ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഉപതെരഞ്ഞെടുപ്പ്; ഫലം നിർണായകം
എസ്ഐആർ വിവാദങ്ങളും തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങളും ശക്തമായിരിക്കെ ആറ് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഇന്ന് ജനങ്ങൾ വിധിയെഴുതുന്നു.
രാജ്യത്ത് വീണ്ടുമൊരു രാഷ്ട്രീയ ബലപരീക്ഷണത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു പാർലമെന്റ് മണ്ഡലത്തിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. തമിഴ്നാട്, ബംഗാൾ എന്നിവിടങ്ങളിലെ രണ്ടും പുതുച്ചേരിയിലെ ഒന്നും നിയമസഭാ മണ്ഡലങ്ങളാണ് ജനവിധി കുറിക്കുന്നത്. അസമിലെ ഒരു പാർലമെന്റ് സീറ്റിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.നിലവിലെ തെരഞ്ഞെടുപ്പ് അട്ടിമറി ഉൾപ്പടെയുള്ള വിവാദങ്ങൾ കത്തിനിൽക്കുന്ന പശ്ചാത്തലത്തിലാണ് ജനങ്ങൾ പോളിംഗ് ബൂത്തുകളിലേക്ക് പോകുന്നത്. ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നന്ദിഗ്രാം, റെജിനഗർ എന്നിവിടങ്ങളിലെ ഫലം ഇന്ത്യാ സഖ്യത്തിന് നിർണായകമാണ്. കാരണം ഇവിടെ ബിജെപിയുമായി നേർക്കുനേർ പോരാട്ടമാണ് കോൺഗ്രസും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും നടത്തുന്നത്.മറുവശത്ത് ബിജെപിക്ക്, പ്രത്യേകിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് അഭിമാനപോരാട്ടമാണ്. നന്ദിഗ്രാമിൽ സുവേന്ദു രാജിവെച്ചൊഴിഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ വോട്ടെടുപ്പ് നടക്കുന്നത്. ഇവിടെ മമത നിർത്തിയ സ്ഥാനാർത്ഥിയെ സുവേന്ദു ഇടപെട്ട് മത്സരത്തിൽ നിന്ന് പിൻമാറ്റിയതും കോൺഗ്രസ് സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും എല്ലാം വലിയ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കിയതാണ്.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 9000-ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സുവേന്ദു നന്ദിഗ്രാമിൽ വിജയിച്ചത്. മണ്ഡലം നിലനിർത്താൻ ബിജെപി എന്തും ചെയ്യും എന്നതിന്റെ തെളിവായിരുന്നു പ്രചരണസമയത്ത് കണ്ടത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥിക്ക് മമത പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലും ജയിലിലായിരുന്നതിനാൽ വളരെ കുറച്ച് സമയം മാത്രമേ കോൺഗ്രസ് സ്ഥാനാർത്ഥിയായ മിലൻ പ്രധാന് പ്രചരണത്തിന് ലഭിച്ചുള്ളു.ബിജെപി മികച്ച ഭൂരിപക്ഷത്തിൽ ഇവിടെ ജയിക്കുമെന്നാണ് വിലയിരുത്തൽ. റെജിനഗറിൽ പക്ഷെ ഇന്ത്യാ സഖ്യ പാർട്ടികളെല്ലാം പരസ്പരം മത്സരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 70 ശതമാനത്തോളം മുസ്ലിം വോട്ടർമാരുള്ള മണ്ഡലത്തിൽ വോട്ട് വിഭജനത്തിലൂടെ ജയിക്കാമെന്ന പ്രതീക്ഷയാണ് ബിജെപിക്ക്.മമതയും കോൺഗ്രസും സിപിഎമ്മും എജെയുപിയും ഇവിടെ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ ഹിന്ദു സമുദായത്തിൽ നിന്നാണ് ബിജെപിയുടെ സ്ഥാനാർത്ഥി. എജെയുപി നേതാവും എംഎൽഎയുമായ ഹുയൂൺ കബീറിനെ വോട്ട് ചെയ്തതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തകർന്ന് നിൽക്കുന്ന മമത ബാനർജിക്ക് തന്റെ തിരിച്ചുവരവിനുള്ള ഒരവസരമാണ് ഈ ഉപതെരഞ്ഞെടുപ്പുകൾ. ഏറ്റവും ഒടുവിൽ അവർക്ക് സ്വന്തം പാർട്ടിയും ചിഹ്നവും പോലും നഷ്ടപ്പെട്ടു. പന്ത് തട്ടുന്ന ഫുട്ബോളറാണ് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയുടെ ചിഹ്നം. ഇത് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാർട്ടി വിജയിച്ചിട്ടില്ല.അങ്ങനെ എല്ലാം കൊണ്ടും തിരിച്ചടി നേരിട്ടാണ് മമത തെരഞ്ഞെടുപ്പിനെ നേരിടുന്നത്. റെജിനഗറിലെങ്കിലും ജയിക്കാൻ കഴിഞ്ഞാൽ തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് വിളിച്ച് പറയാൻ മമതയ്ക്ക് കഴിയും.തമിഴ്നാട്ടിൽ എഐഎഡിഎംകെയുടെ രണ്ട് എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നതിനെ തുടർന്നാണ് ധാരാപുരത്തും മധുരാന്തകത്തും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടിടത്തും ടിവികെ തന്നെ ജയിക്കാനാണ് സാധ്യത. കോൺഗ്രസ് എംപി ആയിരുന്ന പ്രദ്യുത് ബർദോലായി രാജിവെച്ച ഒഴിവിലാണ് അസമിലെ നഗാവ് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്. നേതൃത്വവുമായി ഇടഞ്ഞ പ്രദ്യുത് ബിജെപിയിൽ ചേർന്ന് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് എംഎൽഎ ആയി. സീറ്റ് നിലനിർത്താൻ കോൺഗ്രസിന് കഴിയുമോ എന്നത് പ്രധാനമാണ്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ തെരഞ്ഞെടുപ്പ് അട്ടിമറിയുടെ പേരിൽ പ്രതിപക്ഷം രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമ്പോഴാണ് ഈ തെരഞ്ഞെടുപ്പുകൾ നടക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലുമായി 18,000-ൽ അധികം വോട്ടർമാരാണ് എസ്ഐആർ ഇരകളായിട്ടുള്ളത്. എസ്ഐആറിലൂടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ ബിജെപിയെ ജയിപ്പിക്കുന്നു എന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണം.അതുകൊണ്ട് തന്നെ ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ഒൻപതിന് പുറത്തുവരുമ്പോൾ ഇന്ത്യാ സഖ്യം എങ്ങനെ പ്രതികരിക്കും എന്നതും ശ്രദ്ധേയമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)