നേപ്പാളിൽ പ്രളയക്കെടുതി; 53 മലയാളികൾ കുടുങ്ങി, ആശങ്ക വേണ്ടെന്ന് നോർക്ക: കാസർകോട്, കോട്ടയം സംഘങ്ങൾ സുരക്ഷിതർ
നേപ്പാളിലെ വിവിധ മേഖലകളിലുണ്ടായ ശക്തമായ പ്രളയത്തിൽ കുട്ടികൾ ഉൾപ്പെടെ 53 മലയാളികൾ കുടുങ്ങിയതായി നോർക്ക റൂട്ട്‌സ്. ഇവരുമായി നേരിട്ട് ബന്ധപ്പെടാൻ നിലവിൽ സാധിച്ചിട്ടില്ലെങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോർക്ക അറിയിച്ചു. നേപ്പാളിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ ഏകോപിപ്പിച്ച് വരികയാണെന്നും നോർക്ക റൂട്ട്‌സ് സിഇഒ രാജേഷ് മാധവൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫിസും ചീഫ് സെക്രട്ടറിയുടെ ഓഫിസും വഴി നേപ്പാളിൽ കുടുങ്ങിയ മലയാളികളെ സംബന്ധിച്ച 17 സെറ്റ് വിവരങ്ങളാണ് നോർക്കയ്ക്ക് ലഭിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഈ വിവരങ്ങൾ ഏകീകരിച്ച് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുടുംബാംഗങ്ങളും മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 53 മലയാളികളെ തിരിച്ചറിഞ്ഞത്.
ഇവരുടെ ഫോൺ നമ്പറുകൾ നോർക്കയുടെ കൈവശമുണ്ടെങ്കിലും പ്രളയബാധിത മേഖലകളിലെ നെറ്റ്‌വർക്ക് തകരാറുകൾ കാരണം നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ഇവർ സുരക്ഷിതരാണെന്നാണ് കരുതുന്നതെന്ന് നോർക്ക അറിയിച്ചു.
അതേസമയം, കാസർകോട് കാഞ്ഞങ്ങാട് സ്വദേശികളായ 36 പേരടങ്ങുന്ന സംഘവും കോട്ടയം സ്വദേശികളായ 16 പേരടങ്ങുന്ന സംഘവും സുരക്ഷിതരാണെന്ന് നോർക്ക അറിയിച്ചു. നേപ്പാളിലെ മറ്റ് പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തിരുന്ന ഇവരുമായി നോർക്കയ്ക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ട്.
രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡൽഹിയിലെ നോർക്ക റൂട്ട്‌സ് ഡെവലപ്‌മെന്റ് ഓഫിസർ പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹം റെസിഡന്റ് കമ്മിഷണറുടെ ഓഫിസുമായി നിരന്തരം ബന്ധപ്പെടുകയും ലഭിക്കുന്ന വിവരങ്ങൾ ഇന്ത്യൻ എംബസിക്ക് കൈമാറുകയും ചെയ്യുന്നുണ്ട്.
നേപ്പാളിൽ കുടുങ്ങിയതായി കണ്ടെത്തിയ 53 പേരുടെ അവസാനമായി അറിയപ്പെട്ട സ്ഥലം കണ്ടെത്തുന്നതിനാണ് ഇപ്പോൾ പ്രധാന പരിഗണന നൽകുന്നതെന്ന് രാജേഷ് മാധവൻ പറഞ്ഞു. നോർക്കയെ സമീപിച്ച കുടുംബാംഗങ്ങളുമായി വീണ്ടും ബന്ധപ്പെട്ട് വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കുടുങ്ങിയവർ അവസാനമായി ബന്ധപ്പെടുന്നത് എപ്പോഴാണെന്നും അവർ ഏതെങ്കിലും പ്രത്യേക സ്ഥലത്തേക്ക് പോകുന്നതായി അറിയിച്ചിരുന്നോയെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. അവസാന ലൊക്കേഷൻ സ്ഥിരീകരിക്കാനായാൽ ഇവരുമായി നേരിട്ട് ബന്ധപ്പെടാനും കൂടുതൽ വ്യക്തമായ വിവരങ്ങൾ ശേഖരിക്കാനും കഴിയുമെന്നാണ് പ്രതീക്ഷയെന്നും രാജേഷ് മാധവൻ പറഞ്ഞു.
53 പേരെ തിരിച്ചറിഞ്ഞതിന് ശേഷം നേപ്പാളിൽ കുടുങ്ങിയ മലയാളികളെക്കുറിച്ച് പുതിയ ഫോൺകോളുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേപ്പാളിലെത്തിയ മലയാളികളിൽ ചിലർ ടൂർ ഗ്രൂപ്പുകളായും ചിലർ കുടുംബസമേതം അവധിയാഘോഷത്തിനായുമാണ് യാത്ര ചെയ്തതെന്ന് നോർക്ക അറിയിച്ചു. നേപ്പാളിലുള്ള മലയാളികളുടെ കൃത്യമായ ഔദ്യോഗിക ഡേറ്റാബേസ് നിലവിൽ ലഭ്യമല്ല. പലരും രജിസ്ട്രേഷൻ പുതുക്കുകയോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലാത്തതിനാൽ ഔദ്യോഗിക രേഖകൾ മാത്രം അടിസ്ഥാനമാക്കി കൃത്യമായ പട്ടിക തയ്യാറാക്കുന്നതിലും പരിമിതികളുണ്ടെന്ന് രാജേഷ് മാധവൻ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)