അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി
നാല് വർഷത്തെ തടവുശിക്ഷ മരവിപ്പിച്ചു; മുൻ ഡിജിപിക്ക് ജാമ്യം അനുവദിച്ചു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം. കേസിൽ കോട്ടയം വിജിലൻസ് കോടതി വിധിച്ച നാല് വർഷത്തെ തടവുശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ചു. തച്ചങ്കരി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നടപടി. ശിക്ഷ മരവിപ്പിച്ചതിനൊപ്പം തച്ചങ്കരിക്ക് ജാമ്യവും അനുവദിച്ചു.
അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2026 സെപ്റ്റംബർ 17നാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാല് വർഷത്തെ കഠിനതടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച തച്ചങ്കരി, വിചാരണക്കോടതി വിധി റദ്ദാക്കണമെന്നും ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
2003 ജനുവരി ഒന്നുമുതൽ 2007 ജൂലൈ ഏഴുവരെയുള്ള കാലയളവിൽ വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. ഏകദേശം 64 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വിചാരണക്കോടതി കണക്കുകളിലും തെളിവുകളുടെ വിലയിരുത്തലിലും പിഴവുകളുണ്ടെന്നായിരുന്നു തച്ചങ്കരിയുടെ വാദം. ഭാര്യയുടെ ബിസിനസ്, കൃഷി എന്നിവയിൽനിന്നുള്ള വരുമാനവും സ്വത്ത് വിൽപ്പനയിലൂടെ ലഭിച്ച തുകയും കൃത്യമായി പരിഗണിച്ചില്ലെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.
തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ടശേഷമാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിക്കാൻ തീരുമാനിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)