തണ്ടൊടിഞ്ഞ് താമര; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വോട്ട് ചോർച്ച
38 വാർഡുകളിലെ കണക്കിൽ ബിജെപിയുടെ വോട്ട് 39,836ൽ നിന്ന് 22,950 ആയി; എൽഡിഎഫിന് ഏഴ് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുക്കാനായി
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വോട്ട് ചോർച്ച. 2025ലെ പൊതുതെരഞ്ഞെടുപ്പിലെ വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ബിജെപിക്ക് 16,886 വോട്ടുകളുടെ കുറവുണ്ടായി. കഴിഞ്ഞ തവണ 39,836 വോട്ട് നേടിയ സ്ഥാനത്ത് ഇത്തവണ ആകെ വോട്ട് 22,950 ആയി താഴ്ന്നു.
തിരുവനന്തപുരം കല്ലറ, പാലക്കാട് പല്ലശന, കോട്ടയം തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലാണ് ബിജെപിക്ക് ഏറ്റവും വലിയ വോട്ട് ഇടിവുണ്ടായത്. കല്ലറയിൽ 10,000ത്തിലധികം വോട്ട് നേടിയിരുന്ന ബിജെപി ഇത്തവണ 4,158 വോട്ടിലേക്ക് ചുരുങ്ങി. പല്ലശനയിൽ 6,294 വോട്ടിന്റെയും തൃക്കൊടിത്താനത്ത് 2,735 വോട്ടിന്റെയും കുറവുണ്ടായി.
അതേസമയം, 38 വാർഡുകളിലെ ഫലത്തിൽ യുഡിഎഫ് 18 സീറ്റുകളും എൽഡിഎഫ് 16 സീറ്റുകളും നേടി. നാല് സീറ്റുകളിൽ സ്വതന്ത്രരാണ് വിജയിച്ചത്. ഇതിൽ ഒരു സീറ്റ് ട്വന്റി-20യ്ക്കാണ്.
യുഡിഎഫിന്റെ ഏഴ് സിറ്റിംഗ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ നാല് സീറ്റുകൾ യുഡിഎഫ് തിരിച്ചുപിടിച്ചു. കോൺഗ്രസ് 12, മുസ്ലിം ലീഗ് നാല്, കേരള കോൺഗ്രസ് രണ്ട് എന്നിങ്ങനെയാണ് യുഡിഎഫിന്റെ കക്ഷിനില. എൽഡിഎഫിൽ സിപിഎം 13 സീറ്റുകളും സിപിഐ മൂന്ന് സീറ്റുകളും നേടി.
മുൻപ് ഈ 38 സീറ്റുകളിൽ 22 എണ്ണം യുഡിഎഫിനായിരുന്നു. ഉപതെരഞ്ഞെടുപ്പിന് ശേഷം സ്വതന്ത്രരടക്കം യുഡിഎഫിന്റെ അംഗബലം 19 ആയി. 15 സീറ്റുണ്ടായിരുന്ന എൽഡിഎഫ് 18 ആയി ഉയർന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് യുഡിഎഫ് എംഎൽഎമാർ രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന രണ്ട് തദ്ദേശ സീറ്റുകളും എൽഡിഎഫ് പിടിച്ചെടുത്തു. ചങ്ങനാശ്ശേരി എംഎൽഎ വിനു വി. ജോബ് ഒഴിഞ്ഞ കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ മഞ്ജു സുജിത്തും, ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ ഒഴിഞ്ഞ ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ് വാർഡിൽ വി. തുളസീധരനും വിജയിച്ചു. പരുത്തിക്കാവിൽ ഇരുമുന്നണികൾക്കും തുല്യവോട്ട് ലഭിച്ചതിനെ തുടർന്ന് നടത്തിയ നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്.
മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ രണ്ടെണ്ണം എൽഡിഎഫ് നേടി. തൃക്കൊടിത്താനത്തിന് പുറമെ പാലക്കാട് പല്ലശ്ശനയിലും എൽഡിഎഫ് വിജയിച്ചു. എന്നാൽ തിരുവനന്തപുരം കല്ലറ ഡിവിഷനിൽ യുഡിഎഫിലെ അമിത് തിലക് സീറ്റ് നിലനിർത്തി.
ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ അഞ്ചും എൽഡിഎഫ് നേടി. ഒരു സീറ്റ് യുഡിഎഫിനും മറ്റൊന്ന് സ്വതന്ത്രനും ലഭിച്ചു. ചിറയിൻകീഴ് ബ്ലോക്കിലെ അഞ്ചുതെങ്ങ് ഡിവിഷനും എൽഡിഎഫ് പിടിച്ചെടുത്തു.
23 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 13 എണ്ണം യുഡിഎഫും ഏഴ് എണ്ണം എൽഡിഎഫും മൂന്നെണ്ണം സ്വതന്ത്രരും നേടി. മൂന്ന് നഗരസഭാ വാർഡുകളിൽ രണ്ടെണ്ണം എൽഡിഎഫും ഒരെണ്ണം യുഡിഎഫും നേടി. രണ്ട് കോർപ്പറേഷൻ വാർഡുകളിൽ ഓരോ സീറ്റ് വീതം ഇരുമുന്നണികളും സ്വന്തമാക്കി.
ബിജെപിയുടെ വോട്ട് നിലയിലെ കുത്തനെയുള്ള ഇടിവാണ് ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പ് ഫലത്തിലെ ശ്രദ്ധേയമായ കണക്കുകളിലൊന്ന്. കനത്ത തിരിച്ചടിക്കിടയിലും സഖ്യകക്ഷിയായ ട്വന്റി-20യ്ക്ക് ലഭിച്ച ഒരു സീറ്റ് മാത്രമാണ് ബിജെപി മുന്നണിക്ക് ലഭിച്ച ആശ്വാസം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)