100 ദിവസത്തിൽ സതീശൻ ‘ഹീറോ’; പിണറായിക്ക് മുന്നിൽ പ്രതിസന്ധികളുടെ പെരുമഴ
100 ദിവസം പിന്നിടുമ്പോൾ വികസന-ക്ഷേമ പദ്ധതികളുമായി സതീശൻ സർക്കാർ മുന്നേറുമ്പോൾ പ്രതിപക്ഷമായ എൽഡിഎഫും പിണറായി വിജയനും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ.
പത്ത് വർഷങ്ങൾക്ക് ശേഷം അധികാരം നേടി യു ഡി എഫ് ഭരണപക്ഷത്തും അധികാരം നഷ്ടപ്പെട്ട് എൽ ഡി എഫ് പ്രതിപക്ഷത്തു
എത്തുകയും ചെയ്തിട്ട് ദിവസം 100 കഴിഞ്ഞിരിക്കുന്നു. ഒരു മാസം കൊണ്ടോ രണ്ടു മാസം കൊണ്ടോ വിലയിരുത്താൻ ആയിട്ടില്ല ഒരു സർക്കാരിനെ എന്ന് പറഞ്ഞ് കൊണ്ടിരുന്നവർ ആ പണി മതിയാക്കി. 100 ദിവസം കൊണ്ട് ഒരു സർക്കാരിനെയും പ്രതിപക്ഷത്തെയും വിലയിരുത്താം എന്നുള്ള കാഴ്ചപ്പാടിലേക്ക് എത്തിയിരിക്കുന്നു എല്ലാവരും. ഒരു മന്ത്രി പോലും ആകാതെ നേരെ മുഖ്യമന്ത്രി കസേരയിലെത്തിയ വി ഡി സതീശന് ആദ്യം തന്നെ ചുവട് പിഴക്കുമോ എന്നുള്ളതായിരുന്നു പ്രധാനമായും സിപിഎം നേതൃത്വം നോക്കി കൊണ്ടിരുന്നത്. അനുഭവ സമ്പത്തില്ലാത്ത മുഖ്യമന്ത്രി ഒരുവശത്തും മുൻ മുഖ്യമന്ത്രിയായും മന്ത്രിയായും പാർട്ടി സെക്രട്ടറിയായും
ഒക്കെ കഴിവ് തെളിയിച്ച ഒരാൾ പ്രതിപക്ഷത്തുമിരിക്കുമ്പോൾ അതോടൊപ്പം പാർട്ടിയിലെ വലിയൊരു വിഭാഗം സതീശന് എതിരായി നിൽക്കുന്ന സമയത്ത് എങ്ങനെയായിരിക്കും സതീശന്റെ ആദ്യ മാസങ്ങളിലെ ഭരണമെന്നു എല്ലാവരും ഉറ്റുനോക്കി. സതീശനെ പാടെ തളക്കാൻ പിണറായിയുടെ സംഘങ്ങൾക്കു കഴിയുമെന്ന് എല്ലാവരും കരുതി. എന്നാൽ ദിവസം 100 കഴിയുമ്പോഴേക്കും കണക്കു പുസ്തകം ഒന്നെടുത്തുനോക്കിയാൽ സതീശൻ കുതിക്കുകയും പിണറായി വിജയൻ രാജിയുടെ വക്കിൽ നിൽക്കുകയും ചെയ്യുകയാണ് . അനേകം വെല്ലുവിളികൾ അതിജീവിച്ചു തന്നെയാണ് സതീശൻ മുഖ്യമന്ത്രിയായത്. അതിനു ശേഷം അതിനേക്കാളും വലിയ വെല്ലുവിളിയായിരുന്നു കടബാധ്യതയിൽ മുങ്ങിയ സംസ്ഥാനത്തെ നയിക്കുക എന്നുള്ളത്. അതുകൊണ്ടു തന്നെ നൂറു ദിവസവും ഒപ്പം കേരളത്തിന്റെ മാർക്കിടാൻ കഴിയുന്ന സ്വന്തം ആഘോഷമായ ഓണവും ഒന്നിച്ചായതോടെ ജനങ്ങൾ സർക്കാരിനും പ്രതിപക്ഷത്തിനും മാർക്ക് നൽകിയിരിക്കുകയാണ്. ചരിത്രത്തിൽ ഇന്നേ വരെ ഒരു മുഖ്യമന്ത്രിക്കും കഴിയാത്ത രീതിയിലുള്ള ചില പ്രഖ്യാപനങ്ങൾ ആണ് സതീശൻ നടപ്പിലാക്കിയിരിക്കുന്നതു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രിയദർശിനി പദ്ധതി. