8000 വാച്ച് അവറും 2 കോടി വ്യൂസും; യൂട്യൂബ് 'മോണിറ്റൈസേഷൻ' കടമ്പ ഇനി ഇരട്ടി കടുപ്പം

YouTube announces a major overhaul of its Partner Program (YPP) rules starting February 1, 2027, doubling the requirements for new creators to 8,000 watch hours or 20 million Shorts views to qualify for monetization

8000 വാച്ച് അവറും 2 കോടി വ്യൂസും; യൂട്യൂബ് 'മോണിറ്റൈസേഷൻ' കടമ്പ ഇനി ഇരട്ടി കടുപ്പം

യൂട്യൂബിൽ ഒരു ചാനൽ തുറന്ന് നാല് ഷോട്സും ഇട്ട് "ഇനി ലൈഫ് സെറ്റായി, മാസം ലക്ഷങ്ങൾ അക്കൗണ്ടിലേക്ക് വരും" എന്ന് സ്വപ്നം കണ്ടിരുന്നവരാണോ നിങ്ങൾ? എങ്കിൽപ്പിന്നെ ആ സ്വപ്നത്തിന് ഒരു ചെറിയ മാറ്റം വരുത്തണ്ടി വരും! 'പാർട്ണർ പ്രോഗ്രാം' (YPP) നിബന്ധനകൾ വെട്ടിപ്പൊളിച്ച് പുതിയ പദ്ധതിയാണ് യൂട്യൂബ് അവതരിപ്പിക്കുന്നത്.

ഇനിമുതൽ 'യൂട്യൂബർ' എന്ന പദവി ഒപ്പിച്ചു വരുമാനമുണ്ടാക്കുക എന്നത് അത്ര എളുപ്പമാകില്ല! 2027 ഫെബ്രുവരി 1 മുതൽ നിലവിൽ വരുന്ന പുതിയ മോണിറ്റൈസേഷൻ നിബന്ധനകൾ അറിയാം.

പുതിയ നിയമങ്ങൾ (2027 ഫെബ്രുവരി 1 മുതൽ):

യൂട്യൂബിൽ നിന്ന് പരസ്യ വരുമാനവും പ്രീമിയം ഷെയറും കിട്ടണമെങ്കിൽ കടമ്പകൾ ഇനി ഇരട്ടിയാണ്:

വാച്ച് ടൈം ക്രമാതീതമായി കൂട്ടി: നിലവിലുള്ള 4,000 വാച്ച് അവർ എന്നത് കൃത്യം ഇരട്ടിയാക്കി 8,000 വാച്ച് അവർ (Watch Hours) ആക്കി മാറ്റി.

ഷോട്സ് കാഴചക്കാരുടെ എണ്ണം: 10 മില്യൺ (ഒരു കോടി) ഷോട്സ് വ്യൂസ് എന്നത് ഇനിമുതൽ 20 മില്യൺ (രണ്ട് കോടി) വ്യൂസ് ആയി ഉയർത്തി. ആശ്വാസമെന്നോണം, നിലവിലുള്ള 1,000 സബ്‌സ്‌ക്രൈബർമാർ എന്ന നിബന്ധനയിൽ മാറ്റമില്ല.

പഴയ കണ്ടന്റ് ക്രിയേറ്റർമാർ പേടിക്കണോ?

ഇതിനകം തന്നെ യൂട്യൂബ് പാർട്ണർ പ്രോഗ്രാമിൽ (YPP) കയറിപ്പറ്റിയ ആളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ഒരു ഗുഡ് ന്യൂസും ഒപ്പം ഒരു ചെറിയ 'ചെക്ക്' സൗകര്യവും യൂട്യൂബ് ഒരുക്കിയിട്ടുണ്ട്:

മോണിറ്റൈസ് ചെയ്ത ചാനലുകൾക്ക് സംരക്ഷണം: 2027-ന് മുൻപ് തന്നെ ചാനൽ മോണിറ്റൈസ് ആയവർ പുതിയ എൻട്രി നിബന്ധനകൾ ഓർത്ത് പേടിക്കേണ്ടതില്ല.

ഷോട്സ് വ്യൂസ് ടാർഗെറ്റ്: എന്നാൽ, ഷോട്സ് വഴി നിരന്തരം വരുമാനം നേടണമെങ്കിൽ തുടർച്ചയായ 90 ദിവസങ്ങളിൽ 10 മില്യൺ qualified ഷോട്സ് വ്യൂസ് നിലനിർത്തേണ്ടി വരും. ഇത് പാലിച്ചില്ലെങ്കിലും ചാനൽ മോണിറ്റൈസേഷൻ പോവില്ല; നീളമുള്ള സാധാരണ വീഡിയോകളിൽ നിന്നുള്ള വരുമാനം തുടർന്നും ലഭിക്കും. ഷോട്സ് വ്യൂസ് വീണ്ടും 10 മില്യണിൽ എത്തിയാൽ അത് വഴിയുള്ള വരുമാനവും തിരികെ ലഭിക്കും.

പ്രീമിയം ലൈറ്റ് ആഗോളതലത്തിലേക്ക്:

ചെലവ് കുറഞ്ഞ രീതിയിൽ പരസ്യങ്ങളില്ലാതെ വീഡിയോ കാണാൻ സാധിക്കുന്ന 'പ്രീമിയം ലൈറ്റ്' പ്ലാൻ യൂട്യൂബ് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 60% നിർമ്മാതാക്കൾക്കായി (Creators) യൂട്യൂബ് നീക്കിവെക്കും. (സാധാരണ പ്രീമിയത്തിന് 30% ആണ് ക്രിയേറ്റർ പൂളിലേക്ക് പോകുന്നത്).

2018-ന് ശേഷം ഇതാദ്യമായാണ് യൂട്യൂബ് മോണിറ്റൈസേഷൻ നിബന്ധനകളിൽ ഇത്ര വലിയൊരു പൊളിച്ചെഴുത്ത് നടത്തുന്നത്. ദിവസേന 200 ബില്യണിലധികം ഷോട്സ് വ്യൂസും കോടിക്കണക്കിന് മണിക്കൂർ ടിവി വാച്ച് ടൈമും സ്വന്തമാക്കുന്ന പ്ലാറ്റ്‌ഫോം എന്ന നിലയിൽ, ഗുണനിലവാരമുള്ള മികച്ച കണ്ടന്റുകളെ പ്രോത്സാഹിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ചെറിയ ചാനലുകൾക്ക് പുതിയ അവസരങ്ങൾ:

വലിയ വ്യൂസ് കിട്ടാത്ത ചെറിയ കണ്ടന്റ് ക്രിയേറ്റർമാരെ സഹായിക്കാൻ യൂട്യൂബ് ഷോപ്പിങ്, ബ്രാൻഡ് സഹകരണങ്ങൾ, ട്രെൻഡിങ് കണ്ടന്റുകൾക്കുള്ള പ്രത്യേക ബോണസ് എന്നിവ കമ്പനി അവതരിപ്പിക്കുന്നുണ്ട്. യൂട്യൂബർ ആകാൻ ആഗ്രഹമുണ്ടെങ്കിൽ നന്നായി പ്ലാൻ ചെയ്തു വേണം ഇറങ്ങാൻ.