അഖിലേഷിന്റെ അയോധ്യ നീക്കം ബിജെപിക്ക് തലവേദന; യുപിയിൽ പുതിയ രാഷ്ട്രീയ തന്ത്രം
പിഡിഎ മുന്നേറ്റത്തിനൊപ്പം മുന്നോക്ക വിഭാഗങ്ങളുടെ പിന്തുണ കൂടി ലക്ഷ്യമിട്ട് അഖിലേഷ് യാദവ് നടത്തുന്ന അയോധ്യ സന്ദർശനവും രാഷ്ട്രീയ നീക്കങ്ങളും ഉത്തർപ്രദേശിൽ ബിജെപിക്ക് പുതിയ വെല്ലുവിളിയാകുന്നു.
ഉത്തർപ്രദേശ് പിടിക്കാനുള്ള അഖിലേഷ് യാദവിന്റെ തന്ത്രങ്ങൾ ബിജെപിയുടെ ഉറക്കം കെടുത്തുന്നുണ്ട്. ഡിസംബർ 12-ന് അയോധ്യ ക്ഷേത്രം സന്ദർശിക്കുമെന്ന അഖിലേഷിന്റെ പ്രഖ്യാപനത്തോട് ബിജെപി നേതാക്കൾ നടത്തുന്ന പ്രതികരണങ്ങൾ അതാണ് തെളിയിക്കുന്നത്. ജാതി രാഷ്ട്രീയത്തിന്റെ വിളനിലമാണ് ഉത്തർപ്രദേശ്. ബിജെപി കഴിഞ്ഞ രണ്ട് തവണ അവിടെ വിജയിച്ചത് തങ്ങളുടെ ഹിന്ദുത്വ വർഗീയത ഉയർത്തിയായിരുന്നു. മൂന്നാം തവണയും അതേ പാതയിലൂടെ പോകാനുള്ള ശ്രമങ്ങൾ യോഗിയും മോദിയും നടത്തുമ്പോൾ അഖിലേഷ് തീർക്കുന്ന മറുതന്ത്രങ്ങൾ ചില്ലറ വെല്ലുവിളിയല്ല ഉയർത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പയറ്റി വിജയിച്ച പിഡിഎ തന്ത്രം കാതലായ മാറ്റങ്ങൾ വരുത്തി നിയമസഭാ തെരഞ്ഞെടുപ്പിലും പ്രയോഗിക്കാനാണ് അഖിലേഷും സമാജ്‌വാദി പാർട്ടിയും ഇപ്പോൾ അണിയറ നീക്കങ്ങൾ നടത്തുന്നത്.

പിന്നോക്ക-ദലിത്-മുസ്ലിം വിഭാഗങ്ങളെ ചേർത്തുനിർത്തുന്ന അഖിലേഷിന്റെ മുദ്രാവാക്യമായിരുന്നു പിഡിഎ. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അത് വലിയ വിജയമായിരുന്നു. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പയറ്റിയ മുസ്ലിം-യാദവ സമവാക്യം വിജയിക്കാഞ്ഞതോടെയാണ് പുതിയൊരു കൂട്ടുകെട്ടിലേക്ക് അഖിലേഷ് പോയത്. മായാവതിയുടേയും ബിഎസ്പിയുടേയും തകർച്ച കൂടി ആയതോടെ എസ്പിയുടെ ഈ നീക്കം ഫലം കണ്ടു. ദലിത് വോട്ട് ബാങ്കിനെ തങ്ങളിലേക്ക് അടുപ്പിക്കാൻ അഖിലേഷിന് കഴിഞ്ഞതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന് നേട്ടമായത്. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ദലിത് വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ നിർത്തി വിജയിപ്പിക്കാൻ കഴിഞ്ഞത് എസ്പിക്ക് നേട്ടമായി. പരമ്പരാഗതമായി യാദവ വിഭാഗമാണ് എസ്പിയുടെ വോട്ട് ബാങ്ക്. എന്നാൽ യാദവേതര പിന്നോക്ക വിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെല്ലാൻ അഖിലേഷിനും കൂട്ടർക്കും കഴിഞ്ഞു.
