വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് ലഹരി വിരുദ്ധ ബോധവത്കരണവുമായി റിച്ച്മാക്‌സ് ഫൗണ്ടേഷന്‍

May 25, 2022 - 06:48
0
വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് ലഹരി വിരുദ്ധ ബോധവത്കരണവുമായി റിച്ച്മാക്‌സ് ഫൗണ്ടേഷന്‍

ആലുവ : കൊച്ചി ആസ്ഥാനമായ റിച്ച്മാക്‌സ് ഇന്റഗ്രേറ്റഡ് ഫൗണ്ടേഷനും വാലത്ത് ജ്വല്ലേഴ്‌സും ചേര്‍ന്ന് സംസ്ഥാന തലത്തില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 'ഞാനുമുണ്ട് ലഹരിക്കെതിരെ' എന്ന പേരിലുള്ള ഈ ക്യാമ്പയിനിലൂടെ ടീനേജ് പ്രായക്കാര്‍ക്കിടയില്‍ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുകയും ലഹരിയുടെ പിടിയില്‍ നിന്ന് പുതിയ തലമുറയെ രക്ഷിച്ചെടുക്കുകയുമാണ് ലക്ഷ്യമെന്ന് റിച്ച്മാക്‌സ് ഫൗണ്ടേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അഡ്വക്കേറ്റ് ജോര്‍ജ് ജോണ്‍ വാലത്ത് ആലുവയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി അടുത്ത അധ്യയന വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വിവിധ കര്‍മ്മ പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ട്. സൈക്കോളജിസ്റ്റ്കളുടെയും സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെയും നേതൃത്വത്തിലുള്ള ടീം സ്‌കൂളുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും സംവദിക്കും. പുതു തലമുറയെ ആകര്‍ഷിക്കുന്ന ലഹരി വിരുദ്ധ സന്ദേശങ്ങള്‍ അടങ്ങുന്ന വീഡിയോകളും ഗാനങ്ങളും സോഷ്യല്‍ മീഡിയയിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കും. സ്‌കൂളുകളിലെയും കോളേജുകളിലെയും ലഹരിവിരുദ്ധ ക്ലബ്ബുകളുമായും പ്രാദേശിക തലത്തിലുള്ള സന്നദ്ധ സംഘടനകളുമായും സഹകരിച്ച് ഗൃഹസന്ദര്‍ശനങ്ങള്‍, ബോധവത്കരണ റാലികള്‍, മാതാപിതാക്കള്‍ക്കുള്ള സെമിനാറുകള്‍, ഫോണ്‍-ഇന്‍ കൗണ്‍സിലിംഗ് എന്നിവ സംഘടിപ്പിക്കും. സംസ്ഥാന തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങളും ഒരുക്കുന്നുണ്ട്. അടുത്തഘട്ടത്തില്‍ മദ്യത്തിനും, മയക്കുമരുന്നിനും, പുകവലിക്കും അടിമകളായ വിദ്യാര്‍ഥികളുടെ ചികിത്സയ്ക്കായി ഡീഅഡിക്ഷന്‍ സെന്ററുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കും.  ശങ്കര്‍ ശര്‍മ്മ സംഗീത സംവിധാനം നിര്‍വഹിച്ച്  യുവ ഗായകന്‍ ഫൈസല്‍ റാസി (പൂമരം ഫെയിം) ആലപിച്ച 'ടീനേജ് കാലം' എന്നമ്യൂസിക് വീഡിയോ  പ്രചാരണത്തിനായി പുറത്തിറക്കിയിട്ടുണ്ട്. ബോധവത്കരണ പരിപാടികളുമായി സഹകരിക്കാന്‍ താല്പര്യമുള്ള സ്‌കൂള്‍ അധികൃതര്‍ക്കും കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്കും 9995613030 എന്ന ഞങ്ങളുടെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ മാസത്തില്‍ ആലുവയില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ റിച്ച്മാക്‌സ് ഫൗണ്ടേഷന്‍ പ്രതിനിധികളായ ജോളി സി എം , പ്രിന്‍സ് പീറ്റര്‍, രാജേഷ് എം തുടങ്ങിയവര്‍ പങ്കെടുത്തു.
  

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User