ഹ്യൂമനോയിഡ് റോബോട്ടുകൾക്കായി ഇന്ത്യൻ തൊഴിലാളികളുടെ ശരീരചലനങ്ങൾ ശേഖരിക്കുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
ഡൽഹി: രാജ്യത്തെ പുതു തലമുറയിലെ യുവാക്കൾ ഭാവിയിൽ തൊഴിൽരഹിതരായി അലയേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. കാരണം,അത്തരത്തിലുള്ള ഞെട്ടിക്കുന്ന വാർത്താക്കൻ ഇപ്പോൾ പുറത്ത് വരുന്നത്. അതായത്, ഭാവിയിൽ ഫാക്ടറികളിൽ മനുഷ്യന് പകരക്കാരനായി എത്താൻ സാധ്യതയുള്ള ഹ്യൂമനോയിഡ് റോബോട്ടുകളെ പരിശീലിപ്പിക്കുന്നതിനു വേണ്ടി ഇന്ത്യൻ തൊഴിലാളികളുടെ ശരീരചലനങ്ങൾ ആഗോള സാങ്കേതിക കമ്പനികള്‍ വലിയ രീതിയിൽ ശേഖരിക്കുന്നതായാണ് വിവരം. ടെസ്ല ഉൾപ്പെടെയുള്ള ആഗോള സാങ്കേതിക കമ്പനികൾക്കായി 'ഈഗോസെൻട്രിക് ഡാറ്റ' എന്ന പേരിൽ മനുഷ്യരുടെ ജോലി ചെയ്യുന്ന രീതിയും ശരീരചലനങ്ങളും പകർത്തുന്ന കമ്പനികളാണ് ഇന്ത്യയിൽ സജീവമായി പ്രവർത്തിക്കുന്നത്. ഭാവിയില്‍ ടെസ്ലയുടെ മൂല്യത്തിന്റെ ഭൂരിഭാഗവും വരുന്നത് ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നുമായിരിക്കില്ലയെന്നും മറിച്ച് അവരുടെ ഹ്യൂമനോയിഡ് റോബോട്ടുകളില്‍ നിന്നായിരിക്കുമെന്ന് ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
ചാറ്റ്ജിപിടി, ജെമിനി പോലുള്ള ഭാഷാ മോഡലുകൾ ഇന്റർനെറ്റിലെ വിവരങ്ങൾ ഉപയോഗിച്ചാണ് പരിശീലിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് മനുഷ്യരെപ്പോലെ ജോലി ചെയ്യണമെങ്കിൽ യഥാർത്ഥ മനുഷ്യർ ജോലി ചെയുന്നത് കാണേണ്ടത് ആവശ്യമാണ്. അതിനായി ഇന്ത്യയിലെ തൊഴിലാളികളാണ് കൂടുതൽ അനുയോജ്യം എന്നാണ് വിദഗ്ധർ പറയുന്നത്. രാജ്യത്തെ ഫാക്ടറികളിലായി ജോലി ചെയ്യുന്ന തൊഴിലാളികളെ പ്രത്യേകം പ്രത്യേകമായി ക്യാമറകളിൽ പകർത്തുകയാണ് ചെയുന്നത്. അതായത്,തൊഴിലാളികൾ വസ്ത്രങ്ങൾ തുന്നുന്നതും സാധനങ്ങൾ തരംതിരിക്കുന്നതും യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതുമെല്ലാം ക്യാമെറകൾ നിരീക്ഷിക്കുന്നുണ്ട്. പിന്നീട് ഈ ദൃശ്യങ്ങൾ പരിശോധിച്ച് എഡിറ്റ് ചെയ്ത ശേഷമാണ് വിദേശ കമ്പനികൾക്ക് കൈമാറുന്നത്. ആഗോള ഡാറ്റാ അനോട്ടേഷൻ വിപണിയുടെ വലിയൊരു പങ്ക് ഇന്ത്യയാണ് കൈകാര്യം ചെയ്യുന്നത്. ഇതിൽ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും അമേരിക്കൻ കമ്പനികളിൽ നിന്നാണ് ലഭിക്കുന്നത്. മറ്റ് രാജ്യങ്ങളെ സംബന്ധിച്ചെടത്തോളം ഇന്ത്യയിൽ ചിലവ് വളരെ കുറവാണ്. അതും ഇന്ത്യയെ കേന്ദ്രമാകാൻ ഒരു ഘടകം ആണ്.അമേരിക്കയിൽ ഇത്തരം ദൃശ്യങ്ങൾ ശേഖരിക്കാൻ മണിക്കൂറിന് ഏകദേശം 30 ഡോളർ ചെലവാകുമ്പോൾ ഇന്ത്യയിൽ അതിന്റെ ആറിലൊന്ന് മാത്രം മതി. ഫാക്ടറി ഉടമകളുമായി കരാർ ഒപ്പിടുന്ന കമ്പനികൾ തൊഴിലാളികൾക്ക് പ്രത്യേക പ്രതിഫലം നൽകാതെ തന്നെ അവരുടെ ജോലി ചെയ്യുന്ന ദൃശ്യങ്ങൾ ശേഖരിക്കുന്നു.

