവിട്ടതിന്റെ ഞെട്ടലില്‍ കോണ്‍ഗ്രസ്. 81 അംഗ നിയമസഭയില്‍ ഇന്‍ഡ്യാ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. ക്രോസ് വോട്ടിംഗും അസാധുവുമാണ് സഖ്യത്തിന് ഇരട്ടപ്രഹരമേല്‍പിച്ചത്. എന്‍.ഡി.എ പിന്തുണയുള്ള സ്വതന്ത്രനും റിലയന്‍സ് കമ്പനിയുടെ എക്‌സിക്യൂട്ടിവുമായ പരിമള്‍ നാഥവാനി രണ്ടാമത്തെ സീറ്റ് സ്വന്തമാക്കി. ഝാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നണിക്ക് 56 എം.എല്‍.എമാരുണ്ട്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചക്ക് മുപ്പത്തിനാലും കോണ്‍ഗ്രസിന് പതിനാറും രാഷ്ട്രീയ ജനതാദളിന് നാലും സി.പി.ഐ എം.എലിന് രണ്ടും. ബി.ജെ.പിക്കും എന്‍.ഡി.എയിലെ സഖ്യകക്ഷികളുടെയും മൊത്തം അംഗബലം 24 എം.എല്‍.എമാരാണ്. ഝാര്‍ഖണ്ഡ് ലോകതാന്ത്രിക് ക്രാന്തികാരി മോര്‍ച്ചക്ക് ഒരു എം.എല്‍.എയുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ 28 വോട്ടാണ് വേണ്ടത്. ഇതനുസരിച്ച് ഇന്‍ഡ്യാ മുന്നണിയിലെ ജെ.എം.എം സ്ഥാനാര്‍ഥി ബൈദ്യനാഥ് റാമും കോണ്‍ഗ്രസിലെ പ്രണവ് ഝായും തെരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു. 56 എം.എല്‍.എമാരില്‍ 28 പേര്‍ വീതം രണ്ട് പേര്‍ക്കും വോട്ട് ചെയ്താല്‍ മതിയായിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി സഖ്യത്തിന്റെ അംഗബലത്തെക്കാള്‍ നാല് വോട്ട് അധികം കിട്ടിയാലേ ജയിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. സംഭവിച്ചത് ഇങ്ങനെയാണ്: ബൈദ്യനാഥിന് 30 വോട്ട് കിട്ടി. അതേസമയം പ്രണവ് ഝാക്ക് ലഭിച്ചത് 20 മാത്രം. എട്ട് വോട്ടിന്റെ കുറവ്. എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് 28 വോട്ട് കിട്ടി, പ്രതീക്ഷിച്ചതിനെക്കാള്‍ നാലെണ്ണം കൂടുതല്‍. മൂന്ന് വോട്ട് അസാധുവായി. ചുരുങ്ങിയത് അഞ്ച് ഇന്‍ഡ്യാ മുന്നണി എം.എല്‍.എമാരെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കുന്നതിന് പകരം കൂറുമാറി വോട്ട് ചെയ്തുവെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ ഒരു എം.എല്‍.എയുടെ വോട്ട് അസാധുവുമായി. ജെ.എം.എം സ്ഥാനാര്‍ഥിക്ക് ആവശ്യത്തിലേറെ കിട്ടിയ രണ്ട് വോട്ടും കോണ്‍ഗ്രസിനാണ് തിരിച്ചടിയായത്. ഇതോടെ രണ്ട് ബി.ജെ.പി എം.എല്‍.എമാരുടെ വോട്ട് അസാധുവായിട്ടും നാഥവാനിക്ക് ജയിക്കാന്‍ സാധിച്ചു. ആര്‍.ജെ.ഡി, സി.പി.ഐ-എം.എല്‍ പാര്‍ട്ടികളുടെ എം.എല്‍.എമാരാണ് കൂറുമാറിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കോണ്‍ഗ്രസ്, ജെ.എം.എം വോട്ടുകള്‍ ലഭിച്ചുവെന്നും സംസ്ഥാന അധ്യക്ഷന്റെ ചുമതലയുള്ള കെ. രാജു പറഞ്ഞു. തങ്ങളുടെ വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സി.പി.ഐ എം.എല്ലിന്റെ ദിപാങ്കര്‍ ഭട്ടാചാര്യ വാദിക്കുന്നത്.