സഹോദര സ്നേഹത്തിന്‍റെ കഥ പറഞ്ഞ് അക്ഷയ് കുമാറിന്റെ ‘രക്ഷാബന്ധന്‍’; ട്രെയ്‍ലര്‍ പുറത്ത്

സഹോദര സ്നേഹത്തിന്‍റെ കഥ പറഞ്ഞ്  അക്ഷയ് കുമാറിന്റെ ‘രക്ഷാബന്ധന്‍’; ട്രെയ്‍ലര്‍ പുറത്ത്

ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന രക്ഷാബന്ധന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. സഹോദര സ്നേഹത്തിന്‍റെ കഥ പറയുന്ന ചിത്രത്തിൽ  അക്ഷയ് കുമാറാണ് നായകൻ .  ചിത്രത്തിന്റെ  പേര്  സൂചിപ്പിക്കുന്നതു പോലെ  ചിത്രത്തില്‍ നാല് സഹോദരിമാരുടെ സഹോദരനാണ് അക്ഷയ് കുമാറിന്‍റെ കഥാപാത്രം. അവരുടെ വിവാഹത്തിനു ശേഷം മാത്രം മതി തന്‍റെ ബാല്യകാലസഖിയുമായുള്ള വിവാഹം എന്ന് തീരുമാനിക്കുകയാണ്  നായകന്‍. 2020ലെ രക്ഷാബന്ധന്‍ ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണിത്.

തനു വെഡ്‍സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് ആനന്ദ് എല്‍ റായ്. ചിത്രത്തിന്‍റെ പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ചെന്നും സിനിമാജീവിതത്തില്‍ ഏറ്റവുമെളുപ്പത്തില്‍ ചെയ്യാമെന്നേറ്റ സിനിമയാണ് ഇതെന്നും പ്രഖ്യാപന സമയത്ത് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

“ഈ കഥ നിങ്ങളെ ചിരിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്യും. സഹോദരിമാര്‍ ഉള്ളവര്‍ എത്ര ഭാഗ്യമുള്ളവരാണെന്ന തിരിച്ചറിവും നല്‍കും. ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ഈ സിനിമ നല്‍കിയതിന് ആനന്ദിനോട് തീര്‍ത്താല്‍ തീരാത്ത നന്ദി”, അക്ഷയ് കുമാര്‍ അന്ന് കുറിച്ചിരുന്നു.

സംവിധായകന്‍ ആനന്ദ് എല്‍ റായ്ക്കൊപ്പം അക്ഷയ് കുമാറിന്‍റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.  ഓ​ഗസ്റ്റ് 11ന് ചിത്രം തിയറ്ററുകളില്‍ എത്തും. ആമിര്‍ ഖാന്‍റെ ലാല്‍ സിം​ഗ് ഛദ്ദയും ഇതേ ദിവസമാണ് എത്തുകയെന്ന പ്രത്യേകതയുമുണ്ട്.  ആനന്ദ് എല്‍ റായിയുടെ കഴിഞ്ഞ ചിത്രത്തിലും അക്ഷയ് കുമാര്‍ അഭിനയിച്ചിരുന്നു. ധനുഷും സാറ അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘അത്രംഗി രേ’ ആയിരുന്നു ഇത്.