കൊച്ചി മെട്രോയുടെ മൂന്നാംഘട്ട വികസനം; അങ്കമാലി പാത യാഥാർഥ്യത്തിലേക്ക്
നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് കൊച്ചി മെട്രോ നീട്ടുന്നതിനുള്ള മൂന്നാംഘട്ട പദ്ധതിരേഖ കെ.എം.ആർ.എൽ. സർക്കാരിന് സമർപ്പിച്ചു.
കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി മെട്രോ സർവീസ് അങ്കമാലി വരെ നീട്ടുന്നതിനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. പദ്ധതി പ്രകാരം, ആലുവ മുതൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ പാത വികസിപ്പിക്കുന്നത്. ഏകദേശം 18 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട പാതയിൽ മൂന്ന് കിലോമീറ്ററോളം ഭൂഗർഭ മെട്രോ പാതയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, പുതിയ റൂട്ടിൽ എത്ര സ്റ്റേഷനുകൾ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. പദ്ധതിയുടെ അടുത്ത ഘട്ടം കേന്ദ്രസർക്കാരിന്റെ അനുമതി നേടുകയാണ്. സംസ്ഥാന സർക്കാർ വിശദ പദ്ധതിരേഖ കേന്ദ്രത്തിന് കൈമാറും. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സാമ്പത്തിക അനുമതി ലഭിച്ച ശേഷമായിരിക്കും പദ്ധതിയുടെ തുടർനടപടികളിലേക്ക് കടക്കുക.
നിലവിൽ ആലുവ മുതൽ തൃപ്പൂണിത്തുറ വരെ ഏകദേശം 27 കിലോമീറ്റർ ദൂരത്തിലാണ് കൊച്ചി മെട്രോ സർവീസ് നടത്തുന്നത്. ഒപ്പം, കലൂർ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിന്റെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത വർഷം ഓഗസ്‌റ്റോടെ രണ്ടാം ഘട്ടം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാംഘട്ട പദ്ധതി യാഥാർഥ്യമായാൽ തൃപ്പൂണിത്തുറയിൽ നിന്ന് യാത്ര ആരംഭിക്കുന്നവർക്ക് മെട്രോ മാർഗം നേരിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താനുള്ള സൗകര്യം ലഭിക്കും. അങ്കമാലി മേഖലയിൽ നിന്ന് ദിവസേന കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്കും പുതിയ മെട്രോ പാത വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)