നാലര പതിറ്റാണ്ടിന്റെ കൂട്ടുകെട്ടിന് വിള്ളൽ? സിപിഎം-സിപിഐ പോര് കടുക്കുന്നു

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയ തർക്കം രൂക്ഷമായതോടെ സിപിഎം-സിപിഐ പരസ്യ പോരിലേക്ക് നീങ്ങുകയും എൽഡിഎഫിലെ ഭാവി ബന്ധം ചർച്ചയാവുകയും ചെയ്യുന്നു.

Aug 27, 2026 - 16:08
0
നാലര പതിറ്റാണ്ടിന്റെ കൂട്ടുകെട്ടിന് വിള്ളൽ? സിപിഎം-സിപിഐ പോര് കടുക്കുന്നു

സിപിഎം-സിപിഐ പോര് കടുക്കുകയാണ്. പരസ്പരം ചെളിവാരി എറിഞ്ഞുള്ള യുദ്ധം സകല സീമകളും ലംഘിക്കുമ്പോള്‍ അന്തിമ വിജയം ആരുടേതാണെന്ന ആകാംഷയിലാണ് സംസ്ഥാനത്തെ രാഷ്ട്രിയ നിരീക്ഷകര്‍. പതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തര്‍ക്കമാണ് പരസ്യ പോരിലേയ്ക്ക് നീങ്ങിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രത്തില്‍ ലേഖനം വന്നതിന് പിന്നാലെ, സിപിഐയുടെ വലുപ്പത്തെ ചോദ്യംചെയ്ത് സിപിഎം നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് തമ്മില്‍ തല്ല് രൂക്ഷമായിരിക്കുന്നത്. രണ്ട് ലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലങ്ങളില്‍ സിപിഐക്ക് ഒറ്റയ്ക്ക് 5000 വോട്ട് കിട്ടുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എന്‍.മോഹനനാണ് തീരുവോണ നാളില്‍ ആദ്യ വെടിപൊട്ടിച്ചത്. ഫെയ്സ്ബുക്കിലൂടെയാണ് സി എന്‍ മോഹനന്റെ വിമര്‍ശനം വന്നത്. ഇവിടെ സിപിഐ എല്‍ഡിഎഫ് വിട്ട്  സ്വതന്ത്രനാകുവാനുള്ള സമയം അതിക്രമിച്ചുഎന്നാണ് അണികളില്‍ നിന്ന് ഉയരുന്ന ആവശ്യം. തത്ക്കാലം എല്‍ഡിഎഫ് വിട്ട് പുറത്ത് വരിക, ബാക്കി കാര്യം പിന്നീട് തീരുമാനിക്കാമെന്ന നിലപാടിലേയ്ക്ക് സിപിഐ നേതാക്കള്‍ എത്തിയതായി സ്ഥിരികരിക്കാത്ത വിവരങ്ങളാണ് പുറത്ത വരുന്നത്. സിപിഐ-സിപിഎം മൂപ്പിളമ പോര് കാലാകാലങ്ങളായി ഇവിടെ സംഭവിക്കുന്നതാണ്. എന്നാല്‍ അത് അതിന്റെ അതിര്‍വരമ്പുകള്‍ സകലതും ലംഘിക്കപ്പെടുന്ന ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കുന്നത് ഇത് ആദ്യമായിട്ടായിരിക്കും. നേരത്തെ ഇരു മുന്നണികളിലായി നിന്നപ്പോഴും വിമര്‍ശനങ്ങളില്‍ മാന്യത പുലര്‍ത്തിയിരുന്നു.

