പി.ടി. ഉഷയ്ക്ക് തോൽവി അംഗീകരിക്കാനാകുന്നില്ല; അഞ്ജു ബോബി ജോർജിന്റെ മറുപടി
ഐ.ഒ.എ തെരഞ്ഞെടുപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ പി.ടി. ഉഷ ഉന്നയിച്ച ക്രമക്കേട് ആരോപണങ്ങൾക്കെതിരെ അഞ്ജു ബോബി ജോർജ് രംഗത്തെത്തി.
ഗ്യാനേഷ് കുമാർ ഇല്ലാത്തതിന്റെ കുഴപ്പം പലയിടത്തും കാണുന്നുണ്ട് എന്ന് സോഷ്യൽ മീഡിയയിൽ ട്രോളുകൾ വരുമ്പോൾ അതിൽ ചിരിക്കാൻ മാത്രമല്ല, ചിന്തിക്കാനും ഏറെയുണ്ട്. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് തോറ്റപ്പോഴും അവിടെ ഒരു ഗ്യാനേഷ് കുമാർ വേണമായിരുന്നുവെന്നാണ് ഇന്ത്യയിൽ നിന്നും പറഞ്ഞ് കേട്ടത്. അതായത്, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്കുള്ള എസ്.ഒ.എം. തെരഞ്ഞെടുപ്പിൽ വോട്ടെണ്ണുമ്പോൾ തോറ്റ് അഞ്ചാം സ്ഥാനത്തെത്തിയ പി.ടി. ഉഷ ഇപ്പോഴും ആരോപണങ്ങൾ നിർത്തുന്നില്ല എന്നുള്ളതാണ്. ജനാധിപത്യത്തെ അംഗീകരിക്കാൻ ചിലർക്കുള്ള വിഷമം എടുത്തുകാണിക്കുകയാണിവിടെ.
ഇപ്പോൾ വോട്ടർപട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റി എസ്.ഐ.ആർ വഴി ബി.ജെ.പിയെ ജയിപ്പിക്കുന്ന പരിപാടി ഇല്ലെങ്കിൽ പി.ടി. ഉഷയുടെ അതേ വേവലാതിയും അസ്വസ്ഥതയും ബി.ജെ.പി നേതൃത്വത്തിനും ഉണ്ടാകുമായിരുന്നു എന്നാണ് ജനങ്ങൾ അഭിപ്രായം പറഞ്ഞുതുടങ്ങിയിരിക്കുന്നത്. അതായത്, അസോസിയേഷനിലെ 'സ്‌പോർട്‌സ്പേഴ്‌സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ്' എന്ന വിഭാഗത്തിലെ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ 40 വോട്ടുകൾ മാത്രം നേടി ഉഷ അഞ്ചാം സ്ഥാനത്താണ് എത്തിയത്. അതേസമയം മലയാളി അത്‌ലറ്റിക് താരം അഞ്ജു ബോബി ജോർജ്, അതുപോലെ റാണി രാംപാൽ, ദോല ബാനർജി, സൈന നെഹ്‌വാൾ എന്നിവർ വിജയിക്കുകയും ചെയ്തു. എന്നാൽ അത് അംഗീകരിക്കാൻ പി.ടി. ഉഷയ്ക്ക് അൽപ്പം ബുദ്ധിമുട്ടുണ്ട്. അവർ പറയുന്നത് പ്രകാരം 25-ലധികം പേർ തനിക്ക് മാത്രം വോട്ട് ചെയ്തതായി തന്നോട് നേരിട്ട് സ്ഥിരീകരിച്ചിട്ടുണ്ടെന്നും, അങ്ങനെയെങ്കിൽ വോട്ട് എണ്ണിയതിൽ വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെന്നുമാണ് ഉഷ അവകാശപ്പെടുന്നത്. അതുപോലെ തനിക്കെതിരായ വിഭാഗം ഒന്നിച്ച് വാട്സ്ആപ്പ് സന്ദേശങ്ങൾ വഴി പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടഭ്യർത്ഥിച്ചുവെന്നും വോട്ടർമാരിൽ ചിലരെ ചില കേന്ദ്രങ്ങളിൽ നിന്ന് വിളിച്ച് സമ്മർദത്തിലാക്കിയെന്നും ഉഷ പറയുന്നു. അതെല്ലാം ചേർത്തുവെച്ച് തിരഞ്ഞെടുപ്പ് ഫലവും നടപടികളും സുതാര്യമല്ലെന്നും ഇതിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരിക്കുന്നു. ജനാധിപത്യപരമായി നടന്ന ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇലക്ടറൽ ഓഫീസറുടെ നേതൃത്വത്തിൽ ഓൺലൈൻ വഴിയാണ് വോട്ടെടുപ്പ് നടന്നത്. ഉഷ ആരോപിക്കുന്നതുപോലെ അട്ടിമറി നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയോ ബന്ധപ്പെട്ട മറ്റ് അധികൃതരോ ഔദ്യോഗികമായി അന്വേഷണം പൂർത്തിയാക്കി സ്ഥിരീകരണങ്ങളൊന്നും നൽകിയിട്ടുമില്ല. സത്യത്തിൽ ജനാധിപത്യത്തെ അംഗീകരിക്കാൻ തയ്യാറാകാതെ സ്വയം അപഹാസ്യയാകുകയാണ് പി.ടി. ഉഷ.

