'പുഴു' വേറിട്ട വഴി വെട്ടുമ്പോള്‍; റിവ്യൂ വായിക്കാം

മെഗാസ്റ്റാർ മമ്മൂട്ടി  അവതരിപ്പിച്ച കുട്ടന്‍ എന്ന കഥാപാത്രത്തിലൂടെയും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുമാണ് കഥയുടെ സഞ്ചാരമെങ്കിലും യാതൊരു താരപരിവേഷവും കൂടാതെ തന്റെ കഥാപാത്രത്തോട്....

'പുഴു' വേറിട്ട വഴി വെട്ടുമ്പോള്‍; റിവ്യൂ വായിക്കാം

അഞ്ജലി ദാമോദരന്‍

സമീപകാലങ്ങളിലായി മലയാളസിനിമ വലിയൊരു മാറ്റത്തിന്റെ പാതയിലാണെങ്കിലും പതിവ് നായക കഥാപാത്രങ്ങളെ പൊളിച്ചടുക്കാനോ കാലാകാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ആണ്‍കോയ്മകലെ ചോദ്യം ചെയ്യാനോ, ചില ജാതീയ പരാമർശങ്ങൾ എടുത്ത് കളയാനോ, മനുഷത്വ വിരുദ്ധ സമീപനങ്ങൾ ഒഴിവാക്കാനോ അധികം സംവിധായകരാരും ഇപ്പോഴും എന്തുകൊണ്ട് ശ്രമിക്കുന്നില്ല എന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്. 

ഈ സന്ദർഭത്തിലാണ് കടുത്ത ജാതി മത വർഗീയ സങ്കുചിത ചിന്താഗതിയും സവർണ്ണ ബോധവും ആശയങ്ങളും മനുഷ്യരിൽ ഉണ്ടാക്കുന്ന വെറുപ്പിന്റെയും ശത്രുതയുടെയും അക്രമത്തിന്റെയും രാഷ്ട്രീയത്തെയും ഒപ്പം നമ്മൾ പലപ്പോഴും പറയാൻ മടിക്കുന്ന ടോക്സിക് പേരന്റിംഗ് എന്ന പ്രധാന വിഷയത്തെയും  വ്യക്തമായി തന്നെ തുറന്നുകാട്ടി കൊണ്ടാണ് പി.ടി. റത്തീന തന്റെ ആദ്യ ചിത്രമായ പുഴു പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

മലയാള സിനിമയിലെ താര രാജാക്കന്മാരിൽ നിന്നും മെഗാസ്റ്റാർ മമ്മൂട്ടി  അവതരിപ്പിച്ച കുട്ടന്‍ എന്ന കഥാപാത്രത്തിലൂടെയും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുമാണ് കഥയുടെ സഞ്ചാരമെങ്കിലും യാതൊരു താരപരിവേഷവും കൂടാതെ തന്റെ കഥാപാത്രത്തോട് പൂർണ നീതി പുലർത്തികൊണ്ടുള്ള അദ്ദേഹത്തിന്റെ പെർഫോമൻസ് തന്നെയാണ് സിനിമയുടെ പ്ലസ് പോയിന്റ്. വില്ലൻ സ്വഭാവമുള്ള തന്റെ കഥാപാത്രം അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു. ഒരുപക്ഷെ മറ്റൊരു നടനും ഈ കഥാപാത്രത്തെ തിരഞ്ഞെടുക്കാൻ ധൈര്യപ്പെടുമോ എന്ന ചോദ്യം തന്നെ ഉയരുന്നുണ്ട്.

കുട്ടന്റെ മകൻ ഋഷികേശ്  ആയി അഭിനയിച്ച വാസുദേവും, കുട്ടന്റെ സഹോദരിയായി എത്തിയ പാർവതിയും അവരുടെ ഭർത്താവ് കുട്ടപ്പന്‍ ആയി അഭിനയിച്ച അപ്പുണ്ണി ശശിയും നെടുമുടി വേണുവും,കോട്ടയം രമേഷും, കുഞ്ചനും, ഇന്ദ്രന്‍സുമൊക്കെ കേവലം ഒന്ന് രണ്ട് സീനുകളിൽ മാത്രമാണ് മുഖം കാണിക്കുന്നതെങ്കിലും തങ്ങളുടെ ഭാഗം അതി മനോഹരമായി തന്നെ ചെയ്തിട്ടുണ്ട്.

ഹര്‍ഷദ് -ഷറഫു-സുഹാസ്  ചേര്‍ന്നെഴുതിയ ശക്തമായ തിരക്കഥ , മികച്ച സംഭാഷണങ്ങൾ, അവ തന്മയത്തോടെ അവതരിപ്പിച്ച് കൊണ്ട് ഓരോ കഥാപാത്രങ്ങളും  സിനിമയിലേക്ക് പ്രേക്ഷകനെ അടുപ്പിക്കുന്നുണ്ട്. റത്തീന എന്ന പുതുമുഖ സംവിധായക തന്റെ ആദ്യ സിനിമയോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ട്.

സിനിമ കണ്ടു കഴിയുന്ന ഒരു പ്രേക്ഷകനുള്ളിലും എന്തുകൊണ്ട് പുഴു എന്ന പേര് ഈ ചിത്രത്തിന് വന്നു എന്ന ചോദ്യം ഉയരുകയില്ല. എന്തെന്നാൽ അത്തരമൊരു ചോദ്യം അവശേഷിപ്പിക്കാതെ തന്നെയാണ് ഹര്‍ഷദ് ഈ കഥ പറഞ്ഞു നിർത്തുന്നത്.

ഒരു തരത്തിൽ പറയുകയാണെങ്കിൽ പുഴു എന്ന ജീവിയോടുള്ള മനുഷ്യന്റെ വെറുപ്പും അറുപ്പും ഒക്കെ തന്നെയാണ് ആ പേര് ഈ സിനിമയ്ക്ക് ഉചിതമാക്കുന്നത്. മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ പുരാണങ്ങളിലെ തക്ഷകന്റെ കഥയിൽ നിന്നും പ്രചോദനം ഉൾകൊണ്ട് തയ്യാറാക്കിയ ഈ കഥയ്ക്ക് 'പുഴു' വിനോളം അനുയോജ്യമായ മറ്റൊരു പേരില്ല എന്ന് തന്നെ പറയാം.