മാവേലി വരും, പക്ഷെ 'അറക്കൽ മാധവനുണ്ണി' ഇല്ല! കൈരളിയിൽ 25 വർഷത്തെ 'വല്യേട്ടൻ' യുഗം അവസാനിച്ചു!
cult-classic movie Valliettan will not be telecast on Kairali TV this Onam as the 25-year satellite broadcast rights have come to an end
ഓണത്തിനും ക്രിസ്മസിനും കൈരളി ടി.വി. തുറന്നാൽ മലയാളികൾ സ്ഥിരമായി കണ്ടിരുന്ന മാസ് ചിത്രം 'വല്യേട്ടൻ' ഇനി മുതൽ ചാനലിൽ പ്രക്ഷേപണം ചെയ്യില്ല. ചിത്രത്തിന്റെ 25 വർഷത്തെ ടെലികാസ്റ്റ് അവകാശം കൈരളി ടി.വിയിൽ അവസാനിച്ചതോടെയാണ് ഈ മാറ്റം. സോഷ്യൽ മീഡിയ കൂട്ടായ്മയായ 'ട്രോൾ മോളിവുഡ്' പങ്കുവെച്ച വിവരത്തെത്തുടർന്നാണ് വാർത്ത പ്രേക്ഷകർക്കിടയിൽ ചർച്ചയായത്.

ഷാജി കൈലാസിന്റെ സംവിധാനത്തിൽ രഞ്ജിത്ത് തിരക്കഥയൊരുക്കി 2000-ൽ പുറത്തിറങ്ങിയ 'വല്യേട്ടൻ' മലയാള സിനിമയിലെ എക്കാലത്തെയും മികച്ച മാസ്-ആക്ഷൻ കുടുംബചിത്രങ്ങളിൽ ഒന്നാണ്. സ്വന്തം കുടുംബത്തിന് തൂണായി നിൽക്കുന്ന അറക്കൽ മാധവനുണ്ണിക്കും കുടുംബത്തിനും ഇന്നും വലിയ ഫാൻ ബേസുണ്ട്.
രണ്ടായിരത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ ബോക്സ് ഓഫീസ് ഹിറ്റുകളിലെ പ്രധാന ചിത്രമായിരുന്നു 'വല്യേട്ടൻ'. മമ്മൂട്ടിയോടൊപ്പം ശോഭന, സായ് കുമാർ, സിദ്ദിഖ്, മനോജ് കെ. ജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എൻ.എഫ്. വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. സായ് കുമാർ, എൻ.എഫ്. വർഗ്ഗീസ് എന്നിവരുടെ വില്ലൻ കഥാപാത്രങ്ങളും മമ്മൂട്ടിയുടെ മാസ് ആക്ഷൻ രംഗങ്ങളുമാണ് ഇന്നും ഈ ചിത്രത്തെ ആരാധകർ ഓർത്തിരിക്കാനുള്ള ചില പ്രധാനപ്പെട്ട കാരണങ്ങൾ.
ഓണം ആയാലും ക്രിസ്തുമസ് ആയാലും കൈരളിയിൽ 'വല്യേട്ടൻ' സ്ഥിരം ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 25 വർഷത്തെ ടെലികാസ്റ്റ് അവകാശം പൂർത്തിയായതോടെ ഇത്തവണ ഓണത്തിന് കൈരളിയിൽ വല്യേട്ടൻ ഉണ്ടായിരിക്കില്ല.
സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
"കൈരളി ചാനൽ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് വല്യേട്ടൻ ആണ്."
"അന്ന് ഓണത്തിന് കൈരളിയിൽ 'വല്യേട്ടൻ' വന്നപ്പോൾ നാടൊന്നാകെ ആ ടിവി സ്‌ക്രീനിന് മുന്നിലായിരുന്നു. എന്തൊരു ഭംഗിയുള്ള ഓർമകളാണത്!"
"മാവേലി ഇല്ലെങ്കിലും കുഴപ്പമില്ല, പക്ഷേ വല്യേട്ടൻ ഇല്ലാത്ത ഓണം... അത് ആലോചിക്കാൻ കൂടി വയ്യ!"
കുടുംബബന്ധങ്ങളുടെ ആഴവും വൈകാരികതയും കൃത്യമായ അളവിൽ ചേർത്തുവെച്ച തീവ്രമായ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളുമാണ് വല്യേട്ടനെ വേറിട്ടുനിർത്തുന്നത്. സ്ക്രീനിലെ വമ്പൻ സാന്നിധ്യവും നായകന്റെ ഗാംഭീര്യമുള്ള അവതരണവും കൊണ്ട് മാധവനുണ്ണി എന്ന കഥാപാത്രത്തെ മമ്മൂട്ടി അവിസ്മരണീയമാക്കി. റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളത്തിലെ മാസ് സിനിമാ ചർച്ചകളിലും മമ്മൂട്ടിയുടെ മികച്ച പ്രകടനങ്ങളെക്കുറിച്ചുള്ള വിശകലനങ്ങളിലും വല്യേട്ടൻ എന്നും മുൻപന്തിയിലുണ്ട്.