ഇത് ജയിച്ചുവന്നവരെ അവഹേളിക്കുന്നതിനു തുല്യമാണ്. കാരണം നിലവിലെ പ്രസിഡന്റാണ് പി.ടി. ഉഷ. അന്ന് അവർ ജയിക്കുമ്പോൾ തെരഞ്ഞെടുപ്പിനെ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്. എന്നാൽ ഇപ്പോൾ അട്ടിമറിയെന്നും ക്രമക്കേടെന്നും പറഞ്ഞ് തള്ളിക്കളയുകയാണ് ഒരു പ്രസിഡന്റ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും അത് ഒരുപോലെ അംഗീകരിക്കാൻ എല്ലാവർക്കും സാധിക്കണമെന്നുമാണ് ഇപ്പോൾ ജയിച്ചുവന്ന അഞ്ജു ബോബി ജോർജ് വ്യക്തമാക്കുന്നത്. ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിനുള്ള കൃത്യമായ തെളിവ് ഹാജരാക്കണമെന്നും, എന്തെങ്കിലും പരാതികളുണ്ടെങ്കിൽ തെളിവുമായി ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളെയാണ് സമീപിക്കേണ്ടതെന്നും അവർ തുറന്നടിക്കുകയാണ്. തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ, അതായത് 53 വോട്ടുകൾ നേടിയാണ് അഞ്ജു ബോബി ജോർജ് വിജയിച്ചത്. ലഭിച്ച വോട്ടുകൾ കായികരംഗത്തെ തന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമാണെന്ന് പറയുന്ന അഞ്ജു, ഈ വോട്ടെടുപ്പിൽ ആരൊക്കെയാണ് തനിക്ക് വോട്ട് ചെയ്തതെന്ന് മുൻകൂട്ടി പറയാൻ കഴിയില്ലെന്നും സമ്മതിക്കുകയാണ്. അങ്ങനെയിരിക്കുമ്പോൾ തന്നെ വന്നു കണ്ട 25 പേർ തനിക്കുതന്നെ വോട്ട് ചെയ്യുമെന്ന് അറിയിച്ചു എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്ന് വ്യക്തമാകുന്നില്ല. രഹസ്യ ബാലറ്റിൽ എന്തും സംഭവിക്കാം. മാത്രമല്ല, നാല് വർഷം പ്രസിഡന്റായിരുന്ന ഒരാൾക്കെതിരെ വികാരമുണ്ടാകാം, അല്ലെങ്കിൽ ഇനിയൊരാൾ വരട്ടെ എന്നുള്ള തീരുമാനവും പലരുടെയും മനസ്സിൽ വരാം. ഏതായാലും വോട്ടെടുപ്പ് നടന്നപ്പോൾ 40 വോട്ടുകൾ മാത്രം നേടി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പി.ടി. ഉഷയ്ക്ക് ഭരണസമിതിയിലെ അംഗത്വം കൂടി നഷ്ടമായതോടെ വെപ്രാളമായി. തെരഞ്ഞെടുപ്പിനു ശേഷം തനിക്കെതിരായി ആസൂത്രിത നീക്കം നടന്നെന്ന ആരോപണവുമായി പി.ടി. ഉഷ രംഗത്തെത്തിയതോടെ ഐ.ഒ.എയിലെ പടലപ്പിണക്കങ്ങൾ പുതിയ തലത്തിലേക്ക് കടന്നിരിക്കുന്നു എന്നല്ലാതെ അതിനെ നന്നാക്കാൻ പി.ടി. ഉഷയ്ക്ക് കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)