പിണറായിയെ പൂട്ടാൻ നിർണായക നീക്കം? മാസപ്പടി കേസിൽ ഹൈക്കോടതി ഇടപെടൽ

Oct 09, 2026 - 16:30
Updated: 19 hours ago
0
പിണറായിയെ പൂട്ടാൻ നിർണായക നീക്കം? മാസപ്പടി കേസിൽ ഹൈക്കോടതി ഇടപെടൽ

ഒടുവിൽ യുഡിഎഫ് സർക്കാർ വിജയിച്ചിരിക്കുകയാണ് എന്ന് പറയേണ്ടി വരും. മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസ് എംഎൽഎയ്ക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി തന്നെ സർക്കാരിന് നിർദേശം നൽകിയിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് നിർണായകമായ ഉത്തരവാണ് കോടതിയിൽനിന്ന് വന്നിരിക്കുന്നത്. അത് യുഡിഎഫ് സർക്കാരിന് ഒരർത്ഥത്തിൽ ആശ്വാസവുമാണ്.കാരണം, മാസപ്പടി കേസിൽ ഹവാല ഇടപാട് ഉൾപ്പെടെ നടന്നിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. തുടർന്ന് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തെളിവുകൾ സഹിതം ഇഡി സെപ്റ്റംബർ ആദ്യം സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. ഇതിൽ നിയമോപദേശം തേടിയ സർക്കാർ, പക്ഷേ പ്രാഥമിക അന്വേഷണം നടത്താനുള്ള ഉത്തരവാണ് നൽകിയത്. ഇതിനായി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു.

ഇത് രണ്ട് തരത്തിലുള്ള ആരോപണങ്ങളാണ് യുഡിഎഫിനെതിരെ ഉയർത്തിയത്. സിപിഎമ്മുമായി ഒത്തുകളിച്ച് കേസ് അട്ടിമറിക്കുന്നതിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതെന്നായിരുന്നു ബിജെപിയുടെ ആരോപണം. മറുവശത്ത്, സർക്കാർ അന്വേഷണത്തിന് തയ്യാറായത് ഇഡി–മോദി–വിഡി കൂട്ടുകെട്ടിന്റെ ഭാഗമാണെന്നായിരുന്നു സിപിഎമ്മിന്റെ പ്രചാരണം.അതിനിടയിലാണ് കേസെടുക്കുന്നത് വൈകുന്നതിനെതിരെ പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ ഹൈക്കോടതിയെ സമീപിച്ചത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന ഉറച്ച നിലപാടാണ് ഇഡി വാദത്തിനിടെ സ്വീകരിച്ചത്. എന്നാൽ, പ്രാഥമിക അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചിട്ട് മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്നായിരുന്നു സർക്കാരിന്റെ നിലപാട്.കോടതി ചോദിച്ചത്, തെളിവുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നില്ല എന്നായിരുന്നു. ഇഡിയോട് തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാനും നിർദേശിച്ചിരുന്നു. ഈ തെളിവുകൾ കൂടി പരിശോധിച്ചിട്ടാണ് കോടതി ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതോടെ സർക്കാരിന് ധൈര്യമായി മുന്നോട്ടുപോകാനാകും. ഇനി എഫ്ഐആർ രജിസ്റ്റർ ചെയ്താൽ അത് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ഉന്നയിക്കാൻ സിപിഎമ്മിന് സാധിക്കില്ല. നേരത്തെ പ്രാഥമിക അന്വേഷണം നടത്താൻ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പ്രേരിപ്പിച്ചതിനും കാരണമുണ്ട്. കേസെടുക്കേണ്ടത് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ്. കേസെടുക്കുകയും നിയമപോരാട്ടത്തിൽ എന്തെങ്കിലും തിരിച്ചടിയുണ്ടാവുകയും ചെയ്താൽ അത് സർക്കാരിന് വലിയ നാണക്കേടാകും. സിപിഎമ്മിനും പിണറായിക്കും അത് ഇരട്ടി ഊർജവും നൽകും.

അത്തരമൊരു സാഹചര്യം ഒഴിവാക്കേണ്ടത് കോൺഗ്രസിനും അനിവാര്യമായിരുന്നു. കോടതിയുടെ നിർദേശപ്രകാരം കേസെടുത്ത് മുന്നോട്ടുപോകുമ്പോൾ മറ്റ് ആരോപണങ്ങൾക്ക് ചെവികൊടുക്കേണ്ടി വരില്ല എന്നത് സതീശന് വലിയ വിജയമാണ്. മറുവശത്ത്, പിണറായിക്കും സിപിഎമ്മിനും കോടതിയിൽനിന്ന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത് എന്നതിൽ സംശയമില്ല.ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎമ്മിന്റെ തീരുമാനം. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്താൽ പിണറായി വിജയന് പിന്നീട് പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനുള്ള ധാർമിക അവകാശം ഇല്ലാതാകും. അതിനാൽ വിധിക്കെതിരെ അപ്പീൽ പോകാനുള്ള നീക്കം ഉണ്ടാകുമെന്ന് ഉറപ്പാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User