മൊബൈൽ ഫോൺ ഉപയോഗത്തിന് വഴക്കുപറഞ്ഞു; പതിവില്ലാതെ പിതാവ് ശകാരിച്ചതിൽ മനംനൊന്ത് 13-കാരി തൂങ്ങിമരിച്ചു
കൊച്ചി: ഫോൺ ഉപയോഗിച്ചതിന് പിതാവ് വഴക്കുപറഞ്ഞതിൽ മനോവിഷമത്തിലായ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് സമീപം കുന്നുകര ചാലക്കയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ 13 വയസ്സുകാരിയാണ് വ്യാഴാഴ്ച വൈകുന്നേരം ജീവനൊടുക്കിയത്. കുന്നുകര ക്രിസ്തുരാജ സ്കൂളിലെ വിദ്യാർഥിനിയാണ്.
നിർമാണ തൊഴിലാളിയായ പിതാവ് വീട്ടിലെ ആവശ്യത്തിനായുള്ള ഫോണിലേക്ക് അത്യാവശ്യ കാര്യത്തിനായി വിളിച്ച സമയത്ത് കുട്ടി ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് ജോലികഴിഞ്ഞ് വീട്ടിലെത്തിയ പിതാവ് ഇക്കാര്യം ചോദിച്ച് വഴക്കുപറയുകയും ചെയ്തു. ഇതിന്റെ വിഷമത്തിലായിരുന്ന കുട്ടി, വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വസ്ത്രം മാറാനെന്നു പറഞ്ഞ് മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. സംശയകരമായ വിവരങ്ങളോ ആത്മഹത്യാക്കുറിപ്പോ മുറിയിൽ നിന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പഠനത്തിൽ ഏറെ മിടുക്കിയായിരുന്ന കുട്ടി പൊതുവെ മാതാപിതാക്കളുമായി നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. വഴക്ക് പറയാത്ത പിതാവ് ശകാരിച്ചതിന്റെ മാനസിക വിഷമത്തിലാണ് ഈ ദാരുണ സംഭവമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ചെങ്ങമനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ അതിജീവിക്കാൻ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന സർക്കാരിന്റെ ദിശ ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056)
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)