ഇടുക്കി കാണാൻ ഒഴുകിയെത്തി സഞ്ചാരികൾ
mist and cool climate of Idukki as tourism centers witness a record surge of visitors
ഇടുക്കി: മഞ്ഞും തണുപ്പും മഴക്കാല കാഴ്ചകളും ആസ്വദിക്കാൻ ജില്ലയിലേക്ക് സന്ദർശകരുടെ തിരക്ക്. അവധി ദിനങ്ങളിലാണ് സഞ്ചാരികൾ കൂടുതലായി എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിൽ മണ്ണിടിച്ചിൽ ഭീഷണി ഉണ്ടായതിനെ തുടർന്ന് ഇവിടേക്ക് സന്ദർശകർക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു. ഇതും നീക്കിയതോടെ മൂന്നാറിലേക്ക് കൂടുതൽ പേർ എത്തിത്തുടങ്ങി.
വാഗമണ്ണിലും വലിയ തോതിലാണ് സന്ദർശകരെത്തുന്നത്. രണ്ടു ദിവസങ്ങളായി വാഗമൺ, രാമക്കൽമേട് ടൂറിസം കേന്ദ്രങ്ങളിൽ വലിയ തിരക്കനുഭവപ്പെടുന്നുണ്ട്. ഈ മാസം ഞായറാഴ്ച വരെ 78431 പേരാണ് ജില്ലയിൽ ഡി.ടി.പി.സിയുടെ കീഴിലുള്ള വിവിധ ടൂറിസം കേന്ദ്രങ്ങളിലെത്തിയത്. ഇതിൽ വാഗമൺ മൊട്ടക്കുന്നിൽ മാത്രം 27,383 പേരും സാഹസിക പാർക്കിൽ 17,870 പേരും സന്ദർശനം നടത്തി.
കഴിഞ്ഞ മാസവും ജില്ലയിൽ വിനോദസഞ്ചാരികളുടെ തിരക്കായിരുന്നു. കഴിഞ്ഞ മാസം 2,34,673 പേരാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത്. ഇതിൽ കൂടുതൽ പേരും സന്ദർശിച്ചത് വാഗമൺ ടൂറിസ്റ്റ് കേന്ദ്രമാണ്.

മൊട്ടക്കുന്നിൽ 68762 പേരും സാഹസിക പാർക്കിൽ 51498 പേരും സന്ദർശിച്ചു. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ 55686 പേർ സന്ദർശിച്ചു. രാമക്കൽമേട്ടിൽ എത്തിയത് 8512 സന്ദർശകരാണ്. പാഞ്ചാലിമേട്-17567, ഹിൽവ്യൂ പാർക്ക്-7200, ആമപ്പാറ-2818, എസ്.എൻ പുരം-19318, അരുവിക്കുഴി-1911, ഇടുക്കി പാർക്ക്-632, മൂന്നാർ പാർക്ക്-769 എന്നിങ്ങനെയാണ് മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയവരുടെ കണക്ക്. മഴയും മഞ്ഞും ചേർന്ന് ഒരുക്കുന്ന കുളിർമ ആസ്വദിക്കാൻ ഈ മാസവും കൂടുതൽ പേർ ജില്ലയിലേക്കെത്തുമെന്നാണ് ഡി.ടി.പി.സിയുടെയും ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെയും പ്രതീക്ഷ.