പാർക്കിംഗ് തർക്കം: സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ചെന്ന് പരാതി; കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ്

ബസ് നേരത്തെ സ്റ്റാൻഡിൽ പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കമെന്ന് പരാതി; ഇരുമ്പ് ലിവർ കൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചെന്നും ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് നെഞ്ചിൽ മർദിച്ചെന്നും ആരോപണം.

Oct 04, 2026 - 20:00
0
പാർക്കിംഗ് തർക്കം: സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ചെന്ന് പരാതി; കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ്

കാഞ്ഞങ്ങാട്: കെഎസ്ആർടിസി ബസ് നേരത്തെ ബസ് സ്റ്റാൻഡിലെത്തിച്ച് പാർക്ക് ചെയ്യുന്നതിനെ ചോദ്യം ചെയ്ത സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ചെന്ന പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ്.

ശബരി ബസിലെ കണ്ടക്ടറും അരയി കാർത്തിക സ്വദേശിയുമായ എ. അഭിനേഷ് (36) നൽകിയ പരാതിയിലാണ് മുക്കുഴി സ്വദേശി എം.യു. പീറ്റർ (55), നായ്ക്കയം സ്വദേശി ജയ്മോൻ (50) എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കോടതി നിർദേശപ്രകാരമാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ മാർച്ച് ഏഴിന് വൈകിട്ട് 7.30ഓടെ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിനുള്ളിലായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് നേരത്തെ സ്റ്റാൻഡിലെത്തിച്ച് പാർക്ക് ചെയ്യുന്നതിനെ അഭിനേഷ് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

പീറ്റർ തന്നെ തള്ളിയിട്ട് വീഴ്ത്തിയെന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ ജയ്മോൻ തടഞ്ഞുനിർത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. തുടർന്ന് പീറ്റർ ഇരുമ്പ് ലിവർ ഉപയോഗിച്ച് തലയ്ക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ ഇടതുകൈകൊണ്ട് തടയുകയായിരുന്നു. ഇതിനെ തുടർന്ന് കൈക്ക് പരിക്കേറ്റതായും പരാതിയിൽ പറയുന്നു.

അതേസമയം, ജയ്മോൻ കൈവശമുണ്ടായിരുന്ന ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് നെഞ്ചിൽ ഇടിച്ചെന്നും പരാതിയിലുണ്ട്. ഇരുമ്പ് ലിവർ കൊണ്ടുള്ള ആക്രമണം കൈകൊണ്ട് തടയാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ ഗുരുതരമായ പരിക്കോ ജീവഹാനിയോ സംഭവിക്കാമായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.

സംഭവത്തിൽ പോലീസ് തുടർനടപടികൾ ആരംഭിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User