രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്കെതിരെ ഡിജിപിക്ക് പരാതി
രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അപകീർത്തികരമെന്നും മതവികാരം വ്രണപ്പെടുത്തുന്നതെന്നും പരാതി; കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയത്. ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ഉന്നയിച്ചും നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് രാഹുൽ ഗാന്ധിക്കെതിരെ ശ്രീലേഖ വിവാദ പരാമർശം നടത്തിയത്. ഡൽഹിയിൽ രാഹുൽ ഗാന്ധി നടത്തുന്നത് മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണെന്നായിരുന്നു ശ്രീലേഖയുടെ പരാമർശം. പുനലൂരിൽ നടന്ന ബിജെപിയുടെ പ്രതിഷേധ ജനസഭയിലായിരുന്നു പ്രസംഗം.
ശ്രീലേഖയുടെ പരാമർശം കേവലം രാഷ്ട്രീയ വിമർശനത്തിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ലെന്നും രാഹുൽ ഗാന്ധിയുടെ സൽപ്പേരിനെയും വിശ്വാസ്യതയെയും അപകീർത്തിപ്പെടുത്തുന്നതാണെന്നും വിഷ്ണു സുനിൽ പരാതിയിൽ ചൂണ്ടിക്കാട്ടി.
ഹിന്ദു പുരാണങ്ങളിൽ ശിവഭഗവാനുമായി ബന്ധപ്പെട്ട ദിവ്യനൃത്തമായ താണ്ഡവത്തെ മയക്കുമരുന്നിന്റെ അമിത ഉപയോഗവുമായി ബന്ധപ്പെടുത്തി പരാമർശിച്ചത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയിൽ പറയുന്നു. വിഷയത്തിൽ അന്വേഷണം നടത്തി ശ്രീലേഖയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)