തിരശീലയ്ക്ക് മുന്നില്‍ വീണ്ടും ചിരി ഉണരുമ്പോള്‍...ജോ ആന്‍ഡ് ജോ റിവ്യൂ വായിക്കാം

തിരശീലയ്ക്ക് മുന്നില്‍ വീണ്ടും ചിരി ഉണരുമ്പോള്‍...ജോ ആന്‍ഡ് ജോ റിവ്യൂ വായിക്കാം

അഞ്ജലി ദാമോദരന്‍

താളം തെറ്റിയുള്ള ഈ ഒരു അവധികാലത്ത്  കുടുംബ പ്രേക്ഷകർക്ക് കണ്ടിരിക്കാൻ കഴിയുന്ന ഒരു ഫൺ റൈഡ് ആണ് നവാഗതനായ അരുണ്‍ ഡി. ജോസ് കഥയെഴുതി സംവിധാനം ചെയ്ത ജോ ആൻഡ് ജോ. കോവിഡ്  ലോക്ക്ഡൗൺ പശ്ചാത്തലമാക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ തികച്ചും കോമഡി ഫാമിലി എന്റർടൈനറായാണ്  ജോ ആൻഡ് ജോ ഒരുക്കിയിരിക്കുന്നത്.

ബേബി പാലത്തറ എന്ന ഹോമിയോ വിഷ ചികിത്സ വിദഗ്ധനും  അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കഥാപശ്ചാത്തലം. ജോണി ആന്റണി ആണ് ബേബി പാലത്തറയായി എത്തുന്നത്. മക്കളായ ജോമോളും ജോമോനുമായി എത്തുന്നതാകട്ടെ നിഖില വിമലും മാത്യു തോമസുമാണ്.

നേരിൽ കണ്ടാൽ കീരിയും പാമ്പും എന്ന സഹോദരങ്ങൾക്കും അത്തരക്കാരുടെ   രക്ഷിതാക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം തന്നെ വളരെ ലളിതമായ ഈ കഥ തങ്ങളോടും അടുപ്പിക്കാൻ കഴിയും. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഓണ്‍ലൈന്‍ ക്ലാസും, ട്യൂഷനും  വീടും മാത്രമായി ചുരുങ്ങിപ്പോകേണ്ടിവന്ന ജോമോളിലൂടെയും , അതേസമയം സുഹൃത്തുക്കളുമായി ഫുട്ബോൾ കളിയും മീൻപിടിത്തവും ചില ചുറ്റികളിയുമായി  മുന്നോട്ടുപോകുന്ന ജോമോനിലൂടെയുമാണ്  സിനിമ മുന്നോട്ടു പോകുന്നത്,

അപ്രതീക്ഷിതമായി കിട്ടുന്ന ഒരു പ്രേമലേഖനവും തുടർന്നുള്ള പൊല്ലാപ്പുകളുമാണ് പിന്നീട് അങ്ങോട്ട് സിനിമയെ രസകരമാക്കുന്നത്. കത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണങ്ങളും കത്തിന്റെ പേരിൽ ജോ മോനും ജോമോളും തമ്മിലുള്ള വഴക്കും അടിപിടിയും എല്ലാം തന്നെ വളരെ തന്മയത്വത്തോടെ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ജോ മോന്റെ  സുഹൃത്തുക്കളായി എത്തിയ നസ്‌ലിനും മെൽവിൻ ബാബുവും തങ്ങളുടെ ഭാഗം ഭംഗിയായി
തന്നെ ചെയ്തിട്ടുണ്ട്. അച്ഛമ്മയായി എത്തിയ ലീന ആന്റണി, അമ്മ വേഷം ചെയ്ത സ്മിനു സിജോ, പരിഷ്ക്കാരിയായി എത്തിയ സാഗർ സൂര്യ,  തുടങ്ങി ക്ലൈമാക്സ് കൂടുതൽ രസകരമാക്കിക്കൊണ്ടുള്ള കലാഭവൻ ഷാജോണിന്റെ പ്രകടനവും മികച്ചത് തന്നെയാണ്.

ലോക്ഡൗൺ വേളകൾ വളരെ കഷ്ട്ടപെട്ടാണെങ്കിലും കൂടുതൽ രസകരമാക്കാന്‍വേണ്ടി
 വേണ്ടി മലയാളികൾ ചെയ്തുകൂട്ടിയ പല കാര്യങ്ങളും ആ സമയങ്ങളിലെ വാർത്തകളും എല്ലാം തന്നെ ചിത്രം നമ്മളെ ഓർമിപ്പിക്കുന്നുണ്ട്. ലുഡോ കളി, ബക്കറ്റ് ചിക്കൻ, മാസ്ക് ഇടാതെയും മറ്റും പോലീസിന്റെ കണ്ണിൽ പെടേണ്ടി വന്ന യുവതലമുറയുടെ ദയനീയ സാഹചര്യങ്ങൾ എല്ലാം തന്നെ രസകരമായിട്ട് തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

നർമത്തോടൊപ്പം തന്നെ ചില പൊളിറ്റിക്കൽ കറക്ട്നെസ്സും സിനിമ ചർച്ച ചെയ്ത് പോകുന്നുണ്ട്. ജോമോളും അമ്മയും തമ്മിലുള്ള സംഭാഷണത്തിലാണ് പ്രധാനമായും അവ കടന്നു വരുന്നത്. മാറ്റങ്ങൾ നമ്മുടെ വീടുകളിൽ നിന്ന് തന്നെ തുടങ്ങട്ടെ എന്ന ഒരു സന്ദേശം തന്നെയാണ് ചിത്രം നൽകുന്നത്.  


ഒരു കോമഡി ഫാമിലി എന്റർടൈമെന്റ് എന്ന തലത്തിലാണ് ചിത്രത്തിന്റെ സഞ്ചാരം എന്നതിനാൽ തന്നെ സംഗീതത്തിന് ഏറെ പ്രാധാന്യം നല്കുന്നില്ലെങ്കിലും സിനിമയോട് നീതിപുലര്‍ത്തുന്ന ഗാനവും പശ്ചാത്തല സംഗീതവും ഒരുക്കിയ ഗോവിന്ദ് വസന്തവും ഏറെ കയ്യടി അർഹിക്കുന്നുണ്ട്.

അടുത്തിടെ ആക്ഷനും ക്രൈം ത്രില്ലറും വളരെ സീരിയസ് വിഷയങ്ങൾ മാത്രം മാറി മാറി കണ്ടുകൊണ്ടിരിക്കുന്ന  പ്രേക്ഷകർക്ക്  രണ്ടര മണിക്കൂർ എല്ലാം മറന്നു , ഉള്ളു തുറന്നു ചിരിക്കാൻ ഉള്ള ഒരു അവസരം തന്നെയാണ് ജോ ആൻഡ് ജോ  നൽകുന്നത്.