ഹോട്ടൽ മുറിയിലെ ഈ സാധനങ്ങൾ സൗജന്യം, എന്നാൽ ഇവ തൊട്ടാൽ പോക്കറ്റ് കാലിയാകും!
യാത്രകൾ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും. ജോലി തിരക്കുകളിൽ നിന്ന് അൽപസമയം മാറിനിൽക്കാനും മനസ്സിന് വിശ്രമം നൽകാനും വർഷത്തിൽ കുറഞ്ഞത് രണ്ടുതവണയെങ്കിലും യാത്ര പോകണമെന്ന് വിദഗ്ധരും നിർദേശിക്കാറുണ്ട്. യാത്രകൾ ഇഷ്ടപ്പെടുന്നതുപോലെ തന്നെ ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും താമസവും പലർക്കും ഏറെ പ്രിയപ്പെട്ട അനുഭവമാണ്. എന്നാൽ, താമസം കഴിഞ്ഞ് മടങ്ങുമ്പോൾ അവിടം വിട്ടുപോകാൻ പലർക്കും മടിയാണ്.
ചെക്ക് ഔട്ട് ചെയ്യുന്നതിന് മുന്നേ ബാഗ് പാക്ക് ചെയ്യുമ്പോൾ ഹോട്ടൽ മുറിയിലുള്ള ചില സാധനങ്ങൾ കൂടെ കൊണ്ടുപോകാൻ ചിലർക്കെങ്കിലും തോന്നാറുണ്ട്. എന്നാൽ, ഏതൊക്കെയാണ് കൊണ്ടുപോകാൻ കഴിയുക, ഏതൊക്കെയാണ് എടുക്കാൻ പാടില്ലാത്തത് എന്നതിനെക്കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. ഇത് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം, അനുവദനീയമല്ലാത്ത വസ്തുക്കൾ കൈവശപ്പെടുത്തുകയാണെങ്കിൽ ചെക്ക് ഔട്ട് സമയത്ത് അധിക തുക ഈടാക്കുകയോ, ഗുരുതരമായ സാഹചര്യങ്ങളിൽ നിയമനടപടികൾ നേരിടേണ്ടി വരികയോ ചെയ്യാം. അതിനാൽ, ഹോട്ടൽ താമസത്തിന് ശേഷം നിങ്ങൾക്ക് കൊണ്ടുപോകാവുന്നതും കൊണ്ടുപോകാൻ പാടില്ലാത്തതുമായ സാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഹോട്ടലുകളിലും റിസോർട്ടുകളിലും അതിഥികൾക്കായി ഒരുക്കുന്ന ഒറ്റത്തവണ മാത്രം ഉപയോഗിക്കാനുള്ള സാധനങ്ങൾ സാധാരണയായി നിങ്ങൾക്ക് കൊണ്ടുപോകാം. ചെറിയ കുപ്പികളിലുള്ള ഷാംപൂ, കണ്ടീഷണർ, ബോഡി വാഷ്, ബോഡി ലോഷൻ, ചെറിയ സോപ്പുകൾ എന്നിവ ഉപയോഗിച്ചില്ലെങ്കിലും യാത്രയ്ക്കൊപ്പം കരുതാവുന്നതാണ്. അതുപോലെ ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ചീപ്പ്, ഷേവിംഗ് കിറ്റ്, കോട്ടൺ ബഡ്സ്, തയ്യൽ കിറ്റ്, ഷവർ ക്യാപ് എന്നിവ ഉൾപ്പെടുന്ന പേഴ്സണൽ കെയർ കിറ്റുകളും നിങ്ങൾക്ക് എടുക്കാം.
ചില ഹോട്ടലുകളിൽ അതിഥികൾക്കായി ഒറ്റത്തവണ ഉപയോഗിക്കുന്നതിനായി ഭാരം കുറഞ്ഞ തുണികൊണ്ടുള്ള സ്ലിപ്പറുകളും നൽകാറുണ്ട്. ഒരു അതിഥി ഉപയോഗിച്ച സ്ലിപ്പറുകൾ മറ്റൊരാൾക്ക് വീണ്ടും നൽകാറില്ല. അതിനാൽ ഇത്തരം സ്ലിപ്പറുകൾ കൊണ്ടുപോകുന്നതിലും പ്രശ്നമില്ല. കൂടാതെ, മുറിയിൽ ലഭ്യമാക്കുന്ന ചായ, കാപ്പി സാഷെകൾ, പഞ്ചസാര, ക്രീമർ എന്നിവയും ദിവസേന നൽകുന്ന കുടിവെള്ള കുപ്പികളും നിങ്ങൾക്ക് ഉപയോഗിക്കുകയോ ബാക്കി വന്നാൽ യാത്രയിൽ കൂടെ കരുതുകയോ ചെയ്യാം. പൊതുവെ, ഇത്തരം ഒറ്റത്തവണ ഉപയോഗിക്കാനുള്ള സാധനങ്ങളാണ് ഹോട്ടലിൽ നിന്ന് കൊണ്ടുപോകാൻ അനുവദിച്ചിട്ടുള്ളത്.

എന്നാൽ, ചില വസ്തുക്കൾ ഒരു കാരണവശാലും മുറിയിൽ നിന്ന് കൊണ്ടുപോകരുത്. ഹോട്ടലിലെ ടവ്വലുകൾ, ബാത്ത് റോബുകൾ, ബെഡ്ഷീറ്റുകൾ, ബ്ലാങ്കറ്റുകൾ, തലയിണകൾ, പില്ലോ കവറുകൾ എന്നിവ ഹോട്ടലിന്റെ സ്വത്താണ്. അതുപോലെ മുറിയിലുള്ള ഹെയർ ഡ്രയർ, ഇലക്ട്രിക് കെറ്റിൽ, ഇസ്തിരിപ്പെട്ടി, അലാറം ക്ലോക്ക് തുടങ്ങിയ ഉപകരണങ്ങളും കൊണ്ടുപോകാൻ പാടില്ല. ഇത്തരം വസ്തുക്കൾ നഷ്ടപ്പെട്ടാൽ ഹോട്ടൽ അധികൃതർ അവയുടെ വില ഈടാക്കുകയോ, സാഹചര്യത്തിനനുസരിച്ച് മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്യാം.
മൊത്തത്തിൽ നോക്കിയാൽ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാനായി (Disposable/Single-use) ഹോട്ടൽ നൽകുന്ന സാധനങ്ങൾ മാത്രമാണ് നിങ്ങൾക്ക് കൊണ്ടുപോകാൻ കഴിയുക. വീണ്ടും ഉപയോഗിക്കാവുന്ന എല്ലാ വസ്തുക്കളും ഹോട്ടലിന്റെ സ്വത്തായതിനാൽ അവ മുറിയിൽ തന്നെ ഉപേക്ഷിക്കണം. അടുത്ത തവണ ഹോട്ടലിൽ താമസിക്കുമ്പോൾ ഈ ചെറിയ കാര്യങ്ങൾ മനസ്സിൽ സൂക്ഷിച്ചാൽ അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.