അന്ന് ആസിഡ് ആക്രമണത്തിന് ഇര, ഇന്ന് ലോകകപ്പ് ഹീറോ

Jun 19, 2026 - 12:26
0
അന്ന് ആസിഡ് ആക്രമണത്തിന് ഇര, ഇന്ന് ലോകകപ്പ് ഹീറോ

വമ്പന്മാരായ പോര്‍ചുഗലിനെ ഡി.ആര്‍ കോംഗോ ലോകകപ്പില്‍ നേരിട്ടപ്പോള്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയായിരുന്നു ചര്‍ച്ചകളിലെല്ലാം. എന്നാല്‍ 1-1 സമനിലയുമായി കോംഗൊ ആഹ്ലാദത്തോടെ മടങ്ങിയതോടെ എല്ലാ ചര്‍ച്ചയും യോവാന്‍ വിസയെക്കുറിച്ചാണ്. ആദ്യ പകുതിയുടെ അധിക സമയത്ത് കോംഗോയുടെ സമനില ഗോള്‍ നേടിയത് ന്യൂകാസില്‍ സ്്‌ട്രൈക്കറാണ്. ലോകകപ്പ് ചരിത്രത്തില്‍ കോംഗോയുടെ ആദ്യ ഗോളായിരുന്നു അത്. 52 വര്‍ഷത്തിനു ശേഷമാണ് കോംഗൊ ലോകകപ്പില്‍ തിരിച്ചെത്തുന്നത്. 
അഞ്ചു വര്‍ഷം മുമ്പ് ആസിഡ് ആക്രമണത്തിന് ഇരയായപ്പോള്‍ ഈ നിമിഷം സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു വിസ. ഗുരുതരമായി പൊള്ളലേറ്റ ഇരുപത്തൊമ്പതുകാരന് അടിയന്തര ശസ്ത്രക്രിയ വഴിയാണ് കാഴ്ച തിരിച്ചുകിട്ടിയത്. 2021 ജൂലൈ ഒന്നിനായിരുന്നു സംഭവം. മകളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച ഒരു സ്ത്രീയാണ് വിസക്കു നേരെ ആസിഡാക്രമണം നടത്തിയത്. പിറ്റേ ദിവസം മറ്റൊരാള്‍ക്കു നേരെയും അവര്‍ ആസിഡാക്രമണം നടത്തി. 2025 ജനുവരിയില്‍ ആ സ്ത്രീ 18 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. മുപ്പത്താറുകാരിയായിരുന്നു പ്രതി. 
ഭാര്യയുടെ ഇടപെടലാണ് വിസയെ രക്ഷിച്ചത്. ഭര്‍ത്താവ് മുഖം വികൃതമായി പിടയുമ്പോഴും അടിയന്തര സര്‍വീസിനെ വിളിക്കാന്‍ അവര്‍ ധൈര്യം കാട്ടി. പെട്ടെന്ന് കുളിമുറിയില്‍ പോയി വെള്ളത്തിനടിയില്‍ നില്‍ക്കാനും കണ്ണുകള്‍ കഴുകാനും എമര്‍ജന്‍സി സര്‍വീസില്‍ നിന്ന് നിര്‍ദേശം ലഭിച്ചു. ആശുപത്രിയില്‍ ഓരോ മണിക്കൂറിലും കണ്ണുകള്‍ കഴുകേണ്ട അവസ്ഥയിലായിരുന്നു. ഇപ്പോള്‍ ഏത് ബഹളം കേള്‍ക്കുമ്പോഴും പേടിപ്പെടുന്ന അവസ്ഥയിലാണ് തന്റെ മനസ്സെന്ന് വിസ പറയുന്നു. ഇത്ര പെട്ടെന്ന ചികിത്സ കിട്ടിയിരുന്നില്ലെങ്കില്‍ ഫുട്‌ബോള്‍ കരിയര്‍ മാത്രമല്ല ജീവിതം തന്നെ അവതാളത്തിലാവുമായിരുന്നു. ആളുകളെ നേരിടുന്നത് ഇപ്പോഴും പ്രയാസമാണ്. നടക്കുമ്പോള്‍ അറിയാതെ പിന്നോട്ടേക്ക് നോക്കിപ്പോവും. ഒറ്റക്കാണ് കിടക്കുന്നതെങ്കില്‍ ഉറക്കം വരില്ല -താരം വെളിപ്പെടുത്തി. 
ആറു മാസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് വിസക്ക് കളിക്കളത്തില്‍ തിരിച്ചെത്താനായത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User