ഉപ്പിന് പകരം സർഫ്; ഉച്ചഭക്ഷണം കഴിച്ച 35-ലേറെ വിദ്യാർഥികൾ ആശുപത്രിയിൽ
നളന്ദയിലെ സ്കൂളിൽ ഡിറ്റർജന്റ് പൗഡർ അബദ്ധത്തിൽ ഭക്ഷണത്തിൽ ചേർത്തു; കുട്ടികൾക്ക് തലകറക്കവും ഛർദ്ദിയും
പാറ്റ്‌ന: ബിഹാറിലെ നളന്ദയിൽ സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൗഡർ ചേർന്നതിനെ തുടർന്ന് 35-ലേറെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. നളന്ദ ജില്ലയിലെ പരാസി മിഡിൽ സ്കൂളിലാണ് സംഭവം.
ഉച്ചഭക്ഷണത്തിൽ ഉപ്പ് കുറവാണെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് ഡിറ്റർജന്റ് പൗഡർ അബദ്ധത്തിൽ ഭക്ഷണത്തിൽ ചേർത്തതെന്നാണ് വിവരം. പാചകപ്പുരയിൽ സൂക്ഷിച്ചിരുന്ന ഡിറ്റർജന്റ് പൗഡർ ഉപ്പാണെന്ന് തെറ്റിദ്ധരിച്ചാണ് പാചകക്കാരൻ ഭക്ഷണത്തിൽ ചേർത്തതെന്നാണ് റിപ്പോർട്ട്.

ഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾക്ക് കടുത്ത തലകറക്കവും ഛർദ്ദിയും ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടു. തുടർന്ന് അധ്യാപകരും നാട്ടുകാരും ചേർന്ന് കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലുള്ള വിദ്യാർഥികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും എല്ലാവരും അപകടനില തരണം ചെയ്തതായും അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ ഉന്നതതല അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)