ആദ്യത്തെ ബൈക്ക് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്!
Planning to Buy a New Bike? Here's Your Ultimate Checklist
സ്വന്തം ആവശ്യങ്ങൾ, എഞ്ചിൻ ശേഷി, ദിനചര്യകൾ, ദീർഘകാല അറ്റകുറ്റപ്പണി ചെലവുകൾ എന്നിവ കൃത്യമായി വിലയിരുത്തി വേണം അനുയോജ്യമായ വാഹനം തിരഞ്ഞെടുക്കാൻ. കന്നി ബൈക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ അറിയാം:
വാഹനം പ്രധാനമായും എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ് ആദ്യ പടി. നഗര അതിർത്തിക്കുള്ളിലെ ദൈനംദിന ഓഫീസ് യാത്രകൾക്കാണ് മുൻഗണനയെങ്കിൽ കുറഞ്ഞ എഞ്ചിൻ ശേഷിയും ഉയർന്ന ഇന്ധനക്ഷമതയുമുള്ള കാർമ്യൂട്ടർ ബൈക്കുകളാണ് കൂടുതൽ പ്രായോഗികം. എന്നാൽ ദീർഘദൂര യാത്രകൾക്കും സാഹസിക ഡ്രൈവിംഗിനുമാണ് ബൈക്ക് ഉപയോഗിക്കുന്നതെങ്കിൽ ആവശ്യത്തിന് കരുത്തുള്ള ക്രൂയിസർ അല്ലെങ്കിൽ അഡ്വഞ്ചർ മോഡലുകൾ തിരഞ്ഞെടുക്കാം.
ഒരു ബൈക്കിന്റെ ബജറ്റ് തീരുമാനിക്കുമ്പോൾ പരസ്യങ്ങളിൽ കാണുന്ന എക്സ്-ഷോറൂം തുക മാത്രം കണക്കിലെടുക്കരുത്. രജിസ്ട്രേഷൻ, റോഡ് നികുതി, ഇൻഷുറൻസ് എന്നിവയടങ്ങുന്ന ഓൺ-റോഡ് തുക കൃത്യമായി ചോദിച്ചു മനസ്സിലാക്കണം. കൂടാതെ പ്രതിമാസ ഇന്ധനച്ചെലവ്, സർവീസ് ചാർജുകൾ, സ്പെയർ പാർട്സ് വില എന്നിവ കൂടി കണക്കാക്കുന്നത് ഭാവിയിലെ സാമ്പത്തിക ഭാരം ഒഴിവാക്കാൻ സഹായിക്കും.
ഓഫീസ് യാത്രകൾക്കും നഗര ഉപയോഗത്തിനും 100 സിസി മുതൽ 150 സിസി വരെയുള്ള എഞ്ചിനുകൾ മതിയാകും. ഹൈവേ യാത്രകൾക്കും കൂടുതൽ ഭാരം ചുമക്കുന്നതിനും 200 സിസിക്ക് മുകളിലുള്ള എഞ്ചിനുകൾ കൂടുതൽ കരുത്ത് നൽകും.
വാഹനം അന്തിമമായി ഉറപ്പിക്കുന്നതിന് മുൻപ് കൃത്യമായ ഒരു ടെസ്റ്റ് റൈഡ് നടത്തുന്നത് നിർബന്ധമാണ്. റൈഡിംഗ് പൊസിഷൻ, സീറ്റ് ഉയരം, ഹാൻഡ്‌ലർ സൗകര്യം എന്നിവ പരിശോധിക്കണം. സുരക്ഷ മുൻനിർത്തി എബിഎസ്, ഡിസ്ക് ബ്രേക്കുകൾ എന്നിവ ബൈക്കിലുണ്ടെങ്കിൽ നന്നായിരിക്കും.
താമസസ്ഥലത്തിന് സമീപം ആവശ്യത്തിന് സർവീസ് സെന്ററുകളും സ്പെയർ പാർട്സുകളും എളുപ്പത്തിൽ ലഭ്യമാകുന്ന ബ്രാൻഡുകൾ തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. കൂടാതെ റീസെയിൽ വാല്യൂ കൂടുതലുള്ള ജനപ്രിയ മോഡലുകൾ തിരഞ്ഞെടുക്കുന്നത് ഭാവിയിൽ വാഹനം മാറുമ്പോൾ സാമ്പത്തികമായി ഗുണം ചെയ്യും.