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കിയതോടെ ദിവസവും 12 ലക്ഷത്തിലധികം സ്ത്രീകളാണ് സൗജന്യമായി യാത്ര ചെയ്യുന്നത്. അത് സതീശൻ സർക്കാരിനുണ്ടാക്കിയ മൈലേജ് ചെറുതല്ല. അതുപോലെ തന്നെയാണ് മിഷൻ സമുദ്ര. ചെറിയ സംസ്ഥാനമാണെങ്കിലും ഉള്ളത് മുഴുവൻ തീരദേശമായ സംസ്ഥാനമാണ് കേരളം. അതിനെ ഫലപ്രദമായി ഉപയോഗിക്കാൻ ഇതുവരെ അങ്ങനെ ഒരു സർക്കാരിനും കഴിഞ്ഞിട്ടില്ല. എന്നാൽ കേരളത്തിലെ തുറമുഖങ്ങളെയും സാമ്പത്തിക മേഖലകളെയും ബന്ധിപ്പിച്ച് പോർട്ട് അധിഷ്ഠിത സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്ന ഏറ്റവും വലിയ പദ്ധതി ആരംഭിച്ചു. ഇതിൽ തൊഴിലവസരങ്ങളും സാമ്പത്തിക ഉന്നമനവും കൊണ്ട് കേരളം ലോകത്തിനു തന്നെ മാതൃകയാകാൻ പോകുകയാണ്. അതുപോലെ ഏറ്റവും വലിയ വിജയം എന്ന് പറയുന്നത് ഒരു സംശയവുമില്ലാതെ പറയാം ഓപ്പറേഷൻ തൂഫാൻ തന്നെയാണ്. ലഹരിമരുന്ന് മാഫിയകൾക്കെതിരെ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കർശന നടപടികളും പരിശോധനകളും ശക്തിപ്പെടുത്തിയതോടെ വലിയ ഒരു ആപത്തിൽ നിന്നാണ് കേരളത്തെ ഈ സർക്കാർ രക്ഷിച്ചു കൊണ്ടിരിക്കുന്നത്. ഒട്ടു മിക്ക വീടുകളിലും ഇപ്പോൾ സന്തോഷം പുലർന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിന്റെ അംഗീകാരത്തോടെ ആഭ്യന്തര മന്ത്രി ചരിത്രത്തിൽ തന്നെ സ്ഥാനം പിടിക്കുകയാണ്.
ഇതുകൂടാതെ വിപണി ഇടപെടൽ അതുപോലെ ക്ഷേമപെൻഷൻ ഒക്കെ ഓണത്തെ ഗംഭീരമാക്കി. ഓണക്കാലത്ത് സപ്ലൈകോ വഴി അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കി വിലക്കയറ്റം നിയന്ത്രിക്കുകയും തക്കസമയത്ത് തന്നെ ക്ഷേമപെൻഷനുകൾ കൃത്യമായി
വിതരണം ചെയ്യുകയും ചെയ്തു. പിണറായി സർക്കാരിന്റെ കാലത്തു തെരുവിൽ കിടന്നുറങ്ങി സമരം ചെയ്തവർ ഓണം പോലും ഇല്ലാതിരുന്നവരാണ് ആശാവർക്കർമാർ. എന്നാൽ ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം വർധിപ്പിച്ചു.
