''കള്ളൻ വിജയൻ'' ; ദേശാഭിമാനി കീറി എറിഞ്ഞു ; അമ്പരന്ന് CPM

വി.എസ്. അനുസ്മരണ പതിപ്പിലെ 'കള്ളൻ വിജയൻ' വിവാദം ദേശാഭിമാനിക്കുള്ളിൽ വലിയ എഡിറ്റോറിയൽ പ്രതിസന്ധിയിലേക്ക്. അച്ചടി നിർത്തിവെക്കൽ, ലേഖനം പിൻവലിക്കൽ, ആഭ്യന്തര അന്വേഷണം എന്നിവയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിന്റെ ചുരുക്കം.

''കള്ളൻ വിജയൻ'' ; ദേശാഭിമാനി കീറി എറിഞ്ഞു ; അമ്പരന്ന് CPM

തോറ്റ് തോറ്റ് തൊപ്പിയിട്ട cpm ന് ഇപ്പോൾ എല്ലാം പേടിയാണ്... പ്രത്യേകിച്ച് പിണറായി വിജയൻ എന്ന മുൻ മുഖ്യമന്ത്രിക്ക് ... മകളെ ഇപ്പോൾ പിടിച്ചുകൊണ്ട് പോകും ED എന്നിരിക്കെ ഒരു ചെറിയ വാക്കുപോലും പിണറായി വിജയനെ ഭയപ്പാടിലാക്കുന്നുണ്ട് ... പറഞ്ഞു വരുന്നത്, വിവാദങ്ങളുടെ പുകയും പടലവും അടങ്ങുന്നതിനു മുൻപേ, പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ ആ വാരാന്ത്യപ്പതിപ്പ് ഒടുവിൽ വായനക്കാരുടെ കൈകളിലെത്തിയിരിക്കുന്നു! സാങ്കേതിക തടസ്സങ്ങൾ മൂലമാണ് പ്രസിദ്ധീകരണം വൈകിയതെന്ന് പത്രം ഔദ്യോഗികമായി വിശദീകരിക്കുമ്പോൾ, അണിയറയിൽ പുകഞ്ഞ കടുത്ത ആഭ്യന്തര തർക്കങ്ങളുടെയും രാഷ്ട്രീയ സമ്മർദ്ദങ്ങളുടെയും ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവരുന്നത്...മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ഓർമ്മക്കുറിപ്പുകളോടെയാണ് പുതിയ പതിപ്പ് വിതരണത്തിനെത്തിയത്. ഒന്നാം പേജിൽ വി.എസിന്റെ മുൻ പ്രസ് സെക്രട്ടറി കെ.വി. സുധാകരൻ എഴുതിയ 'മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം' എന്ന കവർ സ്റ്റോറി. എന്നാൽ, ഇതേ സപ്ലിമെന്റിന്റെ അവസാന പേജിൽ വരാനിരുന്ന ആ ഒറ്റ ലേഖനത്തിന്റെ തലക്കെട്ടാണ് പാർട്ടി പത്രത്തിനുള്ളിൽ വൻ സ്ഫോടനം സൃഷ്ടിച്ചത്....പുല്ലംപാറയിലെ പ്രശസ്ത നാടകപ്രവർത്തകനായ വിജയനെക്കുറിച്ചുള്ള 'കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ' എന്ന ലേഖനമായിരുന്നു അത്. ഒന്നാം പേജിൽ വി.എസ്. അച്യുതാനന്ദന്റെ ചിത്രവും ഓർമ്മയും, മറുവശത്ത് അവസാന പേജിൽ വലിയ അക്ഷരത്തിൽ 'കള്ളൻ വിജയൻ' എന്ന തലക്കെട്ടും വരുന്നത് രാഷ്ട്രീയമായി തെറ്റായ വ്യാഖ്യാനങ്ങൾക്ക് വഴിതുറക്കുമെന്ന് എഡിറ്റോറിയൽ വിഭാഗത്തിലെ ഒരു വിഭാഗം കടുപ്പത്തിൽ ചൂണ്ടിക്കാട്ടി. ഇതേച്ചൊല്ലി ഉടലെടുത്ത രൂക്ഷമായ തർക്കത്തിനൊടുവിൽ സപ്ലിമെന്റിന്റെ അച്ചടി തന്നെ അടിയന്തരമായി നിർത്തിവെക്കാൻ നേതൃത്വം നിർബന്ധിതരാവുകയായിരുന്നു....എന്നാൽ, കളികൾ അവിടെയും തീർന്നില്ല. അങ്ങനെ ഒരു ലേഖനമേ തങ്ങൾ തയ്യാറാക്കിയിട്ടില്ലെന്നും കഥകളെല്ലാം വെറും ഭാവനയാണെന്നും കാട്ടി ദേശാഭിമാനി റെസിഡന്റ് എഡിറ്റർ എം. സ്വരാജ് രംഗത്തെത്തി തടിയൂരാൻ ശ്രമിച്ചു. പക്ഷെ, സ്വരാജിന്റെ വാദങ്ങളെ പാടേ തള്ളി നാടകപ്രവർത്തകനായ വിജയൻ തന്നെ നേരിട്ട് രംഗത്തുവന്നതോടെ പാർട്ടി നേതൃത്വം അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലായി! ദേശാഭിമാനി ലേഖകൻ തന്നിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചെന്നും ഗ്രൂപ്പ് ഫോട്ടോ വാങ്ങിയിരുന്നുവെന്നും വിജയൻ തുറന്നടിച്ചതോടെ, മറച്ചുവെക്കാൻ ശ്രമിച്ച സത്യങ്ങൾ ഒരോന്നായി വെളിച്ചത്തു വന്നു.

വി.എസിനെ തമസ്കരിക്കാനും ആക്ഷേപിക്കാനും ശ്രമം നടന്നു എന്നാരോപിച്ച് പ്രതിപക്ഷവും മാധ്യമങ്ങളും സംഭവം ഏറ്റെടുത്തതോടെയാണ് വിവാദമായ 'കള്ളൻ വിജയൻ' ലേഖനം പൂർണ്ണമായി വെട്ടിമാറ്റി, പുതിയ അനുസ്മരണക്കുറിപ്പുകളോടെ വാരാന്തപ്പതിപ്പ് അടിയന്തരമായി പുറത്തിറക്കാൻ ദേശാഭിമാനി തയ്യാറായത്. അച്ചടിച്ച കടലാസുകൾ ഒഴിവാക്കി പുതിയ പതിപ്പ് ഇറക്കി മുഖം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും, പാർട്ടിക്കുള്ളിലെ ഈ വൻ എഡിറ്റോറിയൽ വീഴ്ചയെക്കുറിച്ച് സി.പി.എം നിർദ്ദേശപ്രകാരം ആഭ്യന്തര അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വി.എസിന്റെ ഓർമ്മപ്പതിപ്പിൽ ബോധപൂർവ്വം ഇത്തരമൊരു ലേഖനം തിരുകിക്കയറ്റാൻ ഗൂഢാലോചന നടന്നോ എന്ന സംശയമാണ് പാർട്ടി അന്വേഷിക്കുന്നത്. താത്കാലികമായി തീ അണച്ചെങ്കിലും, വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ ഈ രാഷ്ട്രീയ സ്ഫോടനം ഏതെല്ലാം തലങ്ങളിലേക്ക് കത്തിപ്പടരുമെന്ന് കണ്ടുതന്നെ അറിയണം!