മുണ്ടൂർ വേലിക്കാട് ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം; ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു
ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീന് ദാരുണാന്ത്യം; കണ്ടെയ്‌നർ ലോറി ഡ്രൈവർ സാഹസികമായി രക്ഷപ്പെട്ടു
പാലക്കാട്: മുണ്ടൂർ വേലിക്കാട് ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തത്തിൽ ലോറി ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം.
മരമില്ലുകളിൽനിന്ന് അറക്കപ്പൊടി കയറ്റിവന്ന ലോറിയും കണ്ടെയ്‌നർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അറക്കപ്പൊടി കയറ്റിയ ലോറിയുടെ ഡ്രൈവറായിരുന്നു മരിച്ച നസീറുദ്ദീൻ.
കൂട്ടിയിടിയുടെ വൻ ശബ്ദം കേട്ട് ഞെട്ടിയുണർന്ന സമീപവാസികൾ സ്ഥലത്തെത്തിയപ്പോഴേക്കും രണ്ട് ലോറികളും തീപിടിച്ച് കത്തുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ ഏതൊക്കെയാണെന്നോ സംഭവിച്ചത് എന്താണെന്നോ ആദ്യം വ്യക്തമായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തീപിടിച്ച കണ്ടെയ്‌നർ ലോറിയിൽനിന്ന് ഡ്രൈവർ സാഹസികമായി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നിലത്തുകൂടെ ഇഴഞ്ഞ് റോഡരികിലേക്ക് എത്തിയ ഇയാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഉടൻ ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് മാറ്റി. കണ്ടെയ്‌നർ ലോറി ഡ്രൈവർ ഇതര സംസ്ഥാന തൊഴിലാളിയാണ്.
അതേസമയം, ഗുരുതരമായി പൊള്ളലേറ്റ നസീറുദ്ദീനെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചു. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ലോറിയിലെ തീ പൂർണമായും അണച്ചു.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും ഉണ്ടായി. അപകടത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അധികൃതർ അന്വേഷണം നടത്തിവരികയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)