രണ്ട് രാജ്യം; ഇരട്ട ദുഃഖം;ഒടുവില്‍ കാനഡയുടെ ഹീറോ
ഹോളിവുഡിന്റെ ക്യാമറ വെളിച്ചങ്ങള്‍ക്ക് കീഴെ, ലോസ്ആഞ്ചലസ് സ്‌റ്റേഡിയത്തിന്റെ വെളിച്ചത്തിന്റെ പ്രഭയില്‍ ചരിത്രം കാത്തുനിന്നത് ഒരു ഹീറോയെ ആയിരുന്നു. കാനഡയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ത്രസിപ്പിക്കുന്ന പോരാട്ടം എക്സ്ട്ര ടൈമിലേക്ക് നീങ്ങാന്‍ സെക്കന്റുകള്‍ ശേഷിക്കെ ആ ചരിത്ര നിമിഷം പിറന്നു. ഇരു രാജ്യങ്ങളുടെയും ലോകകപ്പ് സ്വപ്‌നങ്ങള്‍ സൂചിമൂനയില്‍ തൂങ്ങിയ നിമിഷം കനേഡിയന്‍ ക്യാപ്റ്റന്റെ ബൂട്ടില്‍ നിന്ന് പറന്ന വെള്ളിടി കാനഡക്ക് ലോകകപ്പില്‍ ആയുസ്സ് നീട്ടിയെഴുതി.
സ്റ്റീഫന്‍ എസ്റ്റാക്വിയൊ.. പെനാല്‍ട്ടി ഏരിയക്കു പുറത്ത് ക്യാപ്റ്റനെ ചരിത്രം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ആയിരങ്ങള്‍ ശ്വാസം പിടിച്ച് ആ നിമിഷത്തിനായി കാതോര്‍ക്കുന്നുണ്ടായിരുന്നു. ഒരു മിന്നല്‍പിണര്‍, പിന്നാലെ സ്റ്റേഡിയം ഇരമ്പി. പന്ത് ദക്ഷിണാഫ്രിക്കന്‍ ഗോളി റോണ്‍വെന്‍ വില്യംസിനെ കടന്ന വലയില്‍ കൊടുങ്കാറ്റിരമ്പമായി. ചരിത്രത്തിലാദ്യമായി കാനഡ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. അതിനെക്കാള്‍ നാടകീയമായിരുന്നു എസ്റ്റാക്വിയോയുടെ ജീവിതം. ജനിച്ചത് കാനഡയിലെ ഒണ്ടാറിയോയില്‍, മാതാപിതാക്കള്‍ പോര്‍ചുഗീസുകാര്‍. രണ്ട് രാജ്യങ്ങളിലായിരുന്നു എസ്റ്റാക്വിയോയുടെ ജീവിതം. കാനഡയില്‍നിന്ന് പോര്‍ചുലിലേക്ക്, പോര്‍ചുഗലില്‍ നിന്ന് കാനഡയിലേക്ക്. രണ്ട് ദേശീയതകള്‍, രണ്ടിടത്തും ഒരു ഭാഷ മാത്രം, ഫുട്‌ബോള്‍. പ്രാദേശിക കനേഡിയന്‍ ക്ലബ്ബുകളില്‍ തുടക്കം. പിന്നീട് പോര്‍ചുഗലിലെ താഴ്ന്ന ഡിവിഷന്‍ ക്ലബ്ബുകളില്‍. അതുകടന്ന് മെക്‌സിക്കോയില്‍. പോര്‍ചുഗലിലെ പോര്‍ടോ ആയിരുന്നു ആദ്യത്തെ പ്രമുഖ ക്ലബ്ബ്. ഒടുവില്‍ ലോസ്ആഞ്ചലസ് എഫ്.സിയില്‍. ലോസ്ആഞ്ചസ് തന്നെ എസ്റ്റാക്വിയോയുടെ കരിയറിലെ ഏറ്റവും സുവര്‍ണ നിമിഷത്തിന്റെ വേദിയായി.
ഫുട്‌ബോള്‍ നാടകീയമായിരുന്നു, അതിനെക്കാള്‍ നാടകീയമായിരുന്നു ജീവിതം. അമ്മ എമറാള്‍ഡ ദീര്‍ഘകാലമായി ബ്രയിന്‍ കാന്‍സറുമായി മല്ലടിക്കുകയായിരുന്നു. 2023 ഏപ്രില്‍ 23 ന് ആ പോരാട്ടം അവസാനിച്ചു. അതിന്റെ ദുഃഖത്തില്‍ നിന്ന് കരകയറും മുമ്പെ മറ്റൊരു കനത്ത പ്രഹരം, അടുത്ത വര്‍ഷം ഹൃദയാഘാതത്തെത്തുടര്‍ന്ന് പിതാവിനെയും നഷ്ടപ്പെട്ടു. പിതാവിന്റെ മരണത്തിന് തൊട്ടു മുൻപ് ജീവിത പങ്കാളി കോണ്‍സ്റ്റാന്റയില്‍ ജനിച്ച പെണ്‍കുഞ്ഞ് ബെനഡിറ്റയാണ് എസ്റ്റാക്വിയോക്ക് പുതിയ ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിന് പ്രതീക്ഷ നല്‍കിയത്. മാതാപിതാക്കള്‍ ഞങ്ങള്‍ക്ക് ചിറക് നല്‍കി, പറക്കേണ്ട ഊഴം ഞങ്ങളുടേതാണ് -സഹോദരന്‍ മൗറൊ പറഞ്ഞു. ഞായറാഴ്ച ലോസ്ആഞ്ചലസ് സ്‌റ്റേഡിയത്തില്‍ എസ്റ്റാക്വിയൊ പറന്നത് സ്വപ്‌നങ്ങള്‍ക്കും മുകളിലാണ്. ആ ഒരു ഷോട്ട് ജീവന്‍ പകര്‍ന്നത് ലക്ഷക്കണക്കിന് കാനഡക്കാരുടെ സ്വപ്‌നങ്ങള്‍ക്കാണ്. രണ്ട രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച ഒരാള്‍ ആ നിമിഷം ഒരു രാജ്യത്തിന്റെ ഹീറോ പദത്തിലേറി.