സരിൻ വീണ്ടും സി.പി.എമ്മിന് തലവേദന; ഡൽഹിയിലെ പ്രസ്താവനയിൽ പാർട്ടിക്കുള്ളിൽ അതൃപ്തി
ഡൽഹിയിലെ രാഷ്ട്രീയ പ്രതിഷേധത്തിനിടെ ഡോ. പി. സരിൻ നടത്തിയ പരാമർശങ്ങൾ വിവാദമായതോടെ സി.പി.എമ്മിന്റെ ദേശീയ രാഷ്ട്രീയ നിലപാടുകളുമായുള്ള പൊരുത്തത്തെച്ചൊല്ലി പുതിയ ചർച്ചകൾ ഉയരുന്നു.
കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ്, പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട് സീറ്റ് കിട്ടിയില്ലെന്ന നിരാശയിൽ കോൺഗ്രസ് വിട്ടിറങ്ങി സിപിഎമ്മിന്റെ പാളയത്തിലേക്ക് ചേക്കേറിയ ഡോ. പി. സരിൻ വീണ്ടും തന്റെ വിശ്വരൂപം പുറത്തെടുത്തിരിക്കുകയാണ്. അന്ന് പാർട്ടി മാറി ഇടതുപക്ഷത്ത് എത്തിയെങ്കിലും, എവിടെച്ചെന്നാലും അവിടെയെല്ലാം അബദ്ധങ്ങളും അമളിത്തരങ്ങളും ഒപ്പിച്ച് പാർട്ടിയെ വെട്ടിലാക്കുക എന്നത് സരിന്റെ ഒരു സ്ഥിരം ശൈലിയായി മാറിയിരിക്കുന്നു. ഇയാൾ സിപിഎമ്മിൽ പോയിട്ട് എന്ത് ഗുണമുണ്ടായി എന്ന ചോദ്യമാണ് ഇപ്പോൾ അണികളുടെ ഇടയിൽ നിന്നും ഉയരുന്നത്. അതിന്റെ ഏറ്റവും വലിയ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ അരങ്ങേറിയ സംഭവങ്ങൾ. സ്വന്തം മുന്നണിയുടെ നട്ടെല്ലൊടിക്കാൻ എന്നോണം സരിൻ വിളിച്ചുപറഞ്ഞ വിവരക്കേടുകൾ കണ്ട് ഒടുവിൽ എം.എ. ബേബിക്ക് വരെ മുഖം കറുപ്പിക്കേണ്ടി വന്നു എന്നത് ഈ നഗരത്തിലെയും പാർട്ടിയുടെയും ഏറ്റവും വലിയ ഗതികേടാണ്...ഡൽഹിയിൽ രാജ്യവ്യാപകമായ സമരമുഖത്ത് മൈക്കിന് മുന്നിൽ ചെന്ന് സരിൻ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ കേരളത്തിലെ ഇടതുപക്ഷത്തെ പാടെ നാണംകെടുത്തുന്നതായിരുന്നു. സിജെപി ആർഎസ്എസിന്റെ മറ്റൊരു പദ്ധതിയാണെന്നും, അണ്ണാ ഹസാരെ ബിജെപിക്ക് വേണ്ടി വിടുപണി ചെയ്തതുപോലെ ജനങ്ങളുടെ മുന്നേറ്റങ്ങളെ വഴിതിരിച്ചുവിടാനാണ് അവർ ഇറങ്ങിയിരിക്കുന്നതെന്നുമൊക്കെ സരിൻ വിളിച്ചുപറഞ്ഞത് ഏതെങ്കിലും സമരത്തിന് ശക്തിപകരാനല്ല, മറിച്ച് സ്വന്തം പാർട്ടിയുടെ നിലപാടുകളെ കാറ്റിൽപ്പറത്താനാണ്. സിജെപിയുമായി ചേർന്ന് ദേശീയ തലത്തിൽ പ്രതിരോധം തീർക്കാൻ സിപിഎം ഔദ്യോഗികമായി തീരുമാനിച്ചിരിക്കുന്ന ആ നിർണ്ണായക ഘട്ടത്തിലാണ്, തന്റെ വിഡ്ഢിത്തങ്ങൾ എഴുന്നള്ളിച്ച് സരിൻ എതിരാളികൾക്ക് വടം പിടിച്ചുകൊടുത്തത്. ദേശീയ രാഷ്ട്രീയ വേദികളിൽ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാകുന്ന ഈ പരാമർശം പാർട്ടി നേതൃത്വത്തെയും പ്രത്യേകിച്ച് എം.എ. ബേബിയെപ്പോലെയുള്ള മുതിർന്ന നേതാക്കളെയും എത്രമാത്രം ചൊടിപ്പിച്ചിട്ടുണ്ടാകും എന്നത് ഊഹിക്കാവുന്നതേയുള്ളൂ.
പറഞ്ഞത് അബദ്ധമാണെന്ന് ബോധ്യപ്പെട്ടതോടെ, തടിയൂരാനായി പിന്നീട് ഫേസ്ബുക്കിൽ വന്ന് 'അച്ചടക്കമുള്ള പാർട്ടി അംഗമാണ്, വലിയ നാക്ക് പിഴയായിപ്പോയി' എന്നൊക്കെ പറഞ്ഞ് സരിൻ മാളത്തിൽ ഒളിക്കാൻ നോക്കിയെങ്കിലും ആ നാടകം ഇവിടെയും വിജയിച്ചിട്ടില്ല. കോൺഗ്രസിൽ നിന്ന് വന്ന് സിപിഎമ്മിന്റെ അച്ചടക്കം പഠിക്കാൻ ശ്രമിക്കുന്ന സരിന്റെ ഓരോ പ്രസ്താവനയും പാർട്ടിക്ക് നൽകുന്നത് വലിയ ആഘാതങ്ങളാണ്. സ്വന്തം മുന്നണിയുടെ സമരമുഖത്ത് ചെന്ന് സ്ഥിരമായി ഇത്തരത്തിലുള്ള പണികൾ ഒപ്പിക്കുന്ന ഈ കാടൻ രീതി ഇനിയും തുടർന്നാൽ സരിനെ ചുമക്കേണ്ട ഗതികേടിൽ പാർട്ടി അണികൾ തന്നെ പരസ്യമായി പൊട്ടിത്തെറിക്കേണ്ടി വരും. എന്ത് തൊട്ടാലും കുഴപ്പത്തിലാക്കുന്ന ഈ രീതി മാറ്റിവെച്ചില്ലെങ്കിൽ, സരിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആയുസ്സ് എത്രയെന്ന് പാർട്ടി തന്നെ വൈകാതെ തീരുമാനിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)