മഴക്കടുതി രൂക്ഷം; മുഖ്യമന്ത്രി അടക്കം ഏഴ് മന്ത്രിമാര്‍ തൃക്കാക്കരയില്‍ കറങ്ങുന്നു
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുമ്പോഴും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുകി മുഖ്യമന്ത്രി പിണറായി വിജയന്‍. മലയോര മേഖലയില്‍ അടക്കം ശക്തമായ മഴ തുടരുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കേണ്ടതിന്റെ ചുമതല നിര്‍വഹിക്കുന്ന മുഖ്യമന്ത്രി സിപിഎം പാര്‍ട്ടി ലോക്കല്‍ കമ്മറ്റി യോഗങ്ങളില്‍ പങ്കെടുക്കുന്നതിന്റെ തിരക്കിലുമാണ്. മുഖ്യമന്ത്രിയ്ക്ക് പുറമേ ആറ് മന്ത്രിമാരാണ് തൃക്കാക്കരില്‍ തമ്പടിച്ചിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നൊരുക്കം നടത്തേണ്ട റവന്യൂവകുപ്പ് മന്ത്രി കെ രാജനും തൃക്കാക്കരയിലുണ്ട്. തൃക്കാക്കര സെന്‍ട്രലിലാണ് മന്ത്രിയുടെ പരിപാടി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വെണ്ണലയിലുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്ദ് റിയാസ് വൈറ്റില വെസ്റ്റിലും പൂണിത്തുറയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജും തൃക്കാക്കര ഈസ്റ്റില്‍ ഭക്ഷ്യ സിവില്‍ സപ്ലൈയിസ് വകുപ്പ് മന്ത്രി ജി ആര്‍ അനിലും പാലാരിവട്ടത്ത് മന്ത്രി സജി ചെറിയാനും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തൃക്കാക്കരയില്‍ കറങ്ങുന്നത് .