കൂടുതല്‍ ഡ്രിബ്ള്‍ ചെയ്തതാര്, ഷോട്ടുകള്‍ ആരുടേത്, ഇതാ കണക്കുകള്‍

Jun 19, 2026 - 16:41
0
കൂടുതല്‍ ഡ്രിബ്ള്‍ ചെയ്തതാര്, ഷോട്ടുകള്‍ ആരുടേത്, ഇതാ കണക്കുകള്‍

ലോകകപ്പ് ഫുട്‌ബോളിലെ ആദ്യത്തെ 24 കളികളുടെ സൂക്ഷ്മ വിശദാംശങ്ങള്‍ ഫിഫ പുറത്തുവിട്ടു. ഈ മത്സരങ്ങളില്‍ ആകെ പിറന്നത് 75 ഗോളുകള്‍. ഒരു മത്സരത്തില്‍ ശരാശരി 3.125 ഗോള്‍. 1958 നു ശേഷം ഏറ്റവും മികച്ച ഗോള്‍ ശരാശരിയാണ് ഇത്. 24 മത്സരങ്ങളില്‍ ഒമ്പതെണ്ണം സമനിലയായി. 37.5 ശതമാനം മത്സരങ്ങള്‍ സമനിലയായത് ടീമുകള്‍ ഏറെക്കുറെ തുല്യരാണെന്ന സൂചന നല്‍കുന്നു. 2010 നു ശേഷമുള്ള മികച്ച ശരാശരിയാണ് ഇത്. ഇത്തവണ ടീമുകളുടെ എണ്ണം കൂട്ടിയതോടെ കൂടുതല്‍ മത്സരങ്ങള്‍ ഏകപക്ഷീയമാവുമെന്ന് കരുതിയിരുന്നു. ഏറ്റവുമധികം ഗോളടിച്ചത് അര്‍ജന്റീനയുടെ ലിയണല്‍ മെസ്സിയാണ് -3. കീലിയന്‍ എംബാപ്പെയും (ഫ്രാന്‍സ്) ഹാരി കെയ്‌നും (ഇംഗ്ലണ്ട്), എര്‍ലിംഗ് ഹാലന്റുമുള്‍പ്പെടെ (നോര്‍വെ) ഏഴു പേര്‍ രണ്ട് ഗോളടിച്ച് തൊട്ടുപിന്നിലുണ്ട്.  ഗോളിലേക്ക് എട്ട് ഷോട്ടുകള്‍ പായിച്ച തുര്‍ക്കിയുടെ അര്‍ദ ഗുലേറാണ് ഗോള്‍മുഖത്ത് ഏറ്റവുമധികം ഭീതി പരത്തിയത്. ഏഴ് ഷോട്ടുമായി ഹാരി കെയ്‌നും ആറ് ഷോട്ടുമായി മെസ്സിയും തൊട്ടുപിന്നിലുണ്ട്. ഓപണിംഗ് റൗണ്ടിലെ ഏറ്റവും മോശം ഫിനിഷര്‍ തെക്കന്‍ കൊറിയയുടെ സോന്‍ ഹ്യുംഗ് മിന്നാണ്. ലഭിച്ച ആറവസരങ്ങളും മിന്‍ പാഴാക്കി. ടോട്ടനത്തിന് കളിക്കുമ്പോള്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ മികച്ച ഫിനിഷര്‍മാരിലൊരാളായിരുന്നു സോന്‍. സ്വീഡന്റെ തുര്‍ക്കി അയാരിയും ന്യൂസിലാന്റിന്റെ എലിജ ജസ്റ്റും തൊടുത്ത രണ്ട് ഷോട്ടും ഗോളാക്കി 100 ശതമാനം വിജയം നേടി. ഏഴ് കളിക്കാര്‍ അഞ്ചവസരങ്ങള്‍ സൃഷ്ടിച്ചു. അതില്‍ ജര്‍മനിയുടെ ജോഷ്വ കിമിക് സൃഷ്ടിച്ച രണ്ടവസരങ്ങള്‍ സഹതാരങ്ങള്‍ മുതലാക്കുകയും ഗോള്‍ നേടുകയും ചെയ്തു. രണ്ടും കുറസാവോവിനെതിരായ 7-1 ജയത്തില്‍. ഏറ്റവും ക്രിയേറ്റിവായ കളിക്കാരന്‍ സ്‌പെയിനിന്റെ പെഡ്രിയായിരുന്നു. ഏറ്റവുമധികം അവസരങ്ങള്‍ സൃഷ്ടിച്ചതിന് പുറമെ ഫൈനല്‍ തേഡില്‍ ആറു തവണ പെഡ്രി പന്ത് കൈവശം വെച്ചു. മറ്റാര്‍ക്കും മൂന്നിലേറെ സാധിച്ചിട്ടില്ല. ടൂര്‍ണമെന്റില്‍ ഇതുവരെ ഡ്രിബഌംഗിന്റെ മാസ്റ്റര്‍ ഐവറികോസ്റ്റിന്റെ അമാദ് ദിയാലോയാണ്. പകരക്കാരനെന്ന നിലയില്‍ 34 മിനിറ്റ് മാത്രമായിരുന്നു ദിയാലോ കളത്തിലുണ്ടായിരുന്നത് എന്നതാണ് കൗതുകം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User