പഞ്ചസാര വിലവർധനവ്: '40 കഴിഞ്ഞവർ മധുരം ഉപേക്ഷിക്കണം' വിചിത്രവാദവുമായി ബി.ജെ.പി മന്ത്രി

Aug 28, 2026 - 11:27
Updated: 1 hour ago
0
പഞ്ചസാര വിലവർധനവ്: '40 കഴിഞ്ഞവർ മധുരം ഉപേക്ഷിക്കണം' വിചിത്രവാദവുമായി ബി.ജെ.പി മന്ത്രി

രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നതിനെ വിചിത്രമായ വാദങ്ങൾ നിരത്തി ന്യായീകരിച്ച് മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ കൈലാഷ് വിജയ്‌വർഗിയ. രാജ്യത്ത് 90 ശതമാനം ആളുകൾക്കും മധുരം ഇഷ്ടമല്ലെന്നും പഞ്ചസാരയുടെ വില ഇനിയും കൂട്ടണമെന്നുമാണ് പൊതുയോഗത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. 40 വയസ്സ് കഴിഞ്ഞവർ പഞ്ചസാര ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം. കുട്ടികൾക്കായി ന്യായവില ഷാപ്പുകൾ വഴി മാത്രം കുറഞ്ഞ നിരക്കിൽ പഞ്ചസാര ലഭ്യമാക്കിയാൽ മതിയെന്നും വിജയ്‌വർഗിയ കൂട്ടിച്ചേർത്തു.

അതേസമയം, വരാനിരിക്കുന്ന ഉത്സവ സീസണിൽ പഞ്ചസാര വില വർദ്ധിപ്പിച്ച് നരേന്ദ്ര മോദി സർക്കാർ 36,000 കോടി രൂപയുടെ ഭീമമായ അഴിമതി നടത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. കരിഞ്ചന്തക്കാർക്കും പൂഴ്ത്തിവെപ്പുകാർക്കും കേന്ദ്ര സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല കുറ്റപ്പെടുത്തി.

ഏപ്രിൽ മാസത്തിൽ തന്നെ പഞ്ചസാര ക്ഷാമത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചിട്ടും അത് തടയാൻ കേന്ദ്ര സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതോടെ കിലോയ്ക്ക് 45 രൂപയുണ്ടായിരുന്ന പഞ്ചസാര വില ഒറ്റയടിക്ക് 75 രൂപയിലേക്ക് ഉയർന്നു. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള ഉത്സവ സീസണിൽ രാജ്യത്ത് 1.2 കോടി ടൺ പഞ്ചസാരയാണ് ആവശ്യമുള്ളത്. വിലവർധനവ് മൂലം ഉപഭോക്താക്കൾ കിലോയ്ക്ക് 30 രൂപയോളം അധികമായി നൽകേണ്ടിവരുന്നു. ഇത് രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് മേൽ 36,000 കോടി രൂപയുടെ അധിക സാമ്പത്തിക ഭാരം സൃഷ്ടിക്കുമെന്നും ഇതിന്റെ നേരിട്ടുള്ള പ്രയോജനം പൂഴ്ത്തിവെപ്പുകാർക്കാണെന്നും സുർജേവാല പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User