വാഹന വായ്പ വഴി ബൈക്ക് വാങ്ങാനാണ് തീരുമാനമെങ്കിൽ വിവിധ ബാങ്കുകളുടെയും ഫിനാൻസ് കമ്പനികളുടെയും പലിശ നിരക്ക്, ഇ.എം.ഐ വ്യവസ്ഥകൾ, പ്രോസസ്സിംഗ് ഫീസ് എന്നിവ താരതമ്യം ചെയ്യണം. കമ്പനികൾ നൽകുന്ന സീസണൽ ഓഫറുകൾ, ക്യാഷ് ഡിസ്കൗണ്ടുകൾ, അധിക വാറന്റി എന്നിവ പരമാവധി പ്രയോജനപ്പെടുത്താം. അപകടങ്ങൾ, മോഷണം എന്നിവയിൽ നിന്ന് സാമ്പത്തിക പരിരക്ഷ ഉറപ്പാക്കാൻ മികച്ച ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.
പോക്കറ്റ് ചോരാതിരിക്കാൻ:
-
മറഞ്ഞിരിക്കുന്ന ചെലവുകൾ വിലയിരുത്തുക: എക്സ്-ഷോറൂം തുകയ്ക്ക് പുറമെ ഡീലർഷിപ്പുകൾ ഈടാക്കുന്ന ലോജിസ്റ്റിക്സ്/ഹാൻഡ്‌ലിംഗ് ചാർജുകൾ, ഹൈപോത്തിക്കേഷൻ ഫീസ് എന്നിവ ഒഴിവാക്കാവുന്നതാണോ എന്ന് കൃത്യമായി അന്വേഷിക്കുക.
-
ഇൻഷുറൻസ് ആഡ്-ഓൺ കവറേജുകൾ: സാധാരണ കവറേജിനൊപ്പം 'സീറോ ഡിപ്രിസിയേഷൻ' (Zero Dep), 'എഞ്ചിൻ പ്രൊട്ടക്ട്' എന്നിവ ചേർക്കുന്നത് വലിയ തകരാറുകൾ സംഭവിക്കുമ്പോൾ അപ്രതീക്ഷിത സാമ്പത്തിക ഭാരം ഒഴിവാക്കും.
-
ബിഎസ്-6 ഫ്യുവൽ സിസ്റ്റം: ഫ്യുവൽ ഇൻജക്റ്റഡ് (FI) എഞ്ചിനുകൾ ഉള്ള പുതിയ ബൈക്കുകളിൽ ഫ്യുവൽ ടാങ്ക് പൂർണ്ണമായും കാലിയാകാതെ നോക്കുക.
വണ്ടി ഇറക്കും മുൻപ്: PDI ചെക്ക്‌ലിസ്റ്റ്
-
പകൽ വെളിച്ചത്തിലെ പരിശോധന: വാഹനം ഡെലിവറി എടുക്കുന്നതിന് മുൻപ് നല്ല daylight-ൽ ബോഡിയിൽ പെയിന്റ് പോറലുകളോ കേടുപാടുകളോ ഇല്ലെന്ന് ഉറപ്പാക്കുക.
-
ഓഡോമീറ്റർ റീഡിംഗ്: പുതിയ വാഹനങ്ങളിൽ 10 മുതൽ 25 കിലോമീറ്ററിനുള്ളിൽ മാത്രമേ ഓഡോമീറ്റർ റീഡിംഗ് ഉണ്ടാകാവൂ.
-
ഇലക്ട്രിക്കൽസ് & സ്വിച്ചുകൾ: ഹെഡ്‌ലൈറ്റ് (High/Low beam), ഇൻഡിക്കേറ്ററുകൾ, ഹോൺ, ഡിസ്‌പ്ലേ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധിക്കുക.
-
ചാസിസ് & എഞ്ചിൻ നമ്പർ മാച്ചിംഗ്: വണ്ടിയുടെ ഫ്രെയിമിലെ നമ്പറും പേപ്പറുകളിലെ നമ്പറും ഒന്നുതന്നെയാണെന്ന് ഒത്തുനോക്കുക.
-
ഡെലിവറി കിറ്റും പെട്രോളും: ടൂൾ കിറ്റും ഫസ്റ്റ് എയ്ഡ് കിറ്റും കൈപ്പറ്റുക. ഷോറൂമിൽ നിന്ന് ഇറക്കിയ ഉടൻ അടുത്തുള്ള പമ്പിൽ നിന്ന് കുറഞ്ഞത് 3-4 ലിറ്റർ ഇന്ധനം നിറയ്ക്കുക.