പക്ഷേ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതുകൊണ്ട് മാത്രം വിജയിക്കാനാകില്ലെന്ന് അഖിലേഷിന് നന്നായറിയാം. ആ തിരിച്ചറിവിലാണ് പുതിയ തന്ത്രങ്ങൾക്ക് അഖിലേഷ് രൂപം കൊടുക്കുന്നത്. പിന്നോക്ക വിഭാഗങ്ങൾക്കൊപ്പം ബ്രാഹ്മണർ, ഭൂമിഹാർ, താക്കൂർ തുടങ്ങിയ മുന്നോക്ക വിഭാഗങ്ങളുടേയും പിന്തുണ അധികാരം പിടിക്കാൻ അനിവാര്യമാണ്. ബിജെപിയുടെ വോട്ട് ബാങ്കായ മുന്നോക്ക വിഭാഗങ്ങളിലേക്ക് കടന്നുകയറുകയെന്നതാണ് അഖിലേഷ് നോട്ടമിടുന്നത്. അതിന്റെ ഭാഗമായാണ് അയോധ്യ സന്ദർശനം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ. മാത്രവുമല്ല, സ്വന്തം നാടായ ഇറ്റാവയിൽ നിർമാണം പുരോഗമിക്കുന്ന കേദാരേശ്വർ ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാകർമം നടത്തിയ ശേഷം അയോധ്യയിലെത്തുമെന്നാണ് അഖിലേഷ് പറഞ്ഞിരിക്കുന്നത്. അടുത്തിടെയായി വിവിധ ഹിന്ദു സന്യാസികൾക്കൊപ്പം വേദികൾ പങ്കിടുന്നതിലും അഖിലേഷ് പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്. ഈ നീക്കങ്ങളൊക്കെ ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. യുപിയിൽ 20 ശതമാനത്തോളം മുന്നോക്ക വിഭാഗവും 21 ശതമാനത്തോളം ദലിത് വിഭാഗവുമാണ്. മുസ്ലിങ്ങൾ 19 ശതമാനം വരും. ഈ വോട്ടുബാങ്കുകളെ എല്ലാം തനിക്കൊപ്പം നിർത്താൻ ലക്ഷ്യമിട്ടുള്ള സോഷ്യൽ എൻജിനീയറിങ്ങാണ് അഖിലേഷ് ഇപ്പോൾ പയറ്റുന്നത്.

ഭരണവിരുദ്ധ വികാരത്തിന്റെ ഭയത്തിലാണ് ബിജെപി. പകുതിയോളം സിറ്റിങ് എംഎൽഎമാരെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്താൻ അതുകൊണ്ടുതന്നെ ബിജെപി തീരുമാനിച്ചിട്ടുണ്ട്. അയോധ്യയുടെ പേരിൽ വോട്ട് ചോദിക്കാമെന്ന് വെച്ചാൽ പക്ഷേ ക്ഷേത്രത്തിലെ സംഭാവനക്കൊള്ള തിരിച്ചടിയാകും. അങ്ങനെ മൊത്തത്തിൽ ഗ്രൗണ്ട് ബിജെപിക്ക് എതിരാണ്. അതിനിടയിലാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി തന്നെ എസ്ഐആറിനെതിരെ രംഗത്ത് വന്നത്. എസ്ഐആറിലൂടെ 1.2 കോടി ഹിന്ദു വോട്ടർമാരാണ് പുറത്തായതെന്നാണ് യോഗി പറഞ്ഞത്. ഇതും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. പ്രതിപക്ഷം നേരത്തെ ഉന്നയിച്ച ആശങ്കകൾ തന്നെയാണ് യോഗി ഇപ്പോൾ ഉയർത്തുന്നത്. ഇപ്പോൾ നിങ്ങളും ഞങ്ങളും തമ്മിൽ എന്താണ് വ്യത്യാസമെന്നാണ് അഖിലേഷ് ചോദിക്കുന്നത്. പരാതികളിലും പങ്കുവെക്കുന്ന ദുഃഖങ്ങളിലും പോലും വ്യത്യാസമില്ലാതായിരിക്കുന്നു എന്ന് പരിഹസിക്കുന്നുമുണ്ട് എസ്പി അധ്യക്ഷൻ. പക്ഷേ യോഗിയുടെ പരാമർശത്തിലെ മറ്റൊരു വസ്തുത കൂടി ശ്രദ്ധിക്കണം. 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയെന്ന് പറയുമ്പോൾ മുസ്ലിം വോട്ടർമാരുടെ എണ്ണത്തിൽ 1.65 ശതമാനം വർധനയുണ്ടായെന്നും കൂടി പറയുന്നുണ്ട് യോഗി. അതായത് അവിടെയും വർഗീയതയ്ക്കുള്ള സാധ്യതയാണ് യോഗി കാണുന്നത്. അതായത് ഹിന്ദുത്വ രാഷ്ട്രീയം പയറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുകയാണ് ബിജെപി. അതിന് തടയിടാനുള്ള ശക്തമായ നീക്കങ്ങളാണ് മറുവശത്ത് ഇന്ത്യാ സഖ്യം നടത്തുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)