സ്വപ്നതുല്യം സൗദി അറേബ്യ ; 2-1ന് അർജന്റീനയെ അട്ടിമറിച്ചു

സ്വപ്നതുല്യം സൗദി അറേബ്യ ; 2-1ന് അർജന്റീനയെ അട്ടിമറിച്ചു

 ഫിഫ ലോകകപ്പിൽ സ്വപ്നതുല്യ നേട്ടവുമായി സൗദി അറേബ്യ അർജന്റീനയെ അട്ടിമറിച്ചു. ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ പോരാട്ടത്തിനിറങ്ങിയ അര്‍ജന്റീനക്ക് തുടക്കത്തിൽ തന്നെ കാലിടറി. വിജയ പ്രതിക്ഷയിലായിരുന്ന ലോകമെമ്പാടുമുള്ള മെസ്സി ആരാധകരെ നിരാശരാക്കി അര്‍ജന്റീനയെ സൗദി അറേബ്യ 2-1ന് പരാജയപ്പെടുത്തിയത്. കളിയുടെ രണ്ടാം പകുതിയില്‍ ഇരട്ട ഗോള്‍ നേടിയാണ് സൗദി അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. 48-ാം മിനിറ്റിലാണ് അര്‍ജന്റീനയെ വിറപ്പിച്ച സൗദി താരം സാലിഹ് അല്‍ ശെഹ്രിയുടെ ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ അര്‍ജന്റീനയായിരുന്നു മുമ്പിൽ. ലയണല്‍ മെസ്സി നേടിയ പെനാല്‍ട്ടി ഗോളിലൂടെയാണ് ടീം മുമ്പിലെത്തിയത്. 22-ാം മിനുറ്റില്‍ മെസി രണ്ടാം ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ലീഡ് രണ്ടായി ഉയര്‍ത്താനുള്ള അവസരം 28-ാം മിനുറ്റിലും അര്‍ജന്റീന കളഞ്ഞുകുളിച്ചു. ലൗറ്റാരോ മാര്‍ട്ടിനസിന്റെ ഗോളും ഓഫ്സൈഡിന് വഴിമാറി. 35-ാം മിനുറ്റില്‍ മാര്‍ട്ടിസിന്റെ മറ്റൊരു ഓട്ടപ്പാച്ചില്‍ വീണ്ടും ഓഫ്സൈഡിന് വഴിമാറി. അല്ലായിരുന്നെങ്കില്‍ ആദ്യപകുതിയില്‍ തന്നെ നാല് ഗോളിന് അര്‍ജന്റീന മുന്നിലെത്തുമായിരുന്നു.

എന്നാല്‍ രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ സൗദി ഇരട്ട മറുപടി നല്‍കിയതോടെ അര്‍ജന്റീനന്‍ പ്രതിരോധത്തിലെ പാളിച്ചകളെല്ലാം മറനീക്കി പുറത്തുവന്നു. 48-ാം മിനുറ്റില്‍ സലേ അല്‍ഷെഹ്രിയും 53-ാം മിനുറ്റില്‍ സലീം അല്‍ദാവസാരിയുമാണ് സൗദിക്കായി ഗോള്‍വല പൊട്ടിച്ചത്. പിന്നീട് പലതവണ അര്‍ജന്റീന തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സൗദിയുടെ ബസ് പാർക്കിങ് പ്രതിരോധവും ഉജ്ജ്വലസേവകളുമായി സൗദി ഗോളി മുഹമ്മദ് അലോവൈസ് തിളങ്ങിയതും അർജന്റീനയെ പരാജയത്തിലേക്ക് നയിച്ചു.