രാത്രിയിൽ വൈദ്യുതി ഉപയോഗിച്ചാൽ ബില്ല് കൂടും! KSEB ബില്ലിംഗ് രീതിയിൽ വൻ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും വർഷങ്ങളിൽ വൈദ്യുതി നിരക്കിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. 2027 ഏപ്രിൽ 1 മുതൽ 2032 മാർച്ച് 31 വരെയുള്ള അടുത്ത അഞ്ച് വർഷത്തേക്കുള്ള നിരക്ക് പരിഷ്കരണ കരട് മാർഗനിർദേശങ്ങൾ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാകും കെഎസ്ഇബി പുതിയ നിരക്ക് അപേക്ഷ തയാറാക്കുക.
പൊതുജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം അന്തിമ ഉത്തരവിറങ്ങുന്നതോടെ നിരക്ക് പരിഷ്കാരം പ്രാബല്യത്തിൽ വരും.
പ്രധാന മാറ്റങ്ങൾ:
ടൈം ഓഫ് ഡേ (ToD) മീറ്ററിംഗ് വ്യാപിപ്പിക്കും: പകൽ സമയത്ത് സോളാർ വൈദ്യുതി സുലഭമായതിനാൽ കുറഞ്ഞ നിരക്കും, രാത്രിയിലെ പീക്ക് (Peak) സമയങ്ങളിൽ ഉയർന്ന നിരക്കും ഈടാക്കുന്ന സംവിധാനം സാധാരണ ഉപഭോക്താക്കളിലേക്കും വ്യാപിപ്പിക്കും. നിലവിൽ പ്രതിമാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ രീതിയുള്ളത്.

പഴയ നഷ്ടം നികത്താൻ അധിക തുക: പുറത്തുനിന്ന് വൈദ്യുതി വാങ്ങിയ ഇനത്തിൽ 2024 വരെ കെഎസ്ഇബിക്കുണ്ടായ ഭീമമായ നഷ്ടം 2031-ഓടെ തിരിച്ചുപിടിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കും. 2027 മുതൽ ഇത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ തുടങ്ങുന്നതോടെ പ്രതിമാസ ബില്ലിൽ വർദ്ധനവുണ്ടാകും.
ഫിക്സഡ് ചാർജിൽ മാറ്റം: നിലവിലുള്ള സ്ലാബ് രീതിക്ക് പകരം മൊത്തം വൈദ്യുതി ഉപഭോഗം കണക്കാക്കിയാകും ഫിക്സഡ് ചാർജ് നിർണ്ണയിക്കുക.
മാസാമാസം ഇന്ധന സർച്ചാർജ്: ഇന്ധന സർച്ചാർജ് തുക മാസംതോറും കൃത്യമായി ഈടാക്കും.
സോളാർ ഉപഭോക്താക്കൾക്ക് ഇളവ്: ബാറ്ററി സ്റ്റോറേജ് സൗകര്യമുള്ള സോളാർ ഉപയോഗിക്കുന്നവർക്ക് രാത്രി പീക്ക് സമയങ്ങളിൽ നിരക്കിൽ ഇളവ് ലഭിക്കും.
അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ വൈദ്യുതി സംഭരണ പദ്ധതികൾ ശക്തിപ്പെടുത്താനും ദീർഘകാല കരാറുകൾക്ക് മുൻകൂറായി അനുമതി വാങ്ങാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
അഭിപ്രായം അറിയിക്കാം: കരട് നിർദേശങ്ങളിൽ പൊതുജനങ്ങൾക്കും സംഘടനകൾക്കും അടുത്ത മാസം 25 വരെ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാവുന്നതാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)