വർഷങ്ങൾക്ക് ശേഷം അവരും ഓണം ആഘോഷിച്ചു. അതുപോലെ മെസ്സിയെ കൊണ്ടുവരാം എന്നും പറഞ്ഞ് കൊള്ളക്കാരുടെ കൂടെ ചേർന്ന് സർക്കാർ തന്നെ ജനങ്ങളെ പറ്റിച്ച ഒരു നാട്ടിൽ സതീശൻ സർക്കാർ തുടക്കമിട്ട വിദ്യാഭ്യാസ-കായിക പദ്ധതികൾ വിദ്യാർത്ഥികൾക്കും യുവാക്കളുക്കും വലിയ ആവേശമായി. 'മുകുളം', 'പ്രതിഭാ ശ്രീ' തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളും 'ഓപ്പറേഷൻ കളരി' കായിക പദ്ധതിയും പ്രഖ്യാപിച്ചു നടപ്പിലാക്കി വരികയാണ്.. സതീശന്റെ ഏറ്റവും പേര് കേട്ട ഭരണ ശൈലി എന്ന് പറഞ്ഞാൽ അത്
സുതാര്യമായ ഭരണശൈലി ആയിരുന്നു. സെക്രട്ടേറിയറ്റ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുകയും മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനങ്ങൾ പുനരാരംഭിക്കുകയും ഒക്കെ ചെയ്തു.

എന്നാൽ സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ടുന്ന പ്രതിപക്ഷമാണെങ്കിൽ നാണംകെട്ട് ഒരു ഭാഗത്ത് നിൽക്കുകയാണ്. പിണറായി വിജയൻ എന്ന പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ നടത്തിയ തട്ടിപ്പും വെട്ടിപ്പും മാത്രമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒരു മേഖലയും വെറുതെ വിട്ടില്ല. ചെയ്യാത്ത സേവനത്തിനു വരെ കൈക്കൂലി വാങ്ങുകയും വയനാട് ദുരന്തഭൂമിയിൽ വരെ കയ്യിട്ടു വാരികയും ചെയ്തിരിക്കുന്നു. പിണറായി വിജയന്റെയും കുടുംബത്തിന്റെ വീടുകളിൽ ഏതു സമയവും ഇ ഡി യും പോലീസുമെല്ലാം കയറി നിരങ്ങുകയാണ്. ഏതു സമയവും ചോദ്യം ചെയ്യലും അറസ്റ്റും ഒക്കെ നടക്കാൻ ആണ് സാധ്യത. അതോടെ പ്രതിപക്ഷ നേതാവ് എന്ന കസേരയിൽ പിണറായി വിജയൻ എത്ര ദിവസമുണ്ടാകുമെന്നും അറിയില്ല. സമരം ചെയ്യേണ്ടതും എതിർപ്പറിയിക്കേണ്ടതുമായ കാര്യങ്ങളിൽ പ്രതിപക്ഷം പരാജയപ്പെടുകയും പ്രതിപക്ഷ നേതാവിനെ ഏറ്റവും വലിയ തട്ടിപ്പുകാരനായി സംസ്ഥാനം കാണുകയും ചെയ്യുന്ന അപൂർവ സ്ഥിതി വിശേഷമാണ് കേരളത്തിൽ ഈ 100 ദിവസം നമ്മൾ കണ്ടത്. ഒരു പ്രതിപക്ഷ ഉപനേതാവിനെ വരെ നിശ്ചയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഏത് സമയവും തല്ലിപ്പിരിയാവുന്ന അവസ്ഥയിലാണ് സി പി എമ്മും സി പി ഐ യും . അങ്ങനെ ചുരുക്കിയ പറഞ്ഞാൽ ആദ്യ 100 ദിവസത്തിൽ സതീശൻ അടിച്ചു മിന്നിച്ചപ്പോൾ കസേരയിളകി നിൽക്കുകയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതിശക്തമായി മാറുന്ന സതീശൻന്റെ നേതൃത്വത്തിൽ ഭരണ പക്ഷം മുന്നേറുകയും എന്നാൽ ഭരണം നശിപ്പിച്ച അതെ പിണറായി തന്നെ പ്രതിപക്ഷത്തെയും നശിപ്പിക്കുകയും ചെയ്യുമെന്ന ഒറ്റക്കാര്യമാണ് ചുരുക്കത്തിൽ ഈ 100 ദിവസത്തിൽ തന്നെ വ്യക്തമായിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)