മാണി സി കാപ്പൻ അയോഗ്യനാകുമോ? സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് മുന്നിൽ നിർണായക തീരുമാനം
ചെക്ക് കേസിലെ ശിക്ഷയെ തുടർന്ന് മാണി സി കാപ്പന്റെ അയോഗ്യതയിൽ എത്രയും വേഗം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിച്ചതോടെ സ്പീക്കറുടെ തീരുമാനം നിർണായകമായി.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഭരണകക്ഷിയിലെ ഒരു എംഎൽഎയെ അയോഗ്യനാക്കാനുള്ള തീരുമാനം സ്പീക്കറിൽ നിന്ന് ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് കേരളരാഷ്ട്രീയം. എത്രയും പെട്ടെന്ന് തീരുമാനം എടുക്കാൻ ഹൈക്കോടതി നിർദേശം നൽകിയതോടെ സ്പീക്കർ സത്യത്തിൽ ഇക്കാര്യത്തിൽ ധർമസങ്കടത്തിലായിരിക്കുകയാണ് എന്ന് വേണം പറയാൻ. യുഡിഎഫ് എംഎൽഎ ആയ മാണി സി കാപ്പനെ അയോഗ്യനാക്കുന്നതിൽ ഉടനടി തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞമാസം ചെക്ക് കേസിൽ മുംബൈ ബോറെവാലി കോടതി മാണി സി കാപ്പന് തടവുശിക്ഷ വിധിച്ചതോടെയാണ് എംഎൽഎയുടെ അയോഗ്യത സംബന്ധിച്ച് ചർച്ച ഉയർന്നത്.മുംബൈ വ്യവസായിയായ ദിനേശ് മേനോന്റെ പരാതിയിലായിരുന്നു മാണി സി കാപ്പനെ കോടതി ചെക്ക് കേസിൽ ശിക്ഷിച്ചത്. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവാണ് വിധിച്ചിരിക്കുന്നത്. കൂടാതെ 5 കോടി 30 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.ജാമ്യമില്ലാ അറസ്റ്റ് വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് കാപ്പൻ കോടതിയിൽ നേരിട്ട് ഹാജരായതോടെ അത് റദ്ദാക്കി. വിധിക്കെതിരെ അപ്പീൽ നൽകാൻ ഒരുമാസത്തെ സമയം അനുവദിച്ചിട്ടുമുണ്ട്.
എന്നാൽ തടവുശിക്ഷ വിധിച്ചതോടെ കാപ്പൻ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനായി എന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ ദിനേശ് മേനോൻ സ്പീക്കർക്ക് പരാതി നൽകി. അതിൽ തീരുമാനം വൈകുന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പാലാ നിയമസഭാ സീറ്റ് ഒഴിഞ്ഞതായി സ്പീക്കർ വിജ്ഞാപനമിറക്കണം, പാലായിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണം എന്നൊക്കെയാണ് ദിനേശ് മേനോന്റെ ആവശ്യം.ജനപ്രാതിനിധ്യ നിയമപ്രകാരം ക്രിമിനൽ കേസിൽ രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ കിട്ടിയാൽ ആ ജനപ്രതിനിധി അയോഗ്യനാകും. ഇത് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്റെ നീക്കം. എന്നാൽ ഈ വാദത്തെ കാപ്പൻ കോടതിയിൽ എതിർത്തു. അയോഗ്യത തനിക്ക് ബാധകമാകില്ല എന്നാണ് കാപ്പന്റെ വാദം. കാരണം ഒരു കേസിൽ രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ വിധിച്ചാൽ മാത്രമേ ഒരു ജനപ്രതിനിധി അയോഗ്യനാവുകയുള്ളു. ഇവിടെ തനിക്ക് നാല് കേസുകളിലായാണ് മൂന്നര വർഷം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഒരു കേസിലും രണ്ട് വർഷത്തിൽ കൂടുതൽ തടവ് വിധിച്ചിട്ടില്ല എന്നാണ് കാപ്പൻ ചൂണ്ടിക്കാട്ടിയത്.
വാദം കേട്ടശേഷം ഹർജി തീർപ്പാക്കിയ കോടതി പന്ത് സ്പീക്കറുടെ കോർട്ടിലേക്ക് തട്ടിയിട്ടിരിക്കുകയാണ്. ഉചിതമായ തീരുമാനം എത്രയും പെട്ടെന്ന് എടുക്കുക, അതല്ല, ഗവർണറാണ് തീരുമാനം എടുക്കേണ്ടതെങ്കിൽ പരാതി രാജ്ഭവന് കൈമാറാനും ആണ് കോടതി നിർദേശിച്ചിരിക്കുന്നത്.അതേസമയം, തനിക്കെതിരായ ശിക്ഷാ വിധി മുംബൈ സെഷൻസ് കോടതി മരവിപ്പിച്ചു എന്ന അവകാശവാദവുമായി കാപ്പൻ ഇന്നലെ രംഗത്തെത്തിയിട്ടുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ പോരാട്ടത്തിൽ നേടിയ ആദ്യവിജയമെന്നും അതിനെ വിശേഷിപ്പിക്കുന്നുണ്ട്.എന്നാൽ തന്റെ അവകാശവാദത്തിന് തെളിവായി ഇതിന്റെ കോടതി ഉത്തരവൊന്നും കാപ്പൻ പങ്കുവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ കാപ്പന്റെ അവകാശവാദം കള്ളമാണെന്ന് പലരും വിമർശിക്കുന്നുമുണ്ട്.എന്തായാലും യുഡിഎഫിനെ സംബന്ധിച്ച് ഈ വിഷയത്തിലെ സ്പീക്കറുടെ തീരുമാനം നിർണായകമാണ്. സ്വാഭാവികമായും നിയമോപദേശം തേടിയ ശേഷമാകും സ്പീക്കർ ഒരു തീരുമാനം എടുക്കുക.


ഒരു കേസിൽ രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ വിധിച്ചിട്ടില്ലാത്തതിനാൽ അയോഗ്യത പ്രശ്നം വരില്ലെന്നാണ് യുഡിഎഫ് വിശ്വസിക്കുന്നത്. മറിച്ച് അയോഗ്യനാക്കിയാൽ അത് യുഡിഎഫ് സർക്കാരിന് കനത്ത തിരിച്ചടിയാകും.പാലായിൽ ഉപതെരഞ്ഞെടുപ്പ് സ്വപ്നം കണ്ട് പലരും ഇരിക്കുന്നുണ്ട്. അവരാണ് ഈ കേസിന് പിന്നിലെന്ന് കാപ്പൻ ആരോപിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ കാത്തിരിപ്പിന് കൂടിയാകും സ്പീക്കറുടെ തീരുമാനം മറുപടി നൽകുക.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)