തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ മാർച്ച് തടഞ്ഞു; ഡൽഹിയിൽ പ്രതിഷേധം ശക്തം
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യ എംപിമാർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ ഡൽഹിയിൽ പ്രതിഷേധം ശക്തമായി.
ന്യൂഡൽഹി: രാജ്യ തലസ്ഥാനം ഇപ്പോൾ സമരച്ചൂടിലാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ഇന്ത്യ സഖ്യത്തിലെ എംപിമാർ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ആകാശവാണി ഭവന് സമീപം പൊലീസ് തടഞ്ഞു. ഇതോടെ പ്രതിഷേധക്കാർ റോഡിൽ ഇരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടർന്നു.ബാരിക്കേഡ് മറികടക്കാൻ സമാജ്‌വാദി പാർട്ടി പ്രവർത്തകർ ശ്രമിച്ചതോടെ സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പൊലീസ് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ശ്രമിച്ചു. അതേസമയം, സമരക്കാർക്കെതിരെ അമിതമായ ബലപ്രയോഗം നടത്തരുതെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ പ്രതിഷേധ മാർച്ച് നടന്നത്. ബിജു ജനതാദളും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ മാർച്ചിൽ അണിനിരന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരും പ്രതിഷേധത്തിന്റെ ഭാഗമായി.ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച പ്രക്ഷോഭം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തുടക്കത്തിൽ വിദ്യാർഥി, യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടന്നത്. എന്നാൽ ഇപ്പോൾ കോൺഗ്രസും ഇന്ത്യാ സഖ്യത്തിലെ വിവിധ കക്ഷികളും നേരിട്ട് നേതൃത്വം ഏറ്റെടുത്തതോടെ സമരം കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നേടിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആരോപണങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്നും ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ എംപിമാർ കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തിയാണ് പ്രതിപക്ഷം സമരം ശക്തമാക്കുന്നത്. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ വ്യാപിപ്പിക്കാനുള്ള നീക്കങ്ങളും പ്രതിപക്ഷ ക്യാമ്പിൽ സജീവമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)