കാസർഗോഡിനെ തൂക്കി സന്ദീപ് വാര്യർ എം.എൽ.എ; ജില്ലയുടെ പുതിയ പ്രതീക്ഷയായി ജനപ്രതിനിധി

തൃക്കരിപ്പൂരിലെ ചരിത്ര വിജയത്തിന് പിന്നാലെ വികസന വിഷയങ്ങളിലും ജനകീയ ഇടപെടലുകളിലും സജീവം; മന്ത്രിക്ക് തുല്യമായ പ്രവർത്തനമെന്ന് പൊതുജന വിലയിരുത്തൽ.

കാസർഗോഡിനെ തൂക്കി സന്ദീപ് വാര്യർ എം.എൽ.എ; ജില്ലയുടെ പുതിയ പ്രതീക്ഷയായി ജനപ്രതിനിധി

കാഞ്ഞങ്ങാട്: ജില്ലയ്ക്ക് അത്ര പരിചിതനല്ലാതിരുന്ന ഒരു രാഷ്ട്രീയ മുഖമായി എത്തിയ സന്ദീപ് വാര്യർ, ഇന്ന് കാസർഗോഡ് ജില്ലയിലെ ജനങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

അടുത്തകാലത്താണ് സന്ദീപ് വാര്യർ യു.ഡി.എഫ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. തുടർന്ന് സി.പി.എമ്മിന്റെ “മോസ്കോ” എന്ന വിശേഷണത്തോടെ അറിയപ്പെട്ടിരുന്ന തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചു. എന്നാൽ രാഷ്ട്രീയ നിരീക്ഷകരെയും പ്രവർത്തകരെയും അമ്പരപ്പിച്ച് മണ്ഡലം അദ്ദേഹത്തെ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒടുവിൽ തൃക്കരിപ്പൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ശ്രദ്ധേയമായ വിജയം സ്വന്തമാക്കാൻ സന്ദീപ് വാര്യർക്ക് സാധിച്ചു.

വിജയത്തിന് ശേഷം അദ്ദേഹം മണ്ഡലത്തിൽ സജീവമായി ഉണ്ടാകുമോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നെങ്കിലും, തുടർച്ചയായ പൊതുപ്രവർത്തനങ്ങളിലൂടെ തൃക്കരിപ്പൂർ ജനതയുടെ മാത്രമല്ല, കാസർഗോഡ് ജില്ലയിലെ ജനങ്ങളുടെ പ്രതീക്ഷയായി മാറിയിരിക്കുകയാണ് സന്ദീപ് വാര്യർ.

ജില്ലയിലെ അഞ്ച് എം.എൽ.എമാരിൽ നാല് പേരും യു.ഡി.എഫ് പ്രതിനിധികളാണ്. കൂടാതെ കാസർഗോഡിന് ഒരു യു.ഡി.എഫ് എം.പിയുമുണ്ട്. എന്നാൽ വികസന വിഷയങ്ങളിലെ ഇടപെടലുകളിലൂടെയും ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെയും സന്ദീപ് വാര്യർ വേറിട്ടുനിൽക്കുന്നതായി പൊതുജനം ചൂണ്ടിക്കാട്ടുന്നു.

ചീമേനിയിൽ 125 ഏക്കർ സ്ഥലത്ത് വ്യവസായ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നടത്തിയ ഇടപെടൽ ശ്രദ്ധേയമായി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തി പദ്ധതിക്ക് മുന്നോട്ട് പോകാനുള്ള നടപടികൾക്ക് വേഗം നൽകിയതായാണ് അറിയുന്നത്. കാസർഗോഡുകാർ ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ സാധ്യത സൃഷ്ടിക്കാൻ കഴിയുന്ന വലിയ വ്യവസായ പദ്ധതിയായി ചീമേനി വ്യവസായ പാർക്ക് മാറുമെന്നാണ് പ്രതീക്ഷ.

അടുത്തിടെ ഉണ്ടായ പ്രളയക്കെടുതിക്കിടെ കിഴക്കൻ മലയോര മേഖലകളിലെ ജനങ്ങൾക്കൊപ്പം രാപ്പകലില്ലാതെ പ്രവർത്തിച്ച എം.എൽ.എ എന്ന നിലയിലും സന്ദീപ് വാര്യർ ശ്രദ്ധ നേടി.വലിയപറമ്പ് മേഖലയിലെ കടൽക്ഷോഭ പ്രശ്നത്തിൽ അടിയന്തര ഇടപെടലുകൾ നടത്തി, തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ശാശ്വത പരിഹാരത്തിനുള്ള നടപടികൾക്കും താൽക്കാലിക ആശ്വാസ പ്രവർത്തനങ്ങൾക്കും വഴിയൊരുക്കാൻ സന്ദീപ് വാര്യർക്ക് സാധിച്ചു.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഏത് ജില്ലയിൽ സ്ഥാപിക്കണമെന്ന ചർച്ചകൾക്കിടെ കാസർഗോഡ് ജില്ലയുടെ സാധ്യതകൾ സംബന്ധിച്ചും കയ്യൂർ-ചീമേനി മേഖലയിലെ നൂറുകണക്കിന് ഏക്കർ ഭൂമിയുടെ വിശദ വിവരങ്ങൾ തയ്യാറാക്കി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് കേന്ദ്രത്തിന് സമർപ്പിച്ച സാധ്യതാ പട്ടികയിൽ കയ്യൂർ-ചീമേനി മേഖല ഉൾപ്പെട്ടതും വലിയ ചർച്ചയായി.

ഓരോ വിഷയത്തിലും നിവേദനം നൽകുന്നതിൽ മാത്രം ഒതുങ്ങാതെ, കാര്യങ്ങൾ പഠിക്കുകയും കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്ത് വിഷയങ്ങൾ അവതരിപ്പിക്കുന്ന രീതിയാണ് സന്ദീപ് വാര്യറുടെ പ്രവർത്തന ശൈലിയെന്ന് പൊതുജനങ്ങൾ വിലയിരുത്തുന്നു.

മന്ത്രിയില്ലാത്ത കാസർഗോഡ് ജില്ലയിൽ വികസന വിഷയങ്ങളിൽ ശക്തമായ ഇടപെടലുകളുമായി മുന്നോട്ട് പോകുന്ന ജനപ്രതിനിധിയായി സന്ദീപ് വാര്യർ ഉയർന്നുവെന്നാണ് ഇപ്പോഴത്തെ പൊതുവായ വിലയിരുത്തൽ. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള ജനങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.