 അന്ന് പി കെ വാസുദേവന്‍ നായര്‍ അടക്കമുള്ള സിപിഐ നേതാക്കന്മാര്‍ ഇടപ്പെട്ടാണ് സിപിഐയുമായി ഇടതുമുന്നണിയില്‍ എത്തിച്ചത്. പിന്നീട് നാലര പതിറ്റാണ്ട് ഒറ്റക്കെട്ടായി മുന്നോട്ട് പോയ പാര്‍ട്ടികളാണ ഇപ്പോള്‍ രണ്ട് വഴിക്ക് തിരിഞ്ഞിരിക്കുന്നത്. എന്നും സമ്മര്‍ദ്ദതന്ത്രം സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഐ എന്ന് കുറ്റപ്പെടുത്തിയ സി എന്‍ മോഹനന്‍ ഇടതുപക്ഷ ഐക്യം വേണമെങ്കില്‍ സിപിഎം സഹിച്ചുകൊള്ളണം എന്നതാണ് അവരുടെ നിലപാടെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പിഎം ശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം. ആ സമയത്ത് അകത്തുനിന്നാക്രമിച്ചു സര്‍ക്കാരിനെ നാണംകെടുത്തി. അതിന്റെ തുടര്‍ച്ചകൂടിയാണ് നിയമസഭ തോല്‍വിയെന്നും സിപിഎം സെക്രട്ടേറിയറ്റ് അംഗം കുറ്റപ്പെടുത്തുന്നുണ്ട്. സമ്മര്‍ദ്ദ തന്ത്രത്തില്‍ അനര്‍ഹമായതാണ് സിപിഐ അനുഭവിക്കുന്നത് എന്നോര്‍ക്കുന്നില്ല. ഇന്നുവരെയില്ലാത്ത കീഴ് വഴക്കങ്ങള്‍ ലംഘിച്ചാണ് നിയമസഭയില്‍ പ്രതിപക്ഷ ഉപനേതൃ പദവി തങ്ങള്‍ക്കു വേണം എന്ന് സിപിഐ ആവശ്യപ്പെടുന്നതെന്നും മോഹനന്‍ പറയുന്നുണ്ട്. സിപിഐയ്ക്ക് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതും സി.എന്‍.മോഹനന്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി സിപിഐ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന ചരിത്രമുണ്ടെന്ന് സിപിഎം സംസ്ഥാന സമിതി അംഗം വി.ശിവന്‍കുട്ടിയും വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷ ഉപനേതാവ് പദവിയെ സംബന്ധിച്ച് പിണറായി വിജയന്‍ പറഞ്ഞതാണ് ശരിയെന്നും ശിവന്‍കുട്ടി വ്യക്തമാക്കുകയുണ്ടായി. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് താന്‍ കത്ത് കൊടുക്കേണ്ട താമസമേയുള്ളൂവെന്നും സിപിഎം നേതാവ് തന്നെ പദവിയിലെത്തുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതാണ് സിപിഐയെ ചൊടിപ്പിച്ചത്. എല്ലാം താനാണെന്ന ഭാവമാണ് പിണറായിക്കെന്നടക്കമുള്ള വിമര്‍ശനങ്ങളുമായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ജനയുഗത്തില്‍ ലേഖനമെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് തമ്മില്‍ അടിച്ചിരുന്ന നേതാക്കന്മാര്‍ മറനീക്കി പുറത്ത് വന്ന് പോര് രൂക്ഷമാക്കിയത്.ഇവിടെ കോണ്‍ഗ്രസിന്റെ നിലപാടാണ് ശ്രദ്ധേയം. സിപിഐയെ പിന്തുണയ്ക്കുന്ന സമീപനമാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുന്നത്. നേരത്തെ പിഎം ശ്രീ വിഷയത്തില്‍ സിപിഐ നിലപാട് പസര്യമാക്കി സിപിഎമ്മിനെതിരെ തിരിഞ്ഞപ്പോള്‍ തന്നെ അന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കന്മാരും സിപിഐയെ മുന്നണിയിലേയ്ക്ക് ക്ഷണിച്ചതാണ്. അന്ന് കോണ്‍ഗ്രസിന്റെ ചില ദൂതന്മാര്‍ സിപിഐയുമായി സംസാരിച്ചുവെന്ന  രീതിയില്‍ സ്ഥിരികരിക്കാത്ത വാര്‍ത്തകളും വന്നിരുന്നു. 

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തെയും ഭൂരിപക്ഷാധിപത്യത്തെയും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായുള്ള സഹകരണം അനിവാര്യമാണെന്നാണ് സിപിഐയുടെ പൊതുവെയുള്ള നിലപാട്. ദേശീയ തലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി യോജിച്ചു പ്രവര്‍ത്തിക്കുമെങ്കിലും, കോണ്‍ഗ്രസുമായി ഒരു സ്ഥിരം രാഷ്ട്രീയ സഖ്യത്തിന് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ സാധാരണയായി അനുമതി നല്‍കാറില്ല.  നിലവിലുള്ള സഹകരണവും ഐക്യവും തുടര്‍ന്നാല്‍ മതി എന്നാണ് സിപിഐയുടെ ഔദ്യോഗിക നയം. കേരള രാഷ്ട്രീയത്തിലെ വൈരുദ്ധ്യങ്ങള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തെയും 'ഇന്ത്യാ' മുന്നണി പോലുള്ള കൂട്ടായ്മകളെയും സിപിഐ അനുകൂലിക്കുമ്പോള്‍, കേരളത്തില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കേരളത്തില്‍ പരമ്പരാഗതമായി കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ പ്രധാന എതിരാളിയാണ് സിപിഐ ഉള്‍പ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി. അതിനാല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായുള്ള ഏതെങ്കിലും തരത്തിലുള്ള അനുരഞ്ജനത്തിനോ സഖ്യത്തിനോ സിപിഐ തയ്യാറായേക്കില്ല. എന്നാല്‍ ഇവിടെ സാഹചര്യങ്ങള്‍ മാറി മറയുന്ന സാഹചര്യത്തില്‍ സിപിഐ നിലപാട് മയപ്പെടുത്തിയേക്കാമെന്നും പറയാം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User