അയോധ്യാ സംഭാവന തട്ടിപ്പ് എന്താണ് സംഭവിച്ചത്?
അയോധ്യ രാമക്ഷേത്രത്തില്‍ സംഭാവനയായി കിട്ടുന്ന ആഭരണങ്ങള്‍ കടത്തിയെന്ന ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച പുറത്തു വന്നേക്കും. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. ഇക്കാര്യത്തില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രാഥമിക റിപ്പോര്‍ട്ട് ഇന്നോ നാളെയോ പുറത്തുവിട്ടേക്കും. പണത്തട്ടിപ്പിന് പുറമെ സംഭാവനയായി കിട്ടുന്ന സ്വര്‍ണം, വെള്ളി, വജ്ര ആഭരണങ്ങള്‍ പകരം മുക്കു പണ്ടങ്ങള്‍ വെച്ച് തട്ടുന്നുവെന്നാണ് പരാതി. രാമക്ഷേത്രത്തില്‍ പ്രതിദിനം ശരാശരി 8 മുതല്‍ 13 ലക്ഷം വരെ സംഭാവന ലഭിക്കുന്നുവെന്നാണ് കണക്ക്. എന്നാല്‍ 60 ലക്ഷം വരെ സംഭാവന ലഭിക്കാറുണ്ടെന്നാണ് രാമജന്മഭൂമി ക്ഷേത്ര തീര്‍ഥ ട്രസ്റ്റിലെ ജീവനക്കാര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ക്ഷേത്രത്തിന് 200 മീറ്റര്‍ അകലെയുള്ള പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററിലാണ് സംഭാവന എണ്ണക്കണക്കാക്കുന്നത്. കെട്ടിടത്തിന്റെ താഴെ നിലയിലാണ് കൗണ്ടിംഗ് സെന്റര്‍. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച മുപ്പത്തഞ്ചോളം സംഭാവനാ പെട്ടികള്‍ ദിവസത്തില്‍ രണ്ടു തവണ ഇവിടെയെത്തിക്കും. എട്ട് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് ആദ്യത്തെ എണ്ണല്‍. രണ്ട് മണി മുതല്‍ രാത്രി എട്ട് വരെയായി രണ്ടാമത്തെ എണ്ണല്‍ നടക്കും. ഇരുപതോളം ടെല്ലറുകള്‍ സംഭാവന എണ്ണാനായി സ്ഥാപിച്ചിട്ടുണ്ട്. സംഭാവനാ നടപടികളുടെ മൊത്തം ചുമതല രാമജന്മഭൂമി ക്ഷേത്ര തീര്‍ഥ സമിതി അംഗം അനില്‍ മിശ്രക്കാണ്. സംഭാവന എണ്ണുന്ന നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് റിട്ടയേഡ് ബാങ്ക് ഓഫീസറായ സുഭാഷ് ശ്രീവാസ്തവയാണ്.
സ്റ്റേറ്റ് ബാങ്കില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുത്ത ജീവനക്കാരും ട്രസ്റ്റ് അംഗങ്ങളും ആര്‍.എസ്.എസ് നേതാക്കളുമാണ് പണം എണ്ണുന്ന സംഘത്തിലുള്ളത്. ഓരോ തവണ ഭണ്ഡാരം തുറക്കുമ്പോഴും നാല് ജീവനക്കാരുടെ സാന്നിധ്യമുണ്ടാവണമെന്നും പണം എണ്ണല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുവരുമ്പോള്‍ സി.സി.ടി.വി നിരീക്ഷണം വേണമെന്നുമാണ് ചട്ടം. ജോലി സമയത്ത് ഒരാള്‍ക്കും പുറത്തുപോവാന്‍ അനുവാദമില്ല. പണം എണ്ണിക്കഴിഞ്ഞാല്‍ സീല്‍ ചെയ്ത് പിറ്റേന്ന് രാവിലെ തന്നെ എസ്.ബി.ഐ ശാഖയില്‍ ഡെപ്പോസിറ്റ് ചെയ്യണം. രാമക്ഷേത്ര ഫണ്ട് വെട്ടിച്ചുവെന്ന ആരോപണം സംഘടനക്ക് വലിയ ക്ഷീണമാണെന്നാണ് ആര്‍.എസ്.എസ് വൃത്തങ്ങള്‍ പറയുന്നത്. വി.എച്ച്.പി വൈസ് പ്രസിഡന്റും രാമജന്മഭൂമി ക്ഷേത്ര തീര്‍ഥ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിയും മുന്‍ ആര്‍.എസ്.എസ് പ്രാന്ത പ്രചാരക് ഗോപാല്‍ റാവുവുമാണ് അന്വേഷണം നേരിടുന്നത്. അനില്‍ മിശ്ര, സുഭാഷ് ശ്രീവാസ്തവ എന്നിവരും ആര്‍.എസ്.എസ് ബന്ധമുള്ളവരാണ്. ജീവനക്കാരെ തെരഞ്ഞെടുക്കുന്നത് കാര്യമായ പരിശോധനയൊന്നും കൂടാതെയാണെന്ന് പ്രാദേശിക ആര്‍.എസ്.എസ് നേതാക്കള്‍ ആരോപിക്കുന്നു. പലരും കയറിക്കൂടുന്നത് ബന്ധുബലത്തിലാണ്. ഫണ്ട് വിവാദത്തില്‍ പെട്ടവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് നിര്‍മോഹി അഖാഡയിലെ ദീനേന്ദ്ര ദാസ് ആവശ്യപ്പെട്ടു. ഫണ്ട് വിവാദം പൊട്ടിപ്പുറപ്പെടുന്നതിന് ദിവസങ്ങള്‍ മുമ്പ് ചമ്പത് റായിയും ബജ്‌റംഗ്ദള്‍ സ്ഥാപകന്‍ വിനയ് കത്യാറും തമ്മില്‍ വാക്കേറ്റം നടന്നതായും എല്ലാവരും കള്ളന്മാരാണെന്നും ഇവരെയെല്ലാം ട്രസ്റ്റില്‍ നിന്ന് നീക്കം ചെയ്യേണ്ട കാലമായെന്നും കത്യാര്‍ ആക്രോശിച്ചതായും പറയുന്നു. ഇത്തരമൊരു ട്രസ്റ്റ് രാമക്ഷേത്രം കൈകാര്യം ചെയ്യാന്‍ അശോക് സിംഗാളും മോറോപന്ത് പിംഗ്ലെയുമൊന്നും ഒരിക്കലും അനുവദിക്കില്ലായിരുന്നുവെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് പറഞ്ഞു. സംഭവത്തില്‍ ആദിത്യനാഥ് സര്‍ക്കാരിന്റെ മൗനം ദുരൂഹമാണെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. വിശ്വാസത്തെ വിറ്റാണ് ബി.ജെ.പി രാഷ്ട്രീയ നേട്ടം കൊയ്യുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായ് കുറ്റപ്പെടുത്തി.