സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കൈവശം വേണം ഈ 5 പ്രധാന രേഖകൾ

From Insurance to Property Papers: 5 Critical Documents to Protect Your Financial Future

സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കൈവശം വേണം ഈ 5 പ്രധാന രേഖകൾ

ൻഷുറൻസ് പോളിസികളും വിവിധ നിക്ഷേപങ്ങളും എടുക്കുന്നതിൽ കാണിക്കുന്ന ശ്രദ്ധ പലരും ഈ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നതിൽ കാണിക്കാറില്ല. എന്നാൽ ഒരു അടിയന്തിര ഘട്ടത്തിലോ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുമ്പോഴോ കുടുംബാംഗങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കാൻ ചില പ്രധാന രേഖകൾ കൈയെത്തും ദൂരത്ത് സൂക്ഷിക്കേണ്ടതുണ്ട്. ഓരോ വ്യക്തിയും നിർബന്ധമായും കരുതിവെക്കേണ്ട 5 പ്രധാന രേഖകൾ ഇവയാണ്:

1. തിരിച്ചറിയൽ രേഖകളും ബാങ്ക് വിവരങ്ങളും

ആധാർ, പാൻ, പാസ്‌പോർട്ട്, വോട്ടർ ഐഡി എന്നിവയ്ക്ക് പുറമെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ, ചെക്ക് ബുക്കുകൾ, പാസ്‌ബുക്കുകൾ എന്നിവ ഒരൊറ്റ ഫയലിൽ സൂക്ഷിക്കുക. ഉപയോഗത്തിലില്ലാത്ത പഴയ അക്കൗണ്ട് രേഖകൾ മാറ്റി, നിലവിലുള്ള അക്കൗണ്ട് നമ്പറുകളും രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകളും അടങ്ങിയ ഒരു വിവരപ്പട്ടിക തയാറാക്കുക.

2. ഇൻഷുറൻസ് രേഖകൾ

ആരോഗ്യം, ജീവൻ, വാഹനം, വീട് എന്നിവയുടെ ഇൻഷുറൻസ് രേഖകളും പ്രീമിയം അടച്ച രസീതുകളും ഒരുമിച്ച് വെക്കുക. അടിയന്തിര ഘട്ടത്തിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും ഇതിനൊപ്പം കരുതണം. ഇൻഷുറൻസിൽ അനന്തരാവകാശിയുടെ (നോമിനി) പേര് പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

3. നിക്ഷേപ രേഖകൾ

വിവിധ ബാങ്കുകളിലോ സ്ഥാപനങ്ങളിലോ ഉള്ള നിക്ഷേപങ്ങൾ, ഓഹരികൾ, പെൻഷൻ പദ്ധതികൾ, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ എന്നിവയുടെ അക്കൗണ്ട് നമ്പറുകൾ ഉൾപ്പെടുത്തി ലളിതമായ ഒരു പട്ടിക തയാറാക്കുക. ഇത് പിന്നീട് തുക വീണ്ടെടുക്കാൻ സഹായിക്കും.

4. വസ്തു, വായ്പാ രേഖകൾ

ആധാരം, രജിസ്ട്രേഷൻ പേപ്പറുകൾ, നികുതി രസീതുകൾ, വായ്പാ രേഖകൾ എന്നിവ ഒരുമിച്ച് സൂക്ഷിക്കുക. വസ്തുവിൻമേലോ അല്ലാതെയോ വായ്പകൾ ഉണ്ടെങ്കിൽ, തിരിച്ചടക്കേണ്ട തുകയെക്കുറിച്ചും തീയതികളെക്കുറിച്ചും കുടുംബത്തിന് കൃത്യമായ ധാരണ നൽകുക.

5. വിൽപത്രവും നോമിനേഷൻ വിവരങ്ങളും

തയ്യാറാക്കിയ വിൽപത്രത്തിന്റെ അസൽ രേഖകൾ എവിടെയാണെന്ന് കുടുംബത്തെ അറിയിക്കുക. വിവാഹം, കുഞ്ഞിന്റെ ജനനം തുടങ്ങിയ ജീവിതത്തിലെ മാറ്റങ്ങൾക്കനുസരിച്ച് അക്കൗണ്ടുകളിലെയും നിക്ഷേപങ്ങളിലെയും അവകാശികളുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുക.

  • ഡിജിറ്റൽ സുരക്ഷ: കേന്ദ്ര സർക്കാരിന്റെ ഡിജിലോക്കർ സൗകര്യം ഉപയോഗിച്ച് ആധാർ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ ഫോണിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കാം.

  • വിവരങ്ങളുടെ ഡയറി: ബാങ്ക് അക്കൗണ്ട് നമ്പറുകളും ഇൻഷുറൻസ് വിവരങ്ങളും അടങ്ങിയ ഒരു ഡയറിയോ ഫയലോ തയാറാക്കി അതിന്റെ വിവരങ്ങൾ വിശ്വസ്തനായ ഒരു കുടുംബാംഗത്തെ അറിയിക്കുക.

  • തീയും വെള്ളവും ഏൽക്കാത്ത ബാഗുകൾ: വസ്തുവിന്റെ ആധാരം, വിൽപത്രം തുടങ്ങിയ പ്രധാന രേഖകൾ സുരക്ഷിത കവറുകളിൽ സൂക്ഷിക്കുക.

  • വർഷത്തിലൊരിക്കൽ പരിശോധിക്കുക: വർഷത്തിലൊരിക്കൽ ഈ ഫയലുകൾ പരിശോധിച്ച് പഴയ രസീതുകൾ മാറ്റി പുതിയവ ചേർക്കുക.