ഇതിനോടകം തന്നെ ഏകദേശം അഞ്ച് സംസ്ഥനങ്ങളിലായി ആറ് ഫാക്ടറികളിൽ അന്വേഷണം നടത്തി കഴിഞ്ഞു.അന്വേഷണത്തിൽ തൊഴിലാളികൾ സ്മാർട്ട് ഗ്ലാസുകളും തലയിൽ ഘടിപ്പിക്കുന്ന ക്യാമറകളും ധരിച്ചാണ് ജോലി ചെയ്യുന്നതെന്ന് കണ്ടെത്തി. എന്നാൽ, ഈ ദൃശ്യങ്ങൾ എന്തിനാണ് ഉപയോഗിക്കുന്നത്, അതിൽ നിന്ന് കമ്പനികൾക്ക് എത്ര നേട്ടമുണ്ടാകുന്നു എന്നിവയെക്കുറിച്ച് പലർക്കും വ്യക്തമായ അറിവില്ല. ഡാറ്റ നൽകുന്ന തൊഴിലാളികൾക്ക് അധിക പ്രതിഫലവും ലഭിക്കുന്നില്ല. അതേസമയം, ചില ഫാക്ടറികളിൽ ഈ ദൃശ്യങ്ങൾ റോബോട്ടുകളെ പരിശീലിപ്പിക്കുന്നതിനു വേണ്ടി മാത്രമല്ല മറിച്ച് അവരുടെ പെരുമാറ്റവും പ്രകടനവും വിലയിരുത്തവും ഉപയോഗിക്കാറുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള 'വർക്ക് ഫെയർ ആൻഡ് ഫ്രീ ഫൗണ്ടേഷൻ' പറയുന്നതനുസരിച്ച്, തൊഴിലാളികളുടെ സ്വകാര്യതയ്ക്ക് മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണ് ഈ രീതിയിലുള്ള ഡാറ്റാ ശേഖരണം. ചിലപ്പോൾ വനിതാ ജീവനക്കാർ തലയിൽ ക്യാമറയുണ്ടെന്ന കാര്യം മറന്ന് വിശ്രമമുറികളിലേക്ക് പോകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ജോലി നഷ്ടമാകുമെന്ന ഭയം കാരണം കരാർ തൊഴിലാളികൾക്ക് ക്യാമറ ധരിക്കാൻ വിസമ്മതിക്കാനും കഴിയുന്നില്ല. പരിശോധിച്ച കമ്പനികളിൽ ഒന്നുപോലും തൊഴിലാളികളിൽ നിന്ന് നേരിട്ട് സമ്മതം വാങ്ങിയിരുന്നില്ല.

ഫാക്ടറികൾക്ക് പുറമെ കെട്ടിട നിർമാണ തൊഴിലാളികൾ, ഡെലിവറി ജീവനക്കാർ, തെരുവ് കച്ചവടക്കാർ തുടങ്ങിയവരുടെയും ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്.ഇവരിൽ ചിലർക്ക് അധിക വരുമാനം ലഭിക്കുന്നുണ്ടെങ്കിലും, ഈ ദൃശ്യങ്ങൾ എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നതെന്ന് പലർക്കും അറിയില്ല. സത്യം പറഞ്ഞാൽ, തൊഴിലാളികളുടെ കഴിവിനെയും നീണ്ട വർഷങ്ങൾ കൊണ്ട് അവർ നേടിയെടുത്ത തൊഴിൽ നൈപുണ്യമാണ് ഈ ഡാറ്റ ശേഖരണത്തിലൂടെ ചോർത്തുന്നത്. എന്നാൽ, ഈ ചോർത്തലിലൂടെ തൊഴിലാളികൾക്ക് യാതൊരു ഉപകാരവ്മ ഉണ്ടാകുന്നുമില്ല.അതിനാൽ ഭാവിയിൽ ഇത്തരത്തിലുള്ള ഡാറ്റ ഉപയോഗിക്കുമ്പോൾ തൊഴിലാളികൾക്കും റോയൽറ്റി പോലുള്ള ദീർഘകാല സാമ്പത്തിക ആനുകൂല്യം ഉറപ്പാക്കുന്ന നിയമങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.