സീറ്റ് സംവരണ ക്വാട്ടയില്‍ കിട്ടുന്നത് കോടിപതികള്‍ക്ക്

Jun 19, 2026 - 13:42
0
സീറ്റ് സംവരണ ക്വാട്ടയില്‍ കിട്ടുന്നത് കോടിപതികള്‍ക്ക്

കഴിഞ്ഞ യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ സംവരണ വിഭാഗത്തില്‍ ഐ.എ.എസ് സ്വന്തമാക്കിയവരില്‍ കോടിപതികളെന്ന് റിപ്പോര്‍ട്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനമാണ് സംവരണം. ഈ വിഭാഗത്തില്‍ 104 പേരാണ് 2025 ലെ യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചത്. അതില്‍ കഠിനാധ്വാനത്തിലൂടെ, കഷ്ടപ്പാടുകളിലൂടെ കടന്നുവന്നവര്‍ നിരവധിയുണ്ട്. ഒരു സെക്യൂരിറ്റി ഗാര്‍ഡിന്റെ മകനും ബസ് കണ്ടക്ടറുടെ മകനും റെയില്‍വെ പോര്‍ട്ടറുടെ മകളുമൊക്കെ അതിന്റെ ഉദാഹരണങ്ങളാണ്. അതോടൊപ്പം ആ പഴുതുപയോഗിച്ച് കടന്നുകൂടിയ കോടിപതികളും ധാരാളം. വന്‍ ബിസിനസുകാരുടെ മക്കളും ഒരു ലക്ഷത്തിലേറെ ഫീസ് വരുന്ന ആഡംബര സകൂളില്‍ പഠിച്ചുവന്നവരുമൊക്കെയുണ്ട് ഇക്കൂട്ടത്തില്‍.  എട്ടു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള മുന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്കാണ് സാമ്പത്തിക പിന്നാക്ക വിഭാഗത്തില്‍ പെടുത്തി സംവരണം അനുവദിച്ചിട്ടുള്ളത്. 2019 മുതലാണ് ഈ സംവരണം നല്‍കുന്നത്. മാര്‍ച്ചില്‍ ഫലം വന്ന യു.പി.എസ്.സി പരീക്ഷയിലൂടെ ഇത്തവണ 958 പേരാണ് ഐ.എ.എസ് നേടിയത്. അതില്‍ സാമ്പത്തിക സംവരണത്തിലൂടെ ജയിച്ചു കയറിയത് 104 പേരാണ്. അതില്‍ മൂന്നു പേര്‍ കേരളത്തില്‍ നിന്നാണ്. ഈ വിഭാഗത്തില്‍ പെടുത്തി ഐ.എ.എസ് നേടിയ പലരുടെയും കുടുംബ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ മറ്റൊരു ചിത്രമാണ് ലഭിക്കുന്നത്. ലക്ഷങ്ങള്‍ ഫീസ് നല്‍കേണ്ടി വരുന്ന പ്രശസ്ത സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററില്‍ പഠിച്ചുവന്നവരാണ് ഈ 104 പേരില്‍ ബഹുഭൂരിപക്ഷവും. ഏതാണ്ട് 65 ശതമാനം. വലിയ മാസ ഫീസുള്ള പ്രൈവറ്റ് സ്‌കൂളില്‍ പഠിച്ചുവന്നവരാണ് ഏതാണ്ട് പകുതിയോളം, 45 ശതമാനം. ഏതാണ്ട് മൂന്നിലൊന്ന് വലിയ ബിസിനസുകാരുടെ മക്കളാണ്. കോര്‍പറേറ്റ് മേഖലയില്‍ വന്‍ തുക ശമ്പളം പറ്റുന്നവരാണ് 10 ശതമാനത്തോളം പേര്‍. സാമ്പത്തിക സംവരണത്തിന് കീഴില്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായ 104 പേരില്‍ 67 പേര്‍ രണ്ടര ലക്ഷത്തിലേറെ ഫീസ് നല്‍കേണ്ട കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പഠിച്ചുവന്നവരാണ്. പലരും ഒന്നിലേറെ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പരിശീലനം നേടിയിട്ടുണ്ട്. 28 പേര്‍ ബിസിനസുകാരുടെ മക്കളാണ്. 10 പേര്‍ ബഹുരാഷ്ട്ര കമ്പനികളുള്‍പ്പെടെയുള്ള കോര്‍പറേറ്റ് മേഖലയില്‍ വന്‍ ശമ്പളം പറ്റുന്നവരാണ്. 14 പേര്‍ ഐ.ഐ.ടികളിലും എന്‍.ഐ.ടികളിലും പഠിച്ചുവന്നവരാണ്. എന്നാല്‍ സമൂഹത്തിന്റെ താഴെക്കിടയിലുള്ള, മറ്റൊരു തരത്തിലും സംവരണം ലഭിക്കാന്‍ സാധ്യതയില്ലാത്ത നിരവധി പേരും ഈ ക്വാട്ടയില്‍ ഐ.എ.എസ് പരീക്ഷ പാസായിട്ടുണ്ട്. ഗ്രാമീണ കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള ജവഹര്‍ നവോദയ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പഠിച്ച ഏഴു പേര്‍ സാമ്പത്തിക സംവരണ ക്വാട്ടയില്‍ യു.പി.എസ്.സി പരീക്ഷ ജയിച്ചു. 29 പേര്‍ ഗ്രാമീണ കര്‍ഷകരുടെ മക്കളാണ്. 

വര്‍ഷങ്ങളോളം ദല്‍ഹി പോലുള്ള വന്‍ നഗരങ്ങളില്‍ പ്രമുഖ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പരിശീലനം നടത്താന്‍ സാമ്പത്തിക ശേഷിയുള്ളവര്‍ സംവരണ ക്വാട്ടയില്‍ യു.പി.എസ്.സി പരീക്ഷ ജയിക്കുന്നത് ഈ ക്വാട്ടയുടെ ഉദ്ദേശ്യത്തിന് കടകവിരുദ്ധമാണെന്ന് മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ സത്യാനന്ദ മിശ്രയെ പോലുള്ള പ്രമുഖ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. മത്സരാര്‍ഥികളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ കര്‍ശനമായി പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് അവര്‍ നിര്‍ദേശിക്കുന്നു. സെല്‍ഫ് ഡിക്ലറേഷനും ഇന്‍കം ടാക്‌സ് റിട്ടേണുകളുമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User