അറുപത് കഴിഞ്ഞ പ്രവാസികൾക്കും ക്ഷേമനിധി അംഗത്വം നൽകണം; പ്രായപരിധിയിൽ ഇളവ് വേണം: പ്രവാസി കോൺഗ്രസ്
60 വയസിന് ശേഷം നാട്ടിലെത്തുന്ന പ്രവാസികൾക്കും പ്രത്യേക അംശാദായ വ്യവസ്ഥയിൽ ക്ഷേമനിധി അംഗത്വം; പെൻഷൻ വർധിപ്പിക്കണമെന്നും പലിശരഹിത വായ്പയും ഗ്രാന്റും അനുവദിക്കണമെന്നും ആവശ്യം.
കാസർകോട്: ജീവിതത്തിന്റെ നല്ലൊരു പങ്കും വിദേശത്ത് ജോലി ചെയ്ത് 60 വയസ്സിന് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം അനുവദിക്കണമെന്ന് പ്രവാസി കോൺഗ്രസ് കാസർകോട് ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലെ പ്രായപരിധി നിബന്ധനയിൽ ഇളവ് വരുത്തി പ്രത്യേക അംശാദായ വ്യവസ്ഥകളിലൂടെ അറുപത് വയസ്സ് കഴിഞ്ഞവർക്കും ക്ഷേമനിധിയിൽ അംഗങ്ങളാകാനും പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അർഹരാകാനും അവസരം നൽകണമെന്നാണ് പ്രമേയത്തിലെ ആവശ്യം.
തിരിച്ചെത്തുന്ന പ്രവാസികൾക്കായി കൂടുതൽ വ്യാവസായിക, സ്വയംതൊഴിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നും പലിശരഹിത വായ്പകളും ഗ്രാന്റുകളും ലഭ്യമാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. നിലവിലെ ജീവിതച്ചെലവിന് അനുസൃതമായി പ്രവാസി പെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൽ.വി. അജയ് കുമാർ ആവശ്യപ്പെട്ടു.
നാടിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വികസനത്തിനും നട്ടെല്ലായി പ്രവർത്തിച്ച പ്രവാസികളെ പ്രായമായ ഘട്ടത്തിലും ചേർത്തുപിടിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കേണ്ടതെന്ന് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തിയ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ പറഞ്ഞു.
കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എൽ.വി. അജയ് കുമാർ ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റിന് മെമ്പർഷിപ്പ് നൽകി അദ്ദേഹം നിർവഹിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദിവാകരൻ കരിച്ചേരി അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ, കെ.വി. ഭക്തവത്സലൻ, എം. രാജീവൻ നമ്പ്യാർ, പ്രവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജമീല അഹമ്മദ്, സംസ്ഥാന ജനറൽ സെക്രട്ടറി സക്കീർ തയിൽ, എം.പി.എം. ഷാഫി, എ. വാസുദേവൻ, പത്മരാജൻ ഐങ്ങോത്ത്, വി. ഗോപി, ജോർജ് കരിമടം, രാജൻ തെക്കെക്കര, ഗംഗാധരൻ തൈക്കടപ്പുറം, കെ. ഫിറോസ്, വി. വിനോദ് കുമാർ, രവീന്ദ്രൻ കരിച്ചേരി, ബാലചന്ദ്രൻ വലിയമൂല, സി. കണ്ണൻ കൊളത്തൂർ, ഭാസ്കരൻ നായർ, അസ്കർ അബ്ബാസ്, കെ. രാജൻ എന്നിവർ സംസാരിച്ചു. അഹമ്മദ് ചൗക്കി സ്വാഗതവും മനോജ് ഉപ്പിലികൈ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)