- ഷോറൂമിലെ ആക്‌സസറീസ് നിർബന്ധമല്ല: ഡീലർമാർ വണ്ടിക്കൊപ്പം ഹെൽമറ്റ്, ക്രാഷ് ഗാർഡ്, സീറ്റ് കവർ തുടങ്ങിയവ നിർബന്ധമായും വാങ്ങണം എന്ന് പറഞ്ഞ് ബില്ലിൽ കൂട്ടാറുണ്ട്. ഇതിൽ ചിലത് പുറത്തെ കടകളിൽ നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഗുണനിലവാരത്തിൽ കിട്ടും. എതൊക്കെ വേണമെന്ന് നിങ്ങൾ തീരുമാനിക്കുക. സൗജന്യമായി ഷോറൂമിൽ നിന്ന് തരേണ്ട ഹെൽമറ്റൊക്കെ ക്വാളിറ്റിയുള്ളതാണോ എന്ന് നോക്കാൻ മറക്കരുത്.
- ആദ്യത്തെ 1,000 കിലോമീറ്റർ വരെ എഞ്ചിൻ അമിതമായി ആക്സിലറേറ്റ് ചെയ്യാതിരിക്കുക. അമിത വേഗതയിലോ ഉയർന്ന ആർ.പി.എമ്മിലോ വണ്ടി ഓടിക്കുന്നത് പുതിയ എഞ്ചിന്റെ ആയുസ്സ് കുറയ്ക്കും.
- രാവിലെ ആദ്യമായി വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ 1 മിനിറ്റ് വെറുതെ ഐഡ്‌ലിങ്ങിൽ ഇടുക. പെട്ടെന്ന് ആക്സിലറേറ്റർ കൊടുക്കാതെ എഞ്ചിൻ ഓയിൽ എല്ലാ ഭാഗത്തേക്കും എത്താൻ ചെറിയ സമയം കൊടുക്കുക.

-
സമയമുണ്ടെങ്കിൽ ഒന്നിൽ കൂടുതൽ ഡീലർഷിപ്പുകളിൽ നിന്ന് എസ്റ്റിമേറ്റ് എടുക്കുക
-
മികച്ച ഓഫറുകളും ലാഭവും: ഒരു ഡീലർ നൽകുന്നതിനേക്കാൾ കൂടുതൽ ക്യാഷ് ഡിസ്കൗണ്ടുകളും ഓഫറുകളും നൽകി ഉപഭോക്താവിനെ ആകർഷിക്കാൻ മറ്റ് ഡീലർമാർ ശ്രമിക്കും.
-
അനാവശ്യ ചാർജുകൾ ഒഴിവാക്കാം: ഡീലർമാർ അനാവശ്യമായി ബില്ലിൽ ചേർക്കുന്ന ഹാൻഡ്‌ലിംഗ് ചാർജുകൾ, ലോജിസ്റ്റിക്സ് ഫീസ് എന്നിവ ഒന്നിൽ കൂടുതൽ എസ്റ്റിമേറ്റുകൾ നോക്കുമ്പോൾ പെട്ടെന്ന് തിരിച്ചറിയാനും ഒഴിവാക്കാനും സാധിക്കും.
-
ഇൻഷുറൻസ് ചെലവ് കുറയ്ക്കാം: ഷോറൂമുകൾ നൽകുന്ന ഇൻഷുറൻസ് നിരക്കുകൾ തമ്മിൽ വ്യത്യാസമുണ്ടാകും. കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് നൽകുന്നതോ അല്ലെങ്കിൽ പുറത്തുനിന്ന് എടുക്കാൻ അനുവദിക്കുന്നതോ ആയ ഡീലറെ തിരഞ്ഞെടുക്കാം.
-
പെട്ടെന്നുള്ള ഡെലിവറി: നിങ്ങൾക്ക് ആവശ്യമുള്ള മോഡലോ കളറോ സ്റ്റോക്കുള്ള ഡീലർഷിപ്പ് കണ്ടെത്താനും വണ്ടി വേഗത്തിൽ സ്വന്തമാക്കാനും സാധിക്കും.
-
പഴയ വാഹനത്തിന് ഉയർന്ന വില: പഴയ വാഹനം എക്സ്ചേഞ്ച് ചെയ്താണ് പുതിയത് വാങ്ങുന്നതെങ്കിൽ, ഓരോ ഡീലർഷിപ്പിലും പഴയ വാഹനത്തിന് ലഭിക്കുന്ന തുക വ്യത്യസ്തമായിരിക്കും. ഇതിൽ ഏറ്റവും ഉയർന്ന വില തരുന്നവരെ തിരഞ്ഞെടുക്കാം.
-
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)