ബി.ജെ.പി എം.എൽ.എയുടെ കാർ കഴുകാൻ ഫയർഫോഴ്സ് വാഹനം; വിവാദം ശക്തം
സിങ്‌റോളി: സ്വകാര്യ വാഹനം വൃത്തിയാക്കാൻ ഫയർഫോഴ്സ് വാഹനം ദുരുപയോഗം ചെയ്ത സംഭവത്തിൽ ബി.ജെ.പി എം.എൽ.എയ്‌ക്കെതിരെ വ്യാപക വിമർശനം. മധ്യപ്രദേശിലെ സിങ്‌റോളി മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ രാം നിവാസ് ഷായുടെ സ്വകാര്യ ഇന്നോവ കാർ ഫയർ എഞ്ചിൻ ഉപയോഗിച്ച് കഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
ബിലോഞ്ചിയിലുള്ള എം.എൽ.എയുടെ ഔദ്യോഗിക വസതിക്ക് പുറത്തുവെച്ചാണ് സംഭവം നടന്നത്. ഫയർഫോഴ്സിന്റെ മൂന്ന് ജീവനക്കാർ ചേർന്ന് ഫയർ എഞ്ചിനിലെ ഉയർന്ന സമ്മർദ്ദമുള്ള വെള്ളവും ഹോസും ഉപയോഗിച്ച് കാർ വൃത്തിയാക്കുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. ജനങ്ങളുടെ അടിയന്തര സുരക്ഷയ്‌ക്കായി ഉപയോഗിക്കേണ്ട സർക്കാർ സംവിധാനങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്തതിൽ പ്രതിപക്ഷവും പൊതുജനങ്ങളും ശക്തമായ പ്രതിഷേധമറിയിച്ചു.
എന്നാൽ, ആരോപണങ്ങൾ എം.എൽ.എ രാം നിവാസ് ഷാ നിഷേധിച്ചു. സർക്കാരിന്റെ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സിങ്‌റോളി മേയറുടെ വസതിയിലേക്ക് വെള്ളം നിറയ്ക്കാൻ പോയതായിരുന്നു ഫയർഫോഴ്സ് വാഹനം. യാത്രാമധ്യേ താൽക്കാലികമായി വാഹനം നിർത്തിയപ്പോൾ ഡ്രൈവർ സ്വന്തം ഇഷ്ടപ്രകാരം അൽപം വെള്ളമെടുത്ത് കാറിലേക്ക് അടിച്ചതാണെന്നുമാണ് എം.എൽ.എ നൽകുന്ന വിശദീകരണം.
ഉന്നത അധികാരികളുടെയോ ഭരണകക്ഷി നേതാക്കളുടെയോ നിർബന്ധത്തിന് വഴങ്ങി കൃത്യനിർവഹണം മറന്ന് ജോലി ചെയ്യേണ്ടി വരുന്ന ഫയർഫോഴ്സ് ജീവനക്കാരുടെ അവസ്ഥയും പരോക്ഷമായി ചർച്ചയാകുന്നുണ്ട്. സംഭവം തൽസമയം പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും വാഹനം ദുരുപയോഗം ചെയ്തവർക്കുമെതിരെ വകുപ്പുതല അന്വേഷണവും കർശന നടപടിയും വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)