ഇ20 പെട്രോളിൽ ക്ലോറൈഡും ഈർപ്പവും കൂടുതൽ; എൻജിൻ തകരാറിലാകുമെന്ന് വാഹന നിർമാതാക്കൾ; അവഗണിച്ച്​ കേന്ദ്രസർക്കാർ

Aug 14, 2026 - 20:52
0
ഇ20 പെട്രോളിൽ ക്ലോറൈഡും ഈർപ്പവും കൂടുതൽ; എൻജിൻ തകരാറിലാകുമെന്ന് വാഹന നിർമാതാക്കൾ; അവഗണിച്ച്​ കേന്ദ്രസർക്കാർ

രാജ്യത്ത് ഘട്ടംഘട്ടമായി നടപ്പാക്കിവരുന്ന ഇ20 (20% എഥനോൾ കലർത്തിയ) പെട്രോളിൽ വലിയ തോതിൽ ക്ലോറൈഡിന്റെ സാന്നിധ്യവും ഈർപ്പവും കാണപ്പെടുന്നതായി വാഹന നിർമാതാക്കളുടെ പഠന റിപ്പോർട്ട്. തുടർച്ചയായി ഇത്തരം ഇന്ധനം ഉപയോഗിക്കുന്നത് വാഹനം ഏതാനും ആയിരം കിലോമീറ്ററുകൾ പിന്നിടുമ്പോഴേക്കും എൻജിൻ തകരാറിലാക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ വാഹന നിർമാതാക്കൾ കേന്ദ്ര സർക്കാരിന് ആശങ്ക അറിയിച്ചതായി റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഇന്ധനത്തിൽ വ്യാപകമായി മലിനീകരണമുണ്ടെന്ന വാർത്തകൾ കേന്ദ്ര സർക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും പൂർണ്ണമായി തള്ളി.

പരിശോധനാ ഫലത്തിലെ പ്രധാന വിവരങ്ങൾ:

  • ക്ലോറൈഡിന്റെ പരിധി ലംഘിച്ചു: 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 250-ലധികം പെട്രോൾ പമ്പുകളിൽ നിന്ന് ഒരു വർഷത്തിനിടെ ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ 18 സംസ്ഥാനങ്ങളിലും ഉയർന്ന അളവിൽ ക്ലോറൈഡ് കണ്ടെത്തി. കേന്ദ്ര സുരക്ഷാ മാനദണ്ഡപ്രകാരം ക്ലോറൈഡിന്റെ പരമാവധി പരിധി 3 ppm (Parts Per Million) ആണെങ്കിലും പലയിടത്തും ഇത് അതിരൂക്ഷമാണ്.

  • സംസ്ഥാനങ്ങളിലെ സ്ഥിതി: രാജസ്ഥാനിൽ 6 ppm മുതൽ 570 ppm വരെയും, ഡൽഹിയിൽ 420 ppm, മഹാരാഷ്ട്രയിൽ 357 ppm വരെയും ക്ലോറൈഡ് രേഖപ്പെടുത്തി. എന്നാൽ കേരളത്തിൽ ശേഖരിച്ച 24 സാമ്പിളുകളിൽ ക്ലോറൈഡ് 1 മുതൽ 2.2 ppm വരെ മാത്രമാണ് (സുരക്ഷിതമായ അളവ്).

  • എൻജിൻ പ്രതിരോധശേഷി: നിലവിലെ അത്യാധുനിക ഫ്യുവൽ ഇൻജക്ടറുകൾക്ക് പരമാവധി 1 ppm വരെയുള്ള ക്ലോറൈഡിനെ മാത്രമേ സുരക്ഷിതമായി പ്രതിരോധിക്കാനാവൂ.

  • ഉയർന്ന ഈർപ്പം: അനുവദനീയ ഈർപ്പത്തിന്റെ പരിധി 3000 ppm ആയിരിക്കെ ആന്ധ്രാപ്രദേശിൽ 13,000 ppm-ഉം ഉത്തർപ്രദേശിൽ 12,500 ppm-ഉം വരെ ഇന്ധനത്തിൽ വെള്ളത്തിന്റെ/ഈർപ്പത്തിന്റെ സാന്നിധ്യം രേഖപ്പെടുത്തി.

സിയാമിന്റെ (SIAM) കത്തും നിലപാട് മാറ്റവും: വാഹന നിർമാതാക്കളുടെ കൂട്ടായ്മയായ സിയാം (Society of Indian Automobile Manufacturers) ജൂലൈ 28-ന് ഇതേക്കുറിച്ച് കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു. സാമ്പിളുകളുടെ എണ്ണവും പരിശോധനാ രീതിയും അന്തിമ നിഗമനത്തിലെത്താൻ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ നിലപാട് മാറ്റിയത്.

എണ്ണക്കമ്പനികളുടെ വിശദീകരണം: റിഫൈനറികളിലെയും ഡിപ്പോകളിലെയും പെട്രോളിലും എഥനോളിലും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ വ്യക്തമാക്കുന്നു. പമ്പുകളിലെ ഭൂഗർഭ ടാങ്കുകളിലേക്ക് വെള്ളം ഇറങ്ങുന്ന സംഭവങ്ങൾ വളരെ അപൂർവ്വമാണ്.

എവിടെയാണ് പ്രശ്നം സംഭവിക്കുന്നത്? ഇന്ധനത്തിലെ ഈ അപാകതയ്ക്ക് കാരണം എഥനോൾ തന്നെയെന്ന് തെളിഞ്ഞിട്ടില്ല. എണ്ണ ശുദ്ധീകരണശാലകളിൽ നിന്ന് പെട്രോൾ പമ്പുകളിലേക്ക് എത്തിക്കുന്ന ട്രാൻസ്പോർട്ടേഷൻ ഘട്ടത്തിലോ, പമ്പുകളിലെ സംഭരണ ടാങ്കുകളിലോ ആകാം ഈർപ്പവും മലിനീകരണവും കലരുന്നതെന്നാണ് വിലയിരുത്തൽ.അടുത്തിടെ നടത്തിയ പരിശോധനകളിൽ ഇന്ധന മലിനീകരണവുമായി ബന്ധപ്പെട്ട